-->
സി.പി.ഐയിലെ ദളിത് മുഖമായിരുന്നു കെ. അജിത്ത്. വൈക്കം എം.എല്‍.എയെന്ന നിലയില്‍ പ്രവര്‍ത്തിച്ച രണ്ടു ടേമിലും വികസനമുന്നേറ്റത്തിന്റെ കൊടിക്കൂറയേന്തിയ നിശ്‌ചയദാര്‍ഢ്യം. കെ.പി.എം.എസ് നേതാവും മുന്‍ എം.എല്‍.എയുമായ എം.കെ. കേശവന്റെ മകന്‍. ദളിത് വികസനരാഷ്‌ട്രീയത്തിന് കമ്യൂണിസ്‌റ്റ് പാര്‍ട്ടികളില്‍ ഇടമില്ലാതായെന്ന തിരിച്ചറിവില്‍ ബി.ജെ.പിയില്‍ ചേര്‍ന്നായി പ്രവര്‍ത്തനം. സമീപകാല രാഷ്‌ട്രീയത്തെ അജിത് വിലയിരുത്തുന്നു.
ദളിത് രാഷ്‌ട്രീയത്തിന്റെ പശ്‌ചാത്തലത്തില്‍ മാറിയ കേരളീയ സാഹചര്യം എങ്ങിനെ വിലയിരുത്തുന്നു?
ദളിത് സംരക്ഷകരെന്നൊക്കെ കാലാകാലങ്ങളായി മേനിനടിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്ക് അധികാരത്തിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമായിരുന്നു അടിസ്‌ഥാന വര്‍ഗങ്ങളെന്ന തിരിച്ചറിവ് ഏറെ വേദനിപ്പിക്കുന്നതാണ്. അതേസമയം ഭാരതീയ ദേശീയധാരയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക അടയാളപ്പെടുത്തലുകളെ കോര്‍ത്തിണക്കിയ നൂലായ ഹിന്ദുത്വയെന്ന ചിന്താപദ്ധതിയിലൂടെ ദളിത് വിഭാഗങ്ങളെയടക്കം ബി.ജെ.പി ചേര്‍ത്തുനിര്‍ത്തുന്നു. ദളിത് സംവരണ മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളായി നിര്‍ത്താന്‍ മാത്രമാണ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്ക് ദളിത് മുഖങ്ങള്‍. ജനറല്‍ സീറ്റുകളില്‍ ഏതെങ്കിലുമൊരു ദളിതനെ മത്സരിപ്പിക്കാന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ തയാറായിട്ടുണ്ടോ? ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം പാലിക്കാതിരിക്കാന്‍ പറ്റാത്തതുകൊണ്ടു മാത്രമാണ് കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ ദളിതനെ സ്‌ഥാനാര്‍ഥിയാക്കുന്നത്.
എന്നാല്‍ ബി.ജെ.പി. അങ്ങനെയല്ല. രാഷ്‌ട്രപതി സ്‌ഥാനത്തു വരെ ദളിത് വിഭാഗത്തില്‍പെട്ട നേതാവിനെ നേതൃത്വം സ്വമേധയാ അവരോധിച്ചു. ആദ്യമായി ഒരു ദളിത് ദേശീയ പ്രസിഡന്റുണ്ടായത് ബി.ജെ.പിയിലാണ്. രാജ്യത്തെ പല മണ്ഡലങ്ങളും പരിഗണിച്ചാല്‍ ജനറല്‍ സീറ്റുകളില്‍ ദളിത് വിഭാഗങ്ങളെ സ്‌ഥാനാര്‍ഥികളാക്കുന്ന പാര്‍ട്ടി ബി.ജെ.പിയാണ്. കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്ക് ദേശീയ തലത്തിലോ സംസ്‌ഥാന തലത്തിലോ ഇത്തരമൊരു അവകാശവാദം ഉന്നയിക്കാന്‍ സാധിക്കുമോ? സി.പി.ഐ സമീപകാലത്ത് സംസ്‌ഥാന സെക്രട്ടേറിയറ്റിനു രൂപം നല്‍കി. കെ. രാജന്‍ അടക്കമുള്ളവര്‍ കയറിപ്പറ്റി. എന്നാല്‍ എന്‍. രാജനെപ്പോലെ അനുഭവസമ്പത്തുള്ള ദളിത് നേതാക്കളുണ്ടായിട്ടും പരിഗണിക്കപ്പെട്ടില്ല. കെ.എസ്.ഇ.ബിയില്‍ മികച്ച തസ്‌തികയിലിരിക്കെയാണ് എന്‍. രാജനെ ജോലി രാജിവയ്‌പ്പിച്ച് പാര്‍ട്ടി നേതൃതലത്തില്‍ നിയോഗിച്ചത്. എന്നാല്‍ സംവരണ സീറ്റില്‍ മത്സരിക്കാന്‍ എണ്ണമൊപ്പിക്കുന്നതിനപ്പുറത്തേക്ക് യാതൊരു പരിഗണനയും പാര്‍ട്ടി അദ്ദേഹത്തിനും നല്‍കിയില്ല. ഇതെല്ലാം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ അടിസ്‌ഥാന വര്‍ഗങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സവര്‍ണ നേതൃത്വത്തിന് ഉയരങ്ങളിലേക്കു കുതിക്കാനുള്ള ചവിട്ടുപടി മാത്രമായി മാറാന്‍ ഇനിയേതായാലും നിന്നുകൊടുക്കാന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ ദളിത് സമൂഹം തയാറല്ല.
അപ്പോഴും കെ.പി.എം.എസ്. പോലെയുള്ള സംഘടനകള്‍ ഇടതുപക്ഷത്തോടു ചേര്‍ന്നുനില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കും?
കെ.പി.എം.എസ്. നേതൃത്വത്തിലുള്ളവര്‍ ചിലര്‍ മാത്രമാണ് ഇപ്പോഴും കമ്യൂണിസ്‌റ്റ് പ്രേമം നടിക്കുന്നത്. അതിനു പിന്നില്‍ വ്യക്‌തിതാല്‍പര്യം അടക്കമുള്ള കാര്യങ്ങളുണ്ടാകാം. അണികളില്‍ വലിയൊരു വിഭാഗം ബി.ജെ.പിയോടു ചേര്‍ന്നുനില്‍ക്കുന്നവരാണ്. ഒ.ബി.സി-ദളിത് വിഭാഗങ്ങള്‍ ദേശീയ തലത്തില്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്ന രാഷ്‌ട്രീയ സാഹചര്യം കേരളത്തിലും പ്രകടമായി തുടങ്ങിയെന്ന് സൂക്ഷ്‌മരാഷ്‌ട്രീയ വിശകലനത്തില്‍ വ്യക്‌തമാകും.
കെ.പി.എം.എസിന് കക്ഷിരാഷ്‌ട്രീയമില്ല. കോട്ടയത്ത് കെ.പി.എം.എസ്. കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് എന്റെ പിതാവാണ്. എന്റെ കുട്ടിക്കാലത്ത് വീടായിരുന്നു കെ.പി.എം. എസിന്റെ ആസ്‌ഥാനം. പത്തുപതിനഞ്ച് വര്‍ഷം ഇങ്ങനെ തുടര്‍ന്ന ശേഷമാണ് പുതിയ ഓഫീസ് മന്ദിരമൊക്കെ നിര്‍മിക്കാന്‍ സാധിച്ചത്. കെ.പി.എം.എസ് സംസ്‌ഥാന പ്രസിഡന്റ് പുന്നല ശ്രീകുമാര്‍ സി.പി.ഐക്കാരനാണ്. അതുകൊണ്ടാണ് സംഘടനയെ കമ്യൂണിസ്‌റ്റ് ചേരിയിലെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നത്. ഇനി അതൊന്നും വിലപ്പോകില്ല. ബി.ജെ.പിയാണ് യഥാര്‍ത്ഥ ദളിത് സംരക്ഷകരെന്നു സംഘടനയിലെ അംഗങ്ങളടക്കം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇടത്-വലത് മുന്നണികള്‍ പ്രതിലോമ രാഷ്‌ട്രീയത്തെ മുന്നോട്ടുവയ്‌ക്കുമ്പോള്‍ യഥാര്‍ത്ഥ വികസനത്തെ അഡ്രസ് ചെയ്യുന്നത് ബി.ജെ.പി മാത്രമാണ്.
ബി.ജെ.പിയുടെ വികസന രാഷ്‌ട്രീയത്തിലെ സവിശേഷത?
നോക്കൂ, ഏതെങ്കിലുമൊരു മണ്ഡലത്തിലെ വികസനമല്ല, സംസ്‌ഥാനത്തിന്റെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന വിധത്തില്‍ സമഗ്രതയോടും ആധികാരികതയോടും കൂടിയ പഠനങ്ങളും റിപ്പോര്‍ട്ടുകളുമാണ് ബി.ജെ.പി. നേതൃത്വം തയാറാക്കുന്നത്. സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തികച്ചും പ്ര?ഫഷണലിസത്തോടെയാണ് ഇതിനായി പദ്ധതി തയാറാക്കിയത്. ഓരോ മണ്ഡലത്തിനും അനുയോജ്യമായ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കണ്ടെത്തി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലടക്കം ഇത്തരത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ അദാലത്തിനും വികസന സംഗമത്തിനും അഭൂതപൂര്‍വമായ ജനപിന്തുണയാണു ലഭിച്ചത്. ജനനന്മ മറന്ന് കേവലം രാഷ്‌ട്രീയതാല്‍പര്യം മാത്രം ഉയര്‍ത്തിപ്പിടിച്ച് സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കാതെ മാറ്റിനിര്‍ത്തിയ എത്രയോ കേന്ദ്രാവിഷ്‌കൃത പദ്ധതികളുണ്ട്. അവയെല്ലാം ഓരോ മണ്ഡലത്തിലും നടപ്പാക്കാനുള്ള സാധ്യതകളാണ് റിപ്പോര്‍ട്ടിലൂടെ തേടുന്നത്. അതുകൊണ്ടാണ് ബി.ജെ.പി ജയിച്ചാല്‍ മാറാത്തതും മാറുമെന്ന ടാഗ്‌ലൈന്‍ അവതരിപ്പിച്ചത്. കേരളത്തെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുപോരുന്നത്. സംസ്‌ഥാന സര്‍ക്കാര്‍ നേട്ടമായി അവകാശപ്പെടുന്ന പദ്ധതികളിലെല്ലാം തന്നെ കേന്ദ്രത്തിന്റെ ഈ കരുതലും അടയാളപ്പെടുത്തലുമുണ്ട്. കേന്ദ്രത്തിന് അംഗീകാരം ലഭിക്കാതിരിക്കാന്‍ വേണ്ടി, കേവലം രാഷ്‌ട്രീയതാല്‍പര്യം മുന്‍നിര്‍ത്തി പിണറായി സര്‍ക്കാര്‍ പലതും പേരുമാറ്റി നടപ്പാക്കി ക്രെഡിറ്റ് അടിച്ചുമാറ്റിയെന്നു മാത്രം.
ബി.ജെ.പിയിലുള്ള പ്രതീക്ഷ?
അത് വ്യക്‌തിപരമായ നേട്ടമല്ല. ഈ രാജ്യത്തെ, സംസ്‌ഥാനത്തെ യുവജനങ്ങളും വികസനം ആഗ്രഹിക്കുന്നവരും ബി.ജെ.പി ഭരണത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നതുപോലെ ഞാനും ആഗ്രഹിച്ചു. അതുകൊണ്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. അധികാര മോഹത്താലായിരുന്നു മാറ്റമെങ്കില്‍ മുഖ്യ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിലോ മറ്റോ ചേര്‍ന്നേനെ.
കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ പുതുതലമുറ ബി.ജെ.പിയില്‍ ആകൃഷ്‌ടരായിക്കഴിഞ്ഞു. പഴയകാല പാര്‍ട്ടിയെ ഓര്‍ത്ത് കഴിയുന്ന അറുപതും എഴുപതും വയസായവര്‍ മാത്രം അവശേഷിക്കുന്ന പാര്‍ട്ടിയായി കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ വിഭാഗീയത മാത്രമായി കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ മുഖ്യ അജന്‍ഡ. യുവജനങ്ങള്‍ക്ക് താല്‍പ്പര്യം കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ ഭരണത്തിലിരുന്നു നടപ്പാക്കുന്ന വിഭാഗീയ നയപരിപാടികളിലല്ല, ബി.ജെ.പി.യുടെ പ്രഫഷണല്‍ വികസന പരിപാടികളിലാണ്.
ഓരോ മണ്ഡലത്തെക്കുറിച്ചും ഇത്തരത്തില്‍ വ്യക്‌തമായ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് തയാറാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന മറ്റേത് പാര്‍ട്ടിയുണ്ട് കേരളത്തില്‍? വൈക്കത്തെ സമഗ്ര വികസനം കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ എങ്ങനെ സാധ്യമാക്കാമെന്നു പഠിച്ച് തയാറാക്കിയ മാസ്‌റ്റര്‍ പ്ലാന്‍ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുമ്പോള്‍ കൈമാറും. ബി.ജെ.പിയില്‍ എല്ലാവര്‍ക്കും അംഗീകാരവും അവസരവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന നേതൃത്വമുണ്ടെന്നതാണ് വലിയ പ്രത്യേകത.
സി.പി.ഐയില്‍ അംഗീകാരം ലഭിച്ചില്ലെന്നാണോ?
അത് എന്റെ മാത്രം പ്രശ്‌നമല്ല. നേരത്തെ വ്യക്‌തമാക്കിയതുപോലെ സംവരണ സീറ്റില്‍ നിര്‍ത്തി ജനപ്രതിനിധിയാക്കി, കറിവേപ്പില പോലെ ചവച്ചുതുപ്പി കളയുന്ന പ്രവണതയാണ് ഞാനടക്കമുള്ള ദളിത് പ്രവര്‍ത്തകരോടു നേതാക്കളോടും നേതൃത്വം പുലര്‍ത്തുന്നത്.
ഒരുതവണ ജയിച്ചപ്പോഴേക്കും പി. പ്രസാദും ജി.ആര്‍. അനിലും ചിഞ്ചുറാണിയുമൊക്കെ മന്ത്രിയായി. സംവരണ സീറ്റില്‍ ജയിച്ചവര്‍ക്ക് മന്ത്രിമാരാകാന്‍ അവകാശമില്ല, എം.എല്‍.എ.യായി തൃപ്‌തിപ്പെടണം. എനിക്കുശേഷം വൈക്കത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന സി.കെ. ആശയ്‌ക്ക് മത്സരിക്കാന്‍ ഒരു സംവരണ മണ്‌ഡലംതന്നെ വേണ്ടിവന്നു. ഒല്ലൂരില്‍ രാജന് മൂന്നാമൂഴവും നല്‍കുമ്പോള്‍ ആശയ്‌ക്ക് ഇനി അവസരം നല്‍കേണ്ടെന്നാണ് വൈക്കത്തെ പാര്‍ട്ടിനേതൃത്വത്തിന്റെ തീരുമാനം. ഇതെന്ത് നീതിയാണ്?
തൃശൂര്‍ നാട്ടികയില്‍ വിജയിച്ച സി.സി. മുകുന്ദനെ എത്രമാത്രം ക്രൂരമായാണ് നേതൃത്വം വേട്ടയാടിയത്. കയറിക്കിടക്കാന്‍ ആകെയുള്ളത് ചോര്‍ന്നൊലിക്കുന്ന കൂരയാണെന്നത് വാര്‍ത്തകളില്‍ വന്നതല്ലേ? മുകുന്ദനെ കഴിഞ്ഞ ജില്ലാസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയില്‍നിന്നു പോലും ഒഴിവാക്കി. അതേപോലെ അതേ ജില്ലയില്‍ എം.എല്‍.എ.യായ കെ. രാജനെ സംസ്‌ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയര്‍ത്തി. ദളിതനായതുകൊണ്ടു മാത്രം ആട്ടും തുപ്പുമേറ്റു കഴിയണമെന്ന മലീമസ മനസ്‌ഥിതിയാണ് കമ്യൂണിസ്‌റ്റ് നേതൃത്വങ്ങള്‍ക്കുള്ളത്. ദളിതന്റെ അവകാശങ്ങളെയും സംസ്‌കാരത്തെയും വിശ്വാസപ്രമാണങ്ങളേയും ചവിട്ടിയരച്ചാണ് കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ കടന്നുപോകുന്നത്. ദേശീയ ഹിന്ദുത്വ സാംസ്‌കാരിക ധാരയില്‍ അണിചേരുമ്പോഴാണ് ദളിത് സ്വത്വം അംഗീകരിക്കപ്പെടുക. ഇതിനെ നിരാകരിക്കാനുള്ള ചില തീവ്ര മതശക്‌തികളുടെ ഇടപെടലിനു വളംവച്ചു കൊടുക്കുന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചു പോരുന്നത്.
വിശ്വാസവിഷയത്തില്‍ ശബരിമല തെരഞ്ഞെടുപ്പിനെ എങ്ങിനെ സ്വാധീനിക്കും?
നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ അംഗീകരിച്ചും ആചാരാനുഷ്‌ഠാനങ്ങള്‍ അനുവദിച്ചും തന്നെയാണ് ഭരണകൂടങ്ങള്‍ മുന്നോട്ടുപോകേണ്ടത്. എന്നാല്‍ ശബരിമല വിഷയത്തില്‍ പ്രതികാര നടപടിയെന്നോണമാണ് സര്‍ക്കാര്‍ വിശ്വാസികളോട് ഇടപെട്ടത്. വിശ്വാസമില്ലെങ്കില്‍ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍നിന്ന് മാറി നില്‍ക്കണം. തലയില്‍ മുണ്ടിട്ട് ക്ഷേത്രങ്ങളില്‍ പോകുകയും മൈക്ക് കെട്ടി വിശ്വാസങ്ങള്‍ക്കെതിരേ പ്രസംഗിക്കുകയും ചെയ്യുന്ന കമ്യൂണിസ്‌റ്റ് കാപട്യം ഇനിയും വിലപ്പോകില്ല. സി.പി.ഐയില്‍ അംഗമായിരിക്കെത്തന്നെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായപ്പോഴും തികച്ചും വിശ്വാസപരമായ സമീപനത്തോടെയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ അക്കാലത്തും രഹസ്യമായെത്തി തൊഴുതു മടങ്ങിയ എത്രയോ കമ്യൂണിസ്‌റ്റ് നേതാക്കള്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ എന്റെ സഹായം തേടിയിട്ടുണ്ട്.
എന്നാല്‍ ബി.ജെ.പിയില്‍ അത്തരമൊരു കാപട്യമില്ല. ഏതു മതക്കാര്‍ക്കും അവരവരുടെ വിശ്വാസത്തോടെ തന്നെ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാം. എ.പി. അബ്‌ദുള്ള കുട്ടിയും ജോര്‍ജ് കുര്യനും ഉള്‍പ്പെടെ വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ അണിനിരക്കുന്ന അതിശക്‌ത നേതൃനിരയാണ് ബി.ജെ.പിയുടേത്. ജാതീയ വിവേചനമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ആര്‍.എസ്.എസിന്റെ ശാഖാപദ്ധതി. വിശ്വാസപരമായ കാപട്യത്താലാണ് സ്വര്‍ണപ്പാളികള്‍ ഉള്‍പ്പെടെയുള്ള ക്ഷേത്ര സ്വത്തുക്കള്‍ കവര്‍ന്ന കേസുകളില്‍ കമ്യൂണിസ്‌റ്റ് നേതാക്കള്‍ ഉള്‍പ്പെടുന്നതും യാതൊരു ഉളുപ്പുമില്ലാതെ നേതൃത്വം അത്തരക്കാരെ സംരക്ഷിക്കുന്നതും. ആഗോള അയ്യപ്പസംഗമം പോലും കവര്‍ച്ചയ്‌ക്കുള്ള വേദിയാക്കി മാറ്റിയില്ലേ? ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് വിശ്വാസമൂഹം പ്രതീക്ഷയോടെ ബി.ജെ.പിയില്‍ അണിചേരുന്നത്.
ജിനേഷ് പൂനത്ത്