Wednesday, March 11, 2026 Last Updated 9 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.44 PM

ഒടുവില്‍ ഖമനേയിയുടെ മരണത്തില്‍ അനുശോചിച്ച്‌ ഇന്ത്യ

uploads/news/2026/03/828648/in2.jpg

ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയുടെ വധത്തില്‍ അനുശോചനം അറിയിച്ച്‌ ഇന്ത്യ. ഇന്നലെ ന്യൂഡല്‍ഹിയിലെ ഇറാനിയന്‍ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ്‌ ഖമനേയിയുടെ മരണത്തില്‍ വ്യസനം അറിയിച്ചത്‌. അനുശോചന സന്ദേശം രേഖപ്പെടുത്താന്‍ എംബസിയില്‍ സൂക്ഷിച്ചിരുന്ന പുസ്‌തകത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ മിസ്രി കുറിപ്പ്‌ എഴുതി ഒപ്പിടുകയായിരുന്നു. ഇന്ത്യയിലെ ഇറാന്‍ സ്‌ഥാനപതി മുഹമ്മദ്‌ ഫത്താലിയുമായി ആശയവിനിമയം നടത്തുന്ന മിസ്രിയുടെ ചിത്രം വിദേശകാര്യ മന്ത്രാലയം പുറത്തുവിടുകയും ചെയ്‌തു.
പശ്‌ചിമേഷ്യയിലെ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കെ വിദേശകാര്യമന്ത്രി എസ്‌. ജയ്‌ശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി സയദ്‌ അബ്ബാസ്‌ അരാഗ്‌ചിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. എക്‌സിലെ കുറിപ്പില്‍ ജയ്‌ശങ്കറാണ്‌ ഇക്കാര്യം അറിയിച്ചത്‌.
ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗങ്ങള്‍ അവലംബിച്ചും പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണമെന്ന്‌ ഇന്ത്യ കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. പശ്‌ചിമേഷ്യയിലുള്ള ഒരുകോടിയോളം ഇന്ത്യക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം. വ്യാപാര-ഊര്‍ജ ചരക്കുനീക്കം സുഗമമാകണമെന്നും അല്ലാത്തപക്ഷം രാജ്യത്തിന്റെ സമ്പദ്‌രംഗത്തിന്‌ അതു കനത്ത ആഘാതമേല്‍പ്പിക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഖമനയിയുടെ വധത്തില്‍ മോദി സര്‍ക്കാര്‍ പ്രതികരിക്കാത്തതിനെതിരെ കോണ്‍ഗ്രസ്‌ ഉള്‍പ്പടെയുള്ള പ്രതിപക്ഷം നേരത്തേ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ്‌ നേതാവ്‌ ജയറാം രമേശ്‌ പറഞ്ഞത്‌. യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപാണ്‌ ഖമനയിയുടെ മരണം സമൂഹമാധ്യമമായ ട്രൂത്ത്‌ സോഷ്യലിലൂടെ ആദ്യം വെളിപ്പെടുത്തിയത്‌. ''ഏറ്റവും വലിയ ദുഷ്‌ടരില്‍ ഒരാളായ ഖമനയി മരിച്ചു. ഇറാനിലെ ജനങ്ങള്‍ക്ക്‌ മാത്രമല്ല, എല്ലാ അമേരിക്കക്കാര്‍ക്കും ഖമനയി കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്‌ത ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും ലഭിച്ച നീതിയാണിത്‌'' ഖമനയിയുടെ മരണവിവരം പ്രഖ്യാപിച്ചുകൊണ്ടു ട്രംപ്‌ കുറിച്ചു.

Ads by Google
Thursday 05 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW