-->
മുംബൈ: ഇംഗ്ലണ്ടിനെ ഏഴ് റണ്ണിന് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റിന് 253 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 246 റണ്ണെടുത്തു. ഞായറാഴ്‌ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.
ശിവം ദുബെ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 30 റണ്‍. ആദ്യ പന്തില്‍ തന്നെ ജേക്കബ് ബെതല്‍ (48 പന്തില്‍ ഏഴ് സിക്‌സറും എട്ട് ഫോറുമടക്കം 105) റണ്ണൗട്ടായതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. ജോഫ്ര ആര്‍ച്ചര്‍ (നാല് പന്തില്‍ മൂന്ന് സിക്‌സറടക്കം 19), ജാമി ഓവര്‍ടണ്‍ (രണ്ട്) എന്നിവര്‍ ക്രീസില്‍ നില്‍ക്കേയാണ് ഇംഗ്ലണ്ട് പരാജയം സമ്മതിച്ചത്. ജേക്കബ് ബെതലിന്റെ സെഞ്ചുറി മത്സരം ആവേശകരമാക്കി. 20 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 35 റണ്ണെടുത്ത വില്‍ ജാക്‌സും മികച്ച ബാറ്റിങ് പുറത്തെടുത്തു.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ബ്രൂക് ഒരുക്കിയ സ്‌പിന്‍ കെണിയില്‍ അഭിഷേക് ശര്‍മ വീഴുന്നത് ഞെട്ടലോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. ഏഴ് പന്തുകള്‍ നേരിട്ട അഭിഷേക് (ഒന്‍പത്) വില്‍ ജാക്‌സിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി.
സഞ്‌ജുവും (42 പന്തില്‍ ഏഴ് സിക്‌സറും എട്ട് ഫോറുമടക്കം 89) മൂന്നാമനായിറങ്ങിയ ഇഷാന്‍ കിഷനും (18 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 39) ചേര്‍ന്നതോടെ റണ്ണൊഴുകി. കൂട്ടുകെട്ട് 25 പന്തില്‍ 50 കടന്നു. 26 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച സഞ്‌ജുവാണ് കൂടുതല്‍ ആക്രമിച്ചത്. ഇഷാനെ ലെഗ് സ്‌പിന്നര്‍ ആദില്‍ റഷീദ് ജാക്‌സിന്റെ കൈയിലെത്തിക്കുമ്പോള്‍ ടീം സ്‌കോര്‍ 117 കടന്നിരുന്നു. ഇംഗ്ലണ്ടിന്റെ പേരുകേട്ട ബൗളര്‍മാരെ സാക്ഷിനിര്‍ത്തിയാണു സഞ്‌ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ട് നടത്തിയത്. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ഇംഗ്ലീഷ് നായകന്‍ ഹാരി ബ്രൂക്ക് കൈവിട്ട ക്യാച്ചാണ് ഇന്ത്യന്‍ സ്‌കോറിന്റെ ഗതി മാറ്റിയത്.
ആറു പന്തില്‍ കേവലം 15 റണ്ണെടുത്തു നില്‍ക്കേ സഞ്‌ജുവിനെ കൈവിട്ടതിന്, ഇംഗ്ലണ്ട് നല്‍കേണ്ടി വന്നത് വലിയ വില. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പന്തില്‍ ഒരു ഏരിയല്‍ ഡ്രൈവിന് ശ്രമിച്ച സഞ്‌ജുവിന് പാളി. മിഡ് ഓണില്‍ നിന്നിരുന്ന ഹാരി ബ്രൂക്കിന്റെ കൈകളിലേക്ക് വന്ന പന്ത് പക്ഷേ, ഇംഗ്ലീഷ് നായകന് കൈപ്പിടിയിലൊതുക്കാനായില്ല. അവിടം മുതല്‍ സ്‌റ്റേഡിയം സഞ്‌ജുവിന്റെ വെടിയൊച്ചകള്‍ക്ക് സാക്ഷിയായി. പിന്നീട് നേരിട്ട ഓരോ പന്തിലും ആ ജീവന്റെ വില ആ ബാറ്റില്‍ നിന്ന് പിന്നീട് സിക്‌സായും ഫോറായും തുടര്‍ച്ചയായി പിറന്നു. ഒടുവില്‍ വെറും 42 പന്തില്‍നിന്ന് 89 റണ്‍സടിച്ച് സഞ്‌ജു മടങ്ങുമ്പോള്‍, ഇന്ത്യ വമ്പന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. മനോഹരമായ ടൈമിങ്ങും കരുത്തുറ്റ ഷോട്ടുകളും ഒത്തുചേര്‍ന്നപ്പോള്‍ സഞ്‌ജുവിന്റെ ഇന്നിങ്‌സ് സെമി ഫൈനലിന്റെ ആവേശം വാനോളമുയര്‍ത്തി. ഏറക്കുറേ അതിന്റെ തനിയാവര്‍ത്തനമായി. 14-ാം ഓവറിലെ ആദ്യ പന്തിലാണ് സഞ്‌ജു പുറത്തായത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ വില്‍ ജാക്‌സ് തന്ത്രപരമായാണ് കുടുക്കിയത്. ഓഫ് സ്‌റ്റമ്പിന് പുറത്തേക്ക് വൈഡായി എറിഞ്ഞ പന്തില്‍ ഒരു ഇന്‍സൈഡ്-ഔട്ട് ഡ്രൈവിനായി സഞ്‌ജു ശ്രമിച്ചു. പന്ത് ബാറ്റില്‍ കൃത്യമായി കൊള്ളാതെ ഡീപ്പ് കവറില്‍ ഫില്‍ സാള്‍ട്ടിന്റെ കൈകളില്‍ അവസാനിച്ചു.