-->
ജ്യോതിഷശാസ്‌ത്ര വിധിപ്രകാരം ശനിയുടെ നാഥനാണ് അയ്യപ്പന്‍. ശനി കോപിച്ചാല്‍ തൊട്ടതെല്ലാം പിഴയ്‌ക്കും;കുടുംബ കലഹവും വിധി. ശബരിമലയില്‍ പോലീസ് അകമ്പടിയോടെ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയതില്‍പിന്നെ സര്‍ക്കാരിനും അയ്യപ്പനാമത്തില്‍ തൊട്ടതെല്ലാം പിഴച്ചു. നവോത്ഥാന മതില്‍ കെട്ടി, ആചാരങ്ങള്‍ ഊതി കെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിട്ടും എങ്ങുമെത്താതെ, കച്ചയഴിച്ച് തലവഴി മൂടി പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്‌ഥയിലായി സര്‍ക്കാര്‍.
പ്രതിപക്ഷത്തിനാണെങ്കില്‍ യുവതി പ്രവേശനത്തില്‍ പിന്നെ, തെരഞ്ഞെടുപ്പെന്ന് കേട്ടാല്‍ മതി ശബരിമല തന്നെ അജന്‍ഡ. ഇത്തവണയുമില്ല മാറ്റമൊട്ടും. സ്വര്‍ണ കവര്‍ച്ചയില്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം അകത്തായ തന്ത്രിക്ക് വക്കാലത്തേല്‍ക്കാന്‍ പ്രതിപക്ഷ നിരയില്‍ ആരെന്ന മത്സരം. തന്ത്രിക്ക് സംരക്ഷണമൊരുക്കുന്നതില്‍ തുടങ്ങി, വിശ്വാസികളെങ്ങിനെ അവിശ്വാസിക്ക് വോട്ട് ചെയ്യുമെന്ന ചോദ്യവുമായി തെക്കു നിന്നെത്തിയ പ്രകാശ് ജാവ്‌ദേക്കര്‍ വരെ കളം നിറഞ്ഞ് കഴിഞ്ഞു.
ശനിയും അയ്യപ്പനും കോപ വിധിയുമെല്ലാം അന്ധവിശ്വാസമെന്നതില്‍ പാര്‍ട്ടി ഗ്രന്ഥത്തിനും സ്‌റ്റഡി ക്ലാസ് ആചാര്യന്‍മാര്‍ക്കും തര്‍ക്കമില്ലൊട്ടും. എന്നാലും യുവതി പ്രവേശനം പറഞ്ഞ് പ്രതിപക്ഷം രംഗത്തിറങ്ങുന്ന തെരഞ്ഞെടുപ്പുകളിലൊക്കെയും എട്ടു നിലയില്‍ പൊട്ടി തുടങ്ങിയതോടെ ആചാര്യ മനതാരിലും സന്ദേഹം. പഞ്ചലോഹ വിഗ്രഹത്തിന്റെ മാര്‍ക്കറ്റ് വില മാത്രം നോക്കി ധൂപവും ദീപവും കാട്ടുന്ന പോറ്റിമാര്‍ക്കൊപ്പം കൂടി ദേവസ്വം തട്ടിപ്പിന്റെ പുതുപാത തുറന്ന പത്മകുമാര്‍ മുതല്‍ പേരാണ്, അവിശ്വാസ കമ്യൂണിസ്‌റ്റ് മുഖങ്ങളെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് മുഖം മൂടി അനിവാര്യം. അതിനായാണ് കലുങ്കുഷ ചിന്തയില്‍ ആഗോള അയ്യപ്പ സംഗമ ദര്‍ശനം രൂപപ്പെട്ടതെന്ന ആശ്വാസത്തിലായിരുന്നു, സന്യാസം ഉള്ളില്‍ പേറുന്ന പിണറായിയിലെ ഗുരുസ്വാമി. കംപ്‌ളീറ്റ് ആക്‌ടറോട് മനം തുറക്കും മുന്നെ പമ്പയോരം സംഗമ ഭൂമിയായി.
പദ്ധതി എന്തെന്നല്ല;എത്ര അടിച്ചു മാറ്റാമെന്നതില്‍ മാത്രം കണക്കെടുക്കുന്ന കണക്കപിള്ളമാരായ ചിന്ന സ്വാമികള്‍ സംഗമത്തിന്റെ പേരില്‍ അടിച്ചു മാറ്റിയത് കോടികള്‍. ആളും ആരവവുമില്ലാതെ സംഗമം പൊളിഞ്ഞെന്ന് മാത്രമല്ല;മുക്കിയ കോടികളുടെ കണക്ക് പറഞ്ഞൊപ്പിക്കാന്‍ പറ്റാത്ത അവസ്‌ഥയിലായി സര്‍ക്കാര്‍. കഴുത്തിന് പിടിച്ച് നിര്‍ത്തി കോടതി ചോദിച്ച കണക്കിന്, അരിയെത്ര പയറഞ്ഞാഴി എന്ന കണക്കിന് മറുപടി...
അയ്യപ്പസംഗമത്തിന്റെ നടത്തിപ്പു കരാര്‍മുതല്‍ ചെലവിന്റെ കണക്കുവരെ തുടങ്ങി അടിമുടി പതഞ്ഞത് ദുരൂഹത മാത്രം. ഇടതനുകൂല സൊസൈറ്റിക്കു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ര്‌ടക്‌ചര്‍ ആന്‍ഡ് കണ്‍സ്‌ട്രക്‌ഷന് നല്‍കിയത് ടെന്‍ഡറില്ലാത്ത കരാര്‍. സ്വയംഭരണസ്‌ഥാപനമായ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കുന്ന രീതിയില്‍ അക്രഡിറ്റഡ് ഏജന്‍സിയെന്നപേരില്‍ ടെന്‍ഡറില്ലാതെ കരാര്‍ നല്‍കാനാകുമോയെന്ന ചോദ്യത്തിനുമില്ലുത്തരം.
താമസസൗകര്യത്തിന് 24.37 ലക്ഷമാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രശാന്തിന്റെ കണക്കിലെ ചെലവ്. അന്തിമകണക്കില്‍ ഇത് 37.25 ലക്ഷമായി. പങ്കെടുത്തവരുടെ എണ്ണത്തില്‍ തുടങ്ങി, ചെലവാക്കിയ തുകയില്‍വരെ പെരുപ്പിക്കലോട് പെരുപ്പിക്കല്‍...
കണക്കില്‍ നോട്ടമിട്ട് കോടതി സര്‍ക്കാരിന്റെ ചെവിക്ക് പിടുത്തമിട്ടതോടെ തട്ടികൂട്ടിയ കുറിപ്പടിയുമായി പറ്റിക്കല്‍ പരിപാടിയുടെ ആവര്‍ത്തനം. കണ്ണുരുട്ടി കോടതി വടിയെടുത്തതോടെ അത് ശരിയായ കണക്കല്ലെന്ന് പറഞ്ഞൊഴിയല്‍. പുതിയ കണക്കിന് ബില്ലൊപ്പിച്ച്, പോക്കറ്റിലാക്കിയ കോടികള്‍ വെളുപ്പിക്കാനുളള നെട്ടോട്ടമായി പിന്നെ. തെരഞ്ഞെടുപ്പടുത്തതോടെ പ്രതിപക്ഷം, കണക്കും തന്ത്രിയും യുവതി പ്രവേശനവും മാറി മാറി ചേര്‍ത്ത് രസക്കൂട്ട് വിളമ്പിതുടങ്ങിയതോടെ കൂട്ടിയ കണക്കെല്ലാം സര്‍ക്കാരിന് തെറ്റി. എത്ര കൂട്ടിയിട്ടും കണക്കങ്ങട് ശരിയാകാതെ വന്നതോടെ കോടതിതന്നെ കണക്കപ്പിള്ളയായി.
ഇതോടെ ആഗോള അയ്യപ്പ സംഗമത്തിലെ കണക്കെടുപ്പും പരിശോധനയും നിര്‍ത്തിവച്ചു നിന്ന നിലയില്‍ കിതപ്പടക്കാന്‍ പാടുപെടുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കണക്കുകള്‍ നേരിട്ട് പരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചതോടെ, ബില്ലുകളും കണക്കുകളും ഓഡിറ്റര്‍ക്ക് കൈമാറി. കണക്ക് കൈ വിട്ടു പോയതോടെ ഇനിയെന്തു സംഭവിക്കുമെന്ന് കണ്ടറിയേണ്ട അവസ്‌ഥയിലാണ് സര്‍ക്കാര്‍.
ജിനേഷ് പൂനത്ത്