-->
കഴിഞ്ഞ മാസമാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം രാജ്യത്തിന്റെ ആദ്യത്തെ ഔദ്യോഗിക 'ദേശീയ ഭീകരവിരുദ്ധ നയവും തന്ത്രവും' പുറത്തിറക്കിയത്. 'പ്രഹാര്‍' എന്നു പേരിട്ടിരിക്കുന്ന ഈ സുപ്രധാന രേഖ, ഭീകരാക്രമണങ്ങള്‍ നടന്നതിനുശേഷം പ്രതികരിക്കുന്ന പഴയ ശൈലിയില്‍നിന്നുള്ള ഇന്ത്യയുടെ സുപ്രധാനമായ മാറ്റമാണു കുറിക്കുന്നത്. ചിതറിക്കിടക്കുന്ന സുരക്ഷാ സംവിധാനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ഏകീകൃതമായ ഒരു പ്രവര്‍ത്തനരേഖയാണിത്.
ഏതാണ്ട് മൂന്നരപ്പതിറ്റാണ്ടായി ഇന്ത്യ ഭീകരവാദത്തിന്റെ ഭീഷണി നേരിടുന്നുണ്ട്. അഫ്‌ഗാനിസ്‌ഥാനില്‍ സോവിയറ്റ് യൂണിയനെതിരേ 'മുജാഹിദ്ദീന്‍' ആക്രമണങ്ങള്‍ വിജയിച്ചതോടെ, അതേ തന്ത്രം ഇന്ത്യക്കെതിരേയും പ്രയോഗിക്കാന്‍ പാകിസ്‌താന്‍ തീരുമാനിച്ച കാലം മുതല്‍ക്കാണിത്. ജമ്മു കശ്‌മീരിലെ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം മുതല്‍ ഇടതുപക്ഷ തീവ്രവാദവും അല്‍ക്വയ്‌ദ, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയ രാജ്യാന്തര ഭീകര ശൃംഖലകളും വരെ നീളുന്ന ഇന്ത്യയുടെ അനുഭവങ്ങള്‍ ലോകത്തെ മറ്റൊരു ജനാധിപത്യ രാജ്യത്തിനും ഉണ്ടായിട്ടുണ്ടാകില്ല.
മുന്‍കാലങ്ങളില്‍, ഭീകരവാദത്തെ ഇന്ത്യ നേരിട്ടിരുന്നത് പ്രാദേശികമായ സൈനിക നീക്കങ്ങളിലൂടെയും 'യു.എ.പി.എ' പോലുള്ള പ്രത്യേക നിയമങ്ങളിലൂടെയുമായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ മുതല്‍ സംസ്‌ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ (എ.ടി.എസ്) വരെയുള്ള ഏജന്‍സികള്‍ പലപ്പോഴും പരസ്‌പര ബന്ധമില്ലാത്ത തുരുത്തുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്. മിക്കപ്പോഴും ഒരു ആക്രമണം നടന്നതിനു ശേഷമാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. 'ഭീകരവാദത്തോടു വിട്ടുവീഴ്‌ചയില്ല' എന്ന കേവല വാചകമടിക്കപ്പുറം, സുരക്ഷാ ഏജന്‍സികള്‍ക്കിടയില്‍ ഏകോപിതമായ ഒരു കവചം അന്നു നിലവിലുണ്ടായിരുന്നില്ല.
പരസ്‌പര ബന്ധമില്ലാത്ത ഈ രീതിക്കു പകരം, ഇന്ത്യയുടെ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ക്കിടയില്‍ ഏകോപനം ഉറപ്പാക്കുന്ന സമഗ്രമായ ഒരു സിദ്ധാന്തമാണ് 'പ്രഹാര്‍' മുന്നോട്ടുവയ്‌ക്കുന്നത്. ഒരു വിദേശ നിരീക്ഷകന് ഇതു വെറുമൊരു ഭരണപരമായ പുനഃക്രമീകരണമായി തോന്നാം. എന്നാല്‍, 1993-ലെ മുംബൈ സ്‌ഫോടനങ്ങളും 2001-ലെ പാര്‍ലമെന്റ് ആക്രമണവും 2008-ലെ മുംബൈ ഭീകരാക്രമണവും അനുഭവിച്ച ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, ഭരണകൂടത്തിന്റെ തന്ത്രങ്ങളേക്കാള്‍ വേഗത്തില്‍ ഭീകരവാദം വളര്‍ന്നു എന്ന യാഥാര്‍ഥ്യത്തിന്റെ വൈകിയെത്തിയ തിരിച്ചറിവാണിത്.
ഹിന്ദിയില്‍ 'ആക്രമണം' എന്നര്‍ഥം വരുന്ന 'പ്രഹാര്‍' ഏഴു പ്രധാന കാര്യങ്ങളെ അടിസ്‌ഥാനമാക്കിയുള്ളതാണ്:
1. പൗരന്മാരെയും രാജ്യതാല്‍പ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി ആക്രമണങ്ങളെ മുന്‍കൂട്ടി തടയുക.
2. വേഗത്തിലുള്ളതും ആനുപാതികവുമായ തിരിച്ചടി.
3. സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ ഏകോപിപ്പിച്ചു കൊണ്ടുള്ള സംയുക്‌ത നീക്കം.
4. മനുഷ്യാവകാശങ്ങളും നിയമവാഴ്‌ചയും ഉയര്‍ത്തിപ്പിടിച്ചുള്ള ഭീകരവിരുദ്ധ പോരാട്ടം.
5. തീവ്രവാദത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളെയും മസ്‌തിഷ്‌ക പ്രക്ഷാളനത്തെയും ഇല്ലാതാക്കുക.
6. രാജ്യാന്തര തലത്തില്‍ ഭീകരവാദത്തിനെതിരേ ആഗോളാഭിപ്രായം രൂപീകരിക്കുക.
7. സമൂഹത്തെയാകെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അതിജീവനവും തിരിച്ചു വരവും.
സംഭവങ്ങള്‍ നടന്നതിനു ശേഷം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ‘ക്രൈസിസ് മാനേജ്‌മെന്റ്' രീതിക്കു പകരം, ആക്രമണങ്ങള്‍ മുന്‍കൂട്ടി തടയുന്ന ശൈലിക്കാണ് ഇതില്‍ മുന്‍ഗണന. വിവിധ ഏജന്‍സികളുടെ വിവരങ്ങള്‍ തത്സമയം വിശകലനം ചെയ്യുന്ന 'മള്‍ട്ടി ഏജന്‍സി സെന്ററി(എം.എ.സി.)നെ' തത്സമയ വിവരശേഖരണത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നു. കേന്ദ്ര-സംസ്‌ഥാന സുരക്ഷാ ഏജന്‍സികള്‍ക്കിടയിലെ അകലം കുറച്ച് ഒരു ഏകീകൃത കമാന്‍ഡിന് കീഴില്‍ അവരെ കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍, എന്‍ക്രിപ്‌റ്റ് ചെയ്‌ത ആശയവിനിമയങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങളും ഭീകരതയും തമ്മിലുള്ള ബന്ധം തുടങ്ങിയ ആധുനിക ഭീഷണികളെയും ഈ നയം ഗൗരവമായി കാണുന്നു. നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നതു തടയാന്‍ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും നിയമവിദഗ്‌ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, കര്‍ക്കശമായ നടപടികള്‍ ഭീകരര്‍ക്കു പുതിയ ആളെ ചേര്‍ക്കാനുള്ള ആയുധമായി മാറരുത് എന്ന തിരിച്ചറിവില്‍ മനുഷ്യാവകാശ സംരക്ഷണത്തിനും ഇതില്‍ ഊന്നല്‍ നല്‍കുന്നു.
ഡാര്‍ക്ക് വെബ്ബും ക്രിപ്‌റ്റോ കറന്‍സിയും വഴി ഭീകരവാദത്തിന് പണം എത്തുന്ന പുതിയ കാലത്ത്, കേവലം അതിര്‍ത്തിവേലികള്‍ കൊണ്ടുമാത്രം സുരക്ഷ ഉറപ്പാക്കാനാകില്ല. ഭീകരവാദത്തിന്റെ ഡിജിറ്റല്‍ സാമ്പത്തിക സ്രോതസുകള്‍ അടയ്‌ക്കുക എന്നതിനാണ് 'പ്രഹാര്‍' പ്രാധാന്യം നല്‍കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുദ്ധമുറകള്‍ക്കനുസരിച്ച് നിയമസംവിധാനങ്ങളെ മാറ്റുന്നതിലൂടെ സൈബര്‍ ഭീകരതയ്‌ക്കെതിരായ രാജ്യാന്തര പോരാട്ടത്തില്‍ ഇന്ത്യ ഒരു മുന്‍നിര ശക്‌തിയായി മാറുകയാണ്.
പ്രഹാറിന്റെ സവിശേഷത അതിന്റെ സമഗ്രത മാത്രമല്ല, മറിച്ച് അതിന്റെ സുതാര്യത കൂടിയാണ്. മുമ്പ് രഹസ്യമായി ചര്‍ച്ച ചെയ്‌തിരുന്ന സുരക്ഷാ നയങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്, ഭീകരവാദത്തെ നേരിടുന്നതില്‍ പൊതുസമൂഹത്തേക്കൂടി പങ്കാളികളാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'പ്രഹാര്‍' തീര്‍ച്ചയായും ഒരു ചരിത്ര മുഹൂര്‍ത്തമാണ്. എങ്കിലും, എട്ടു പേജുള്ള ഒരു രേഖയെ സുരക്ഷിതമായ ഒരു യാഥാര്‍ഥ്യമാക്കി മാറ്റുന്നതിനു മുന്നില്‍ നിരവധി പ്രായോഗിക തടസങ്ങളുണ്ട്. ഉദാഹരണത്തിന്, സമൂഹത്തെയാകെ പങ്കാളികളാക്കുന്ന രീതി നടപ്പിലാക്കുമ്പോള്‍, അത് അനാവശ്യമായ നിയമം കൈയിലെടുക്കുന്നതിലേക്കോ ചില വിഭാഗങ്ങളെ മാറ്റിനിര്‍ത്തുന്നതിലേക്കോ നയിക്കാതിരിക്കാന്‍ അതീവ ജാഗ്രത ആവശ്യമാണ്.
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ മുപ്പതോളം സംസ്‌ഥാന പോലീസുകളെ ഏകോപിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സാങ്കേതികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നതും പ്രാദേശിക രാഷ്‌ട്രീയ സ്വാധീനമുള്ളതുമായ പോലീസ് സേനകളെ ഒരേ നിലവാരത്തിലേക്കു കൊണ്ടുവരുന്നതിന് വലിയ നിക്ഷേപവും പരിശീലനവും ആവശ്യമാണ്.
ചുരുക്കത്തില്‍, പ്രഹാര്‍ എന്നത് ഇന്ത്യയുടെ തന്ത്രപരമായ വ്യക്‌തതയുടെ അടയാളമാണ്. സംഘടിത കുറ്റകൃത്യങ്ങളും ഡിജിറ്റല്‍ അട്ടിമറികളും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ്, പ്രതിരോധത്തില്‍നിന്ന് ആക്രമണോത്സുകമായ ജാഗ്രതയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനമാണിത്. എന്നാല്‍ ഇതിന്റെ വിജയം അളക്കേണ്ടത് വാര്‍ത്താ തലക്കെട്ടുകളിലൂടെയല്ല, മറിച്ച് വരാനിരിക്കുന്ന വര്‍ഷങ്ങളിലെ നിശബ്‌ദതയിലൂടെയാണ്; ആരും തീവ്രവാദത്തിലേക്ക് ആകൃഷ്‌ടരാകാതിരിക്കുകയും സ്‌ഫോടനങ്ങള്‍ ഇല്ലാതിരിക്കുകയും ഒരിറ്റു ചോര പോലും വീഴാതിരിക്കുകയും ചെയ്യുമ്പോഴാണ് 'പ്രഹാര്‍' അതിന്റെ ലക്ഷ്യം കാണുന്നത്.
ശശി തരൂര്‍
(ഐക്യരാഷ്‌ട്ര സംഘടന മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലും മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എം.പിയുമാണ് ലേഖകന്‍) www.project-syndicate.org