-->
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ തീരത്തിനു സമീപം അമേരിക്കന്‍ ടോര്‍പിഡോ ആക്രമണത്തിനിരയായ ഇറാനിയന്‍ നാവികസേനാ കപ്പല്‍ ഐ.ആര്‍.ഐ.എസ്. ദേനയില്‍നിന്നു സഹായംതേടി സന്ദേശം ലഭിച്ചിരുന്നതായി നാവികസേന. ഇതിനോട് അനുകൂലമായി പ്രതികരിച്ച് രക്ഷാദൗത്യത്തിനായി കപ്പലുകളും ഹെലികോപ്‌ടറുകളും അയച്ചതായും സ്‌ഥിരീകരണം.
കഴിഞ്ഞ നാലിനു പുലര്‍ച്ചെയോടെ കൊളംബോയിലെ മാരിടൈം റെസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്ററിലേക്കാണ് ഫ്രിഗേറ്റ് ക്ലാസ് യുദ്ധക്കപ്പലായ ദേനയില്‍നിന്ന് സഹായം അഭ്യര്‍ഥിച്ച് സന്ദേശം ലഭിച്ചതെന്നു നാവികസേന പ്രസ്‌താവനയില്‍ അറിയിച്ചു. ഗാലെയ്‌ക്ക് 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തിലായിരുന്നു കപ്പല്‍. ശ്രീലങ്കയ്‌ക്ക് ഉത്തരവാദിത്തമുള്ള മേഖലയായിരുന്നു ഇവിടം. എങ്കിലും സന്ദേശം ലഭിച്ച് ഉടനടി നാവികസേന അനുകൂലമായി പ്രതികരിച്ചു. തെരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും ശ്രീലങ്കന്‍ അധികൃതരെ സഹായിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ദീര്‍ഘദൂര സമുദ്ര പട്രോളിങ് വിമാനം അയയ്‌ക്കുകയാണ് ആദ്യം ചെയ്‌തത്. ആവശ്യമെങ്കില്‍ അടിയന്തര സാഹചര്യം നേരിടാനായി രണ്ടാമതൊരു വിമാനം സജ്‌ജമാക്കി. ആക്രമണമേഖലയ്‌ക്കു സമീപമുണ്ടായിരുന്ന ഐ.എന്‍.എസ്. തരംഗിണിക്ക് സഹായസന്ദേശം കൈമാറി. കപ്പല്‍ അവിടേക്ക് എത്തിയെങ്കിലും അപ്പോഴേക്കും ശ്രീലങ്കന്‍ നാവികസേനയും ഇതര തെരച്ചില്‍ ഏജന്‍സികളും രക്ഷാദൗത്യം ആരംഭിച്ചിരുന്നു. പ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി കൊച്ചിയില്‍നിന്ന് ഐ.എന്‍.എസ്. ഇക്ഷാക് എന്ന നിരീക്ഷണക്കപ്പലും പുറപ്പെട്ടു. മുങ്ങിയ ഇറാന്‍ കപ്പലിലെ കാണാതായ നാവികര്‍ക്കായി തെരച്ചില്‍ നടത്തുന്ന മറ്റ് സംഘങ്ങള്‍ക്കൊപ്പം ഇക്ഷാക് ഇപ്പോഴും മേഖലയില്‍ തുടരുകയാണെന്നും നാവികസേന അറിയിച്ചു.
വിശാഖപട്ടണത്തു നടന്ന 'മിലന്‍ 2026' നാവിക അഭ്യാസത്തിനുശേഷം മടങ്ങിയ ഇറാന്റെ കപ്പലാണ് അമേരിക്കന്‍ ആക്രമണത്തില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന നൂറ്റെണ്‍പതോളം നാവികരില്‍ 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷിച്ചു. 87 പേരുടെ മരണം സ്‌ഥിരീകരിച്ചു. 'കടലില്‍ അരങ്ങേറിയ ക്രൂരത' എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി എക്‌സില്‍ കുറിച്ചത്. 'ഇന്ത്യന്‍ നാവികസേനയുടെ അതിഥി'യായ ദേനയെ മുന്നറിയിപ്പില്ലാതെ ആക്രമിക്കുകയായിരുന്നു. അത്തരമൊരു കീഴവഴക്കം സൃഷ്‌ടിച്ചതിലൂടെ അമേരിക്ക കഠിനമായി ഖേദിക്കുമെന്നും അരാഗ്‌ചി മുന്നറിയിപ്പു നല്‍കി.
ടോര്‍പ്പിഡോയിലൂടെ കരഗതമായ 'നിശബ്‌ദ മരണ'മെന്നാണ് ആക്രമണം സ്‌ഥിരീകരിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്‌തമാക്കിയത്.