Saturday, March 14, 2026 Last Updated 59 Min 39 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 05 Mar 2026 11.45 PM

ഉത്സവത്തിനിടെ അക്രമിസംഘം തല്ലിവീഴ്‌ത്തിയ യുവാവ്‌ മരിച്ചു

uploads/news/2026/03/828680/k8.jpg

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ അക്രമി സംഘത്തിന്റെ അടിയേറ്റ യുവാവ്‌ മരിച്ചു. കുന്നത്തൂര്‍ ഐവര്‍കാല കിഴക്ക്‌ കീച്ചപ്പള്ളില്‍ ക്ഷേത്രത്തിനു സമീപം സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകന്‍ ഹരികൃഷ്‌ണ(19)നാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്‌. അടൂര്‍ മണക്കാല ഗവ. പോളിടെക്‌നിക്‌ കോളജ്‌ വിദ്യാര്‍ഥിയായിരുന്നു.
ഹരികൃഷ്‌ണനെ ക്രൂരമായി ആക്രമിച്ച്‌ ഗുരുതരമായി പരുക്കേല്‍പിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മരുത്തടി കന്നിമേല്‍ച്ചേരി മരോട്ടിമൂട്ടില്‍ സുനില്‍കുമാര്‍(58), മരുത്തടി സന്തോഷ്‌ നിവാസില്‍ രതീഷ്‌(51) എന്നിവരെയാണ്‌ ശക്‌തികുളങ്ങര പോലീസ്‌ പിടികൂടിയത്‌.
മുഖ്യപ്രതികളായ രണ്ടു പേരെക്കൂടി ശക്‌തികുളങ്ങര പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. കൊല്ലം ശക്‌തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ഗുരുദേവ നഗര്‍96 ല്‍ വിമല്‍രാജ്‌ (48), കന്നിമേല്‍ചേരിയില്‍ ഐശ്വര്യ നഗര്‍118 വാറുര്‍ക്കാവിനു സമീപം പടന്നയില്‍ കിഴക്കതില്‍ വീട്ടില്‍ സനില്‍ കുമാര്‍ (52) എന്നിവരാണ്‌ ഒടുവില്‍ പിടിയിലായത്‌. പ്രതികളില്‍ ചിലര്‍ക്ക്‌ രാഷ്‌ട്രീയ ബന്ധമുണ്ടെന്നാണു സൂചന.
കഴിഞ്ഞ രണ്ടിനു പുലര്‍ച്ചെ മരുത്തടി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്‌ക്കിടെയായിരുന്നു സംഭവം. മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പു നേര്‍ച്ചയില്‍ പങ്കെടുക്കാനാണു ഹരികൃഷ്‌ണനും സഹോദരന്‍ ജയകൃഷ്‌ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയില്‍ എത്തിയത്‌. ഓട്ടോറിക്ഷയില്‍ ക്ഷേത്രത്തിലെത്തിയ ഇവര്‍ അമ്മുവിന്റെ കുഞ്ഞിനുള്ള ആഹാരം വാഹനത്തില്‍ മറന്നു വച്ചതിനാല്‍ ഇതെടുക്കാനായി തിരികെ ഓട്ടോറിക്ഷയുടെ അടുത്തേക്ക്‌ പോയി. ഭക്ഷണമെടുത്തശേഷം തിരികെ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും ഘോഷയാത്ര ആരംഭിച്ചിരുന്നു. തിരക്കില്‍പ്പെട്ടതോടെ സഹോദരന്മാര്‍ രണ്ടു ഭാഗത്തായിപ്പോയി.
തിരക്കിനിടയിലൂടെ വന്ന ഹരികൃഷ്‌ണനെ കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ ചോദ്യം ചെയ്‌തു. തുടര്‍ന്നു വാക്കേറ്റമുണ്ടായി. ബഹളം കേട്ടെത്തിയ ജയകൃഷ്‌ണന്‍ പ്രശ്‌നം ഒതുക്കിത്തീര്‍ത്തു ഹരികൃഷ്‌ണനെയും കൂട്ടി ബന്ധുക്കളുടെ സമീപത്തേക്കു പോയി. പിന്നാലെ വന്ന അക്രമി സംഘത്തിലെ ചിലര്‍ സഹോദരന്മാരെ ആഹാരം കഴിച്ചുവരാമെന്നു പറഞ്ഞു ക്ഷേത്രത്തിലെ സദ്യാലയത്തിനു സമീപത്തേക്കു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ജയകൃഷ്‌ണനെ സദ്യാലയത്തിന്‌ അകത്തേക്ക്‌ കൊണ്ടുപോയശേഷം ഹരികൃഷ്‌ണനെ പുറത്തുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. ഇതു ചോദ്യം ചെയ്‌തതോടെ ജയകൃഷ്‌ണനെയും മര്‍ദിച്ചു. സംഭവമറിഞ്ഞു ബന്ധുക്കളെത്തിയെങ്കിലും അപ്പോഴേക്കും ഹരികൃഷ്‌ണന്‍ അടി കൊണ്ടു നിലത്തു വീണിരുന്നു. അക്രമികളില്‍ ഒരാള്‍ തടിക്കഷ്‌ണംകൊണ്ടു തലയ്‌ക്കടിച്ചു. ഇതോടെ ഹരികൃഷ്‌ണന്റെ ബോധം നഷ്‌ടപ്പെട്ടു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ജയകൃഷ്‌ണനും മണക്കാല ഗവ. പോളിടെക്‌നിക്‌ കോളജ്‌ വിദ്യാര്‍ഥിയാണ്‌.

Ads by Google
Ads by Google
TRENDING NOW