-->
പട്‌ന: രണ്ടു പതിറ്റാണ്ടിലേറെ മുഖ്യമന്ത്രിയായി ബിഹാറിനെ നയിച്ച നിതീഷ് കുമാര്‍ ഒരിക്കല്‍ക്കൂടി പാര്‍ലമെന്റിലേക്ക്. 16 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭയുടെ ഇരുഘടകങ്ങളിലും ലോക്‌സഭയിലും അംഗമായിട്ടുള്ള നിതീഷിന് പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കുള്ള ആദ്യചുവടുവയ്‌പ്പാണിത്. പത്രികാസമര്‍പ്പണ വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാര്‍ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവരും നിതീഷിനൊപ്പമുണ്ടായിരുന്നു.
സംസ്‌ഥാന നിയമസഭയുടെയും പാര്‍ലമെന്റിന്റെയും ഇരുസഭകളിലും അംഗമായിത്തീരാന്‍ വളരെക്കാലമായി താന്‍ ആഗ്രഹച്ചിരുന്നതായി ഇന്നലെ രാവിലെ നിതീഷ് എക്‌സില്‍ കുറിച്ചിരുന്നു. അതോടൊപ്പം രാജ്യസഭയിലേക്കു മത്സരിക്കാനുള്ള തീരുമാനവും പ്രഖ്യാപിക്കുകയായിരുന്നു. നിയമസഭാംഗമായും ലോക്‌സഭാംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് രാജ്യസഭയില്‍ക്കുടി എത്തിയാലേ ഈ ആഗ്രഹം പൂര്‍ത്തിയാകൂ.
ബിഹാര്‍ രാഷ്‌ട്രീയത്തില്‍ ഒപ്പം യാത്ര ആരംഭിച്ച ലാലുപ്രസാദ് യാദവ്, സുശീല്‍ മോദി, റാം വിലാസ് പാസ്വാനും ശരദ് യാദവ് എന്നിവരെല്ലാം രാജ്യസഭയില്‍ ഒരു ടേം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, നിതീഷിന് ഇതിന് അവസരം ലഭിച്ചില്ല.
സംസ്‌ഥാന നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ എന്നിവയ്‌ക്കു പുറമേ ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്ന ലാലുവിന്റെയും സുശീല്‍ മോദിയുടെയും റെക്കോര്‍ഡിലേക്കെത്താന്‍ രാജ്യസഭയിലേക്കുള്ള മാറ്റം നിതീഷിനെയും സഹായിക്കും. നിയമനിര്‍മാണ സംവിധാനത്തിന്റെ ഭാഗമായ നാലു സഭകളിലും അംഗമാകുകയെന്നത് അപൂര്‍വ നേട്ടമാണ്.
അതേസമയം, നിതീഷ് കുമാര്‍ മാറുമ്പോള്‍ ആര് മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലി ബിഹാറില്‍ ചര്‍ച്ച സജീവമാണ്. ഭരണ മുന്നണി എന്‍.ഡി.എയിലെ വലിയ കക്ഷിയായ ബി.ജെ.പി മുഖ്യമന്ത്രി സ്‌ഥാനം ഏറ്റെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 243 അംഗ സഭയില്‍ ബി.ജെ.പിക്ക് 89 ഉം നിതീഷിന്റെ ജെ.ഡി.യുവിന് 85 ഉം അംഗങ്ങളുടെ പിന്തുണയാണുള്ളത്.
ബി.ജെ.പിക്കാരനായ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്‌ഥാന മന്ത്രി ദിലീപ് കുമാര്‍ ജയ്‌സ്വാള്‍ എന്നിവരുടെ പേരുകളാണ് രാഷ്‌ട്രീയവൃത്തങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ചൗധരി ബിഹാറിലെ ഏറ്റവും സ്വാധീനമുള്ള ബി.ജെ.പി നേതാക്കളില്‍ ഒരാളും സര്‍ക്കാരിലെ രണ്ടാമനുമാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് നിത്യാനന്ദ് റായ്.
ബിഹാറിലെ മുന്‍ ബി.ജെ.പി അധ്യക്ഷന്‍ കൂടിയായ അദ്ദേഹം മൂന്നുതവണ എം.പി. ആയിട്ടുണ്ട്. മുന്‍ എം.എല്‍.എയുമാണ്. മൂന്നുതവണ നിയമസഭാ കൗണ്‍സിലില്‍ അംഗവുമായിരുന്നു. ഇവരെക്കൂടാതെ നിയമസഭാംഗമായ സഞ്‌ജീവ് ചൗരസ്യയുടെ പേരും മുഖ്യമന്ത്രി സ്‌ഥാനത്തേക്കു പരിഗണനയിലുണ്ട്. എന്നാല്‍ അഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി, അപ്രതീക്ഷിതമായ മറ്റൊരു പേര് ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടു വരാനും സാധ്യതയുണ്ട്. അതേസമയം, നിതീഷിന്റെ മകന്‍ കിരണ്‍ കുമാര്‍ ജെ.ഡി.യുവിനെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.