Friday, March 13, 2026 Last Updated 33 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.31 PM

അണിയറയില്‍നിന്ന്‌ അരങ്ങത്തേക്ക്‌; മൊജ്‌തബ പുതിയ പരമോന്നതന്‍

uploads/news/2026/03/829268/lk10.jpg

രാജ്യത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകവും പ്രക്ഷുബ്‌ധവുമായ ഘട്ടത്തിലൂടെയാണ്‌ ഇറാന്‍ കടന്നുപോകുന്നത്‌. ഫെബ്രുവരി 28ന്‌ യു.എസ്‌-ഇസ്രയേല്‍ സംയുക്‌ത ആക്രമണത്തില്‍ പരമോന്നത നേതാവ്‌ ആയത്തുള്ള
അലി ഖമനേയി കൊല്ലപ്പെട്ടതോടെ, ഇറാന്റെ അധികാരഘടനയില്‍ വലിയ ശൂന്യത രൂപപ്പെട്ടിരിക്കുകയാണ്‌. 1989 മുതല്‍ 37 വര്‍ഷക്കാലം ഇറാനെ നയിച്ച അലി ഖമനേയിയുടെ അന്ത്യം ഇറാനു പുറമേ, പശ്‌ചിമേഷ്യന്‍ ഭൗമരാഷ്‌ട്രീയത്തെ മുഴുവനായും കീഴ്‌മേല്‍ മറിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഖമനേയിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്‌തബ ഖമനേയിയാണ്‌ ഇറാനിലെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്‌.
ആയത്തുള്ള അലി ഖമനേയിയുടെ ആറു മക്കളില്‍ രണ്ടാമനാണ്‌ 56 വയസുകാരനായ മൊജ്‌തബ ഖമനേയി. 1969 സെപ്‌റ്റംബര്‍ എട്ടിന്‌ വടക്കുകിഴക്കന്‍ ഇറാനിലെ മഷ്‌ഹദിലാണ്‌ മൊജ്‌തബ ഹുസൈനി ഖമനേയിയുടെ ജനനം. അസര്‍ബൈജാനി-പേര്‍ഷ്യന്‍ വംശജരാണ്‌ ഖമനേയി കുടുംബം. ഇസ്ലാമിക വിപ്ലവത്തിന്റെ തീച്ചൂളയിലാണ്‌ മൊജ്‌തബ ബാല്യം ചെലവിട്ടത്‌. അന്നത്തെ ഷാ ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു പിതാവ്‌ അലി ഖമനേയി. വിപ്ലവാനന്തരം അലി ഖമനേയി അധികാരത്തിന്റെ ഉന്നത ശ്രേണിയിലേക്ക്‌ ഉയര്‍ന്നതോടെ മൊജ്‌തബയുടെ ജീവിതവും മാറിമറിഞ്ഞു.
മൊജ്‌തബയുടെ അധികാരത്തിലേക്കുള്ള പാതയില്‍ നിര്‍ണായകമായ അധ്യായമാണ്‌ സൈനിക സേവനം. ടെഹ്‌റാനിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 17-ാം വയസില്‍ വിപ്ലവസേനയായ ഇസ്ലാമിക്‌ റെവല്യൂഷണറി ഗാര്‍ഡ്‌ കോറില്‍ (ഐ.ആര്‍.ജി.സി) ചേര്‍ന്ന മൊജ്‌തബ ഇറാന്‍-ഇറാഖ്‌ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്‌. ഈ യുദ്ധകാലഘട്ടത്തിലാണ്‌ തന്റെ ഏറ്റവും വിശ്വസ്‌തരായ സഖ്യകക്ഷികളെ അദ്ദേഹം കണ്ടെത്തിയത്‌. ഈ ബന്ധങ്ങള്‍ പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ 'നിഴല്‍ ഭരണ'ത്തിന്‌ കരുത്തുപകര്‍ന്നു. ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലും നിര്‍ണായക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഇക്കാലം മൊജ്‌തബയെ സഹായിച്ചു. ഇപ്പോള്‍ പരമോന്നത പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ പടിയേറ്റം ഐ.ആര്‍.ജി.സി. എന്ന കരുത്തുറ്റ സൈനിക-സാമ്പത്തിക ശക്‌തിയുടെ ഉറച്ച പിന്തുണയിലായിരുന്നു. സൈനികസേവനത്തിനു ശേഷം 1999-ല്‍ ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ സെമിനാരിയില്‍ മൊജ്‌തബ മതപഠനത്തിന്‌ ചേര്‍ന്നു. അലി ഖമനേയിയുടെ അടുത്ത സുഹൃത്ത്‌ ആയത്തുള്ള മുഹമ്മദ്‌ തഖി മെസ്‌ബാ യസ്‌ദിയായിരുന്നു ഗുരു. ഖൂമിലെ പഠനത്തിനുശേഷമാണ്‌ ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനേയിയുടെ ഓഫീസിന്റെ ചുമതലയില്‍ മൊജ്‌തബ എത്തുന്നത്‌.
രണ്ടായിരത്തോടെ മൊജ്‌തബ പരോക്ഷമായി രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. 2005-ല്‍ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മഹമൂദ്‌ അഹ്‌മദി നെജാദിന്‌ അനുകൂല സാഹചര്യം സൃഷ്‌ടിക്കാന്‍ മൊജ്‌താബ ഇടപെട്ടിരുന്നതായി പിന്നീട്‌ വെളിപ്പെടുത്തലുകളുണ്ടായി. 2009-ല്‍ നെജാദിന്‌ തുടര്‍ഭരണം സമ്മാനിച്ച തെരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച്‌ രാജ്യവ്യാപകമായി നടന്ന 'ഗ്രീന്‍ മൂവ്‌മെന്റ്‌' എന്നറിയപ്പെട്ട പ്രക്ഷോഭത്തെയും 2022-ല്‍ മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന്‌ നടന്ന ഹിജാബ്‌ പ്രക്ഷോഭത്തെയും അടിച്ചമര്‍ത്തുന്നതിലും മൊജ്‌തബയ്‌ക്കു പങ്കുണ്ടെന്ന്‌ കരുതപ്പെടുന്നു.
അതേസമയം, ടെഹ്‌റാന്‍ മുതല്‍ ഫ്രാങ്ക്‌ഫര്‍ട്ട്‌ വരെ നീളുന്ന ഒരു വലിയ സാമ്പത്തിക ശൃംഖലയാണ്‌ മൊജ്‌തബയ്‌ക്ക്‌ പിന്നിലുള്ളതെന്ന റിപ്പോര്‍ട്ട്‌ അടുത്തിടെ പുറത്തുവന്നിരുന്നു. ലണ്ടനിലെ അതിസമ്പന്നര്‍ താമസിക്കുന്ന 'ബില്യണയര്‍ റോ'യിലെ കൊട്ടാരസദൃശമായ വീടുകള്‍, യൂറോപ്പിലെ വമ്പന്‍ ഹോട്ടലുകള്‍, ദുബായിലെ ആഡംബര വില്ലകള്‍ - ഇറാന്‍ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ മൊജ്‌തബയ്‌ക്ക്‌ വിദേശരാജ്യങ്ങളില്‍ കോടികളുടെ ആസ്‌തിയുണ്ടെന്ന്‌ ബ്ലൂംബെര്‍ഗ്‌ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.
പേര്‌ വെളിപ്പെടുത്താത്ത ഷെല്‍ കമ്പനികള്‍ വഴിയാണ്‌ ഈ നിക്ഷേപങ്ങളെല്ലാം നടത്തിയിരിക്കുന്നത്‌. ഔദ്യോഗിക രേഖകളില്‍ മൊജ്‌തബയുടെ പേര്‌ എവിടെയും കാണാനില്ലെങ്കിലും, കഴിഞ്ഞ പത്ത്‌ വര്‍ഷത്തിലേറെയായി നടന്ന വമ്പന്‍ ഇടപാടുകള്‍ക്ക്‌ പിന്നില്‍ ഇദ്ദേഹമാണെന്ന്‌ പാശ്‌ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. 2019-ല്‍ അമേരിക്ക ഇദ്ദേഹത്തിന്‌ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഇറാനിലെ എണ്ണ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം യു.കെ, സ്വിറ്റ്‌സര്‍ലന്‍ഡ്‌, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകള്‍ വഴിയാണ്‌ നിക്ഷേപങ്ങള്‍ക്കായി ഉപയോഗിച്ചതെന്ന്‌ ബ്ലൂംബെര്‍ഗ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Monday 09 Mar 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW