-->
പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഏക ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ 198 റണ്ണിന് ഓള്‍ഔട്ടായി.
മറുപടി ബാറ്റിങ് തുടങ്ങിയ ഓസീസ് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 96 റണ്ണെന്ന നിലയിലാണ്‌്. എലിസ പെറിയും (43) അനാബെല്‍ സതര്‍ലന്‍ഡുമാണ് (20) ക്രീസില്‍. ജോര്‍ജിയ വോള്‍ (രണ്ട്), ഫോബി ലിച്‌ഫീല്‍ഡ് (ഒന്‍പത്), അവസാന ടെസ്‌റ്റ് കളിക്കുന്ന നായിക അലീസ ഹീലി (13) എന്നിവരാണു പുറത്തായത്‌്. സായാലി സാത്‌ഘാരെ രണ്ട് വിക്കറ്റും ക്രാന്തി ഗൗഡ് ഒരു വിക്കറ്റുമെടുത്തു. ടോസ് നേടിയ അലീസ ഹീലി ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. 84 പന്തില്‍ 52 റണ്ണെടുത്ത ജെമീമ റോഡ്രിഗസ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഷഫാലി വര്‍മ (48 പന്തില്‍ 35), കാഷ്‌വീ ഗൗതം (54 പന്തില്‍ പുറത്താകാതെ 34) എന്നിവരുടെ പ്രകടനമാണു ടീം സ്‌കോര്‍ 190 ലെത്തിച്ചത്. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കായി അനാബെല്‍ സതര്‍ലന്‍ഡ് 46 റണ്‍ വഴങ്ങി നാല് വിക്കറ്റും ലൂസി ഹാമില്‍ട്ടന്‍ മൂന്ന് വിക്കറ്റും ഡാഴ്‌സി ബ്രൗണ്‍ രണ്ട് വിക്കറ്റും ആഷ്‌ലീഗ് ഗാഡ്‌നര്‍ ഒരു വിക്കറ്റുമെടുത്തു. ഇന്ത്യക്കായി ക്രാന്തി ഗൗഡും ഓസീസിനായി ലൂസി ഹാമില്‍ട്ടനും ടെസ്‌റ്റില്‍ അരങ്ങേറി.
വിടവാങ്ങല്‍ മത്സരം കളിക്കുന്ന അലീസ പിച്ചിലെത്തിയത് ഭര്‍ത്താവും ഓസ്‌ട്രേലിയന്‍ താരവുമായ മിച്ചല്‍ സ്‌റ്റാര്‍ക്കിനും അനന്തരവനുമൊപ്പമാണ്.
മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇയാന്‍ ഹീലി അലീസയുടെ അമ്മാവനാണ്. 35 വയസുകാരിയായ അലീസ വനിതാ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ മുന്‍നിരയിലാണ്. 10 ടെസ്‌റ്റുകളും 126 ഏകദിനങ്ങളും 162 ട്വന്റി20 കളും കളിച്ച ശേഷമാണു വിരമിക്കുന്നത്. 30.56 ശരാശരിയില്‍ 489 റണ്ണും രണ്ട് സ്‌റ്റമ്പിങ്ങുകളും 22 ക്യാച്ചുകളുമാണ് ടെസ്‌റ്റിലെ നേട്ടം. ഏകദിനത്തില്‍ 37.02 ശരാശരിയില്‍ എട്ട് സെഞ്ചുറികളും 19 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 3777 റണ്ണെടുത്തു. 38 സ്‌റ്റമ്പിങ്ങുകളും 85 ക്യാച്ചുകളും അലീസ കുറിച്ചു. ട്വന്റി20 യില്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്ത അലിസ 25.45 ശരാശരിയില്‍ 3054 റണ്ണെടുത്തു. 148 റണ്ണുമായി പുറത്താകാതെ നിന്നതാണ് ഉയര്‍ന്ന സ്‌കോര്‍. 17 അര്‍ധ സെഞ്ചുറികളും 63 സ്‌റ്റമ്പിങ്ങുകളും 65 ക്യാച്ചുകളും അലീസയുടെ പേരിലുണ്ട്.