-->
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍ ഒന്നാം സ്‌ഥാനത്തു തുടരുന്നു. ബ്രൈറ്റണ്‍ വാണ്ടറേഴ്‌സിനെതിരേ നടന്ന എവേ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്‌സണല്‍ ജയിച്ചത്.
ചെല്‍സി എവേ മത്സരത്തില്‍ 4-1 ന് ആസ്‌റ്റണ്‍ വില്ലയെയും വെസ്‌റ്റ് ഹാം യുണൈറ്റഡ് ഫുള്‍ഹാമിനെ 1-0 ത്തിനും തോല്‍പ്പിച്ചു. നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നോട്ടിങാം ഫോറസ്‌റ്റിനോട് 2-2 നു സമനില വഴങ്ങി. ന്യൂകാസില്‍ യുണൈറ്റഡ് മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ 2-1 നും തോല്‍പ്പിച്ചു. ബ്രൈറ്റണിന്റെ തട്ടകമായ അമേരിക്കന്‍ എക്‌സ്പ്രസ് കമ്യൂണിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബുകായോ സാകയാണ് ആഴ്‌സണലിനായി ഗോളടിച്ചത്. കളിയുടെ ഒന്‍പതാം മിനിറ്റില്‍ ജൂനിയര്‍ ടിംബറിന്റെ അസിസ്‌റ്റിലായിരുന്നു ഗോള്‍.
കളിയുടെ 59 ശതമാനം സമയത്തും പന്ത് ബ്രൈറ്റണ്‍ താരങ്ങളുടെ പക്കലായിരുന്നെങ്കിലും സമനില ഗോളടിക്കാന്‍ അവര്‍ക്കായില്ല. 30 കളികളില്‍നിന്ന് 67 പോയിന്റുമായാണ് ആഴ്‌സണല്‍ ഒന്നാം സ്‌ഥാനത്തു തുടരുന്നത്. 29 കളികളില്‍നിന്ന് 60 പോയിന്റുള്ള മാഞ്ചസ്‌റ്റര്‍ സിറ്റിയാണു രണ്ടാമത്. 29 കളികളിലായി 28 പോയിന്റുമായി 17-ാം സ്‌ഥാനത്തു തുടരുന്ന നോട്ടിങാമിനോടു സമനില വഴങ്ങിയതു സിറ്റിക്കു തിരിച്ചടിയായി. എതിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റിക്കായി 31-ാം മിനിറ്റില്‍ സെമെന്യോ ഗോളടിച്ചു. 62-ാം മിനിറ്റില്‍ റോഡ്രിയും സിറ്റിക്കായി വലു കുലുക്കി. ഗിബെ വൈറ്റ് 56-ാം മിനിറ്റിലും എറിക് ആന്‍ഡേഴ്‌സണ്‍ 76-ാം മിനിറ്റിലും നോട്ടിങാമിനായി ഗോളടിച്ചു.
കളിയുടെ 70 ശതമാനം സമയത്തും പന്ത് സിറ്റി താരങ്ങളുടെ പക്കലായിരുന്നു. വില്ലാ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ചെല്‍സിക്കായി ജോയ പെഡ്രോ ഹാട്രിക്ക് അടക്കം നാല് ഗോളുകളടിച്ചു. കോളെ പാല്‍മറാണ് ഒരു ഗോളടിച്ചത്. ഡേവിഡ് ലൂയിസ് രണ്ടാം മിനിറ്റില്‍ ഗോളടിച്ച് ആസ്‌റ്റണ്‍ വില്ലയെ മുന്നിലെത്തിച്ചിരുന്നു. സ്വന്തം തട്ടകമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തിലാണ് ന്യൂകാസില്‍ മാഞ്ചസ്‌റ്ററിനെ തോല്‍പ്പിച്ചത്. ന്യൂകാസിലിനായി ആഷ്‌ലെ ഗോര്‍ഡനും ഒസുലയും ഗോളടിച്ചു. കാസെമിറോയാണ് യുണൈറ്റഡിനായി ഗോളടിച്ചത്. 90-ാം മിനിറ്റില്‍ ഗോളടിച്ച ഒസുലയാണ് ന്യൂകാസിലിനെ ജയിപ്പിച്ചത്. റാംസെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ ന്യൂകാസില്‍ രണ്ടാം പകുതിയില്‍ പത്തു പേരുമായാണു കളിച്ചത്.