Thursday, March 12, 2026 Last Updated 55 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.33 PM

സ്‌ത്രീസുരക്ഷ ജലരേഖ; പുകമറയില്‍ ധാര്‍മികതയും സദാചാരവും

സ്‌ത്രീസുരക്ഷയും രാഷ്‌ട്രീയത്തിലെ ധാര്‍മികതയും സദാചാരവും കേരളീയ പൊതുസമൂഹത്തില്‍ എന്നും വലിയ ചര്‍ച്ചാവിഷയമാണ്‌. ലൈംഗികാരോപണങ്ങള്‍ രാഷ്‌ട്രീയായുധങ്ങളായി മാറുന്നതും ഇരകളായ സ്‌ത്രീകള്‍ക്കു ലഭിക്കുന്ന നീതിയും തമ്മിലുള്ള വൈരുദ്ധ്യം ഏറെ പ്രധാനമാണ്‌. ഏറ്റവുമൊടുവില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്‌നമെന്നു പറഞ്ഞ്‌ ഒത്തുതീര്‍പ്പാക്കുമ്പോള്‍ എക്കാലവും സ്‌ത്രീസുരക്ഷയെക്കുറിച്ചു വാചാലമാകുന്ന എല്‍.ഡി.എഫ്‌. സര്‍ക്കാരിനെതിരേയാണു ചോദ്യങ്ങളുയരുന്നത്‌.
ഒരു മന്ത്രി പാലിക്കേണ്ട ധാര്‍മികത മുതല്‍ പോലീസിന്റെ സഹായം കിട്ടിയില്ലെന്ന തുറന്നുപറച്ചില്‍ വരെ പിണറായി സര്‍ക്കാരിന്റെ സ്‌ത്രീപക്ഷ നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ്‌. കേരളരാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ വിവാദം മുതല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷമുണ്ടായ വെളിപ്പെടുത്തലുകള്‍ വരെ നീളുന്ന സ്‌ത്രീസുരക്ഷാ ചരിത്രം പരിശോധിച്ചാല്‍ ഈ വിഷയം പലപ്പോഴും രാഷ്‌ട്രീയ ചേരിതിരിവുകള്‍ക്കും വ്യക്‌തിഹത്യകള്‍ക്കും വേണ്ടിയുള്ള പുകമറയായി മാറുന്ന കാഴ്‌ചയാണു നാം കാണുന്നത്‌. പ്രമുഖ രാഷ്‌ട്രീയനേതാക്കളായ കെ.ബി. ഗണേഷ്‌ കുമാര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ ഈ പ്രവണതയുടെ പുതിയ ഉദാഹരണങ്ങള്‍ മാത്രം.
സ്‌ത്രീസുരക്ഷയെക്കുറിച്ച്‌ നിയമസഭയില്‍ വാചാലനാകുമ്പോഴും രാഷ്‌ട്രീയ എതിരാളികളെ തകര്‍ക്കാന്‍ ഒരു സ്‌ത്രീയെയും അവരുടെ മൊഴിയെയും കെ.ബി. ഗണേഷ്‌ കുമാര്‍ ആയുധമാക്കിയെന്ന ആരോപണം അദ്ദേഹത്തിന്റെ പ്രതിച്‌ഛായയ്‌ക്കു താല്‍ക്കാലികമായി മങ്ങലേല്‍പ്പിച്ചെങ്കിലും സ്‌ത്രീകളുടെ അന്തസിനേക്കാള്‍ രാഷ്‌ട്രീയവിജയത്തിനാണ്‌ ഇവിടെ മുന്‍ഗണന നല്‍കപ്പെട്ടത്‌. യുവനേതാവായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പലപ്പോഴും ഉയര്‍ന്നത്‌ സൈബര്‍ ഇടങ്ങളിലെ അശ്ലീല പ്രചാരണങ്ങളും വ്യക്‌തിഹത്യകളുമാണ്‌. രാഹുല്‍ മാങ്കൂട്ടത്തിന്റെ വ്യക്‌തിജീവിതത്തെയും സ്വഭാവത്തെയും ലക്ഷ്യമിട്ട്‌ എതിര്‍ രാഷ്‌ട്രീയ ചേരിയിലുള്ളവര്‍ നടത്തുന്ന പ്രചാരണങ്ങള്‍ പലപ്പോഴും നിലവാരമില്ലാത്ത ലൈംഗികാരോപണങ്ങളിലേക്കു തരംതാഴ്‌ന്നു. ഇത്തരം വിവാദങ്ങളില്‍ പലപ്പോഴും സ്‌ത്രീകളെ പരോക്ഷമായി വലിച്ചിഴയ്‌ക്കുകയോ സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത്‌ ഒരു രാഷ്‌ട്രീയ ശൈലിയായി മാറി. എതിരാളികളെ ഒതുക്കാന്‍ സ്‌ത്രീപീഡനമെന്ന മുദ്ര കുത്തുന്നത്‌ യഥാര്‍ഥത്തില്‍ ഇരകളായ സ്‌ത്രീകള്‍ക്കു ലഭിക്കേണ്ട നീതിയെ ദുര്‍ബലപ്പെടുത്തുന്നു.
രാഷ്‌ട്രീയനേതാവിനെ തകര്‍ക്കാന്‍ ലൈംഗികാരോപണം ഒരു കല്ലേറു പോലെ പ്രയോഗിക്കുമ്പോള്‍ അതിനിടയില്‍ തകര്‍ന്നുപോകുന്നത്‌ സ്‌ത്രീസുരക്ഷയെന്ന വലിയ ആശയത്തിന്റെ വിശ്വാസ്യത കൂടിയാണ്‌. സ്‌ത്രീസുരക്ഷയെന്നത്‌ വോട്ടുബാങ്ക്‌ രാഷ്‌ട്രീയത്തിനോ ചാനല്‍ചര്‍ച്ചകള്‍ക്കോ ഉള്ള വിഭവമാകുന്നു. കെ.ബി. ഗണേഷ്‌കുമാറിനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പോലെയുള്ള യുവനേതാക്കളും ഉള്‍പ്പെടുന്ന വിവാദങ്ങള്‍ തെളിയിക്കുന്നത്‌ രാഷ്‌ട്രീയ ധാര്‍മികതയുടെ അഭാവമാണ്‌.
സിനിമാ-രാഷ്‌ട്രീയ മേഖലകളില്‍ ഒരേപോലെ സ്വാധീനമുള്ള ഗണേഷ്‌ കുമാറിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ മിക്കപ്പോഴും വൈയക്‌തികവും രാഷ്‌ട്രീയവുമായ പകപോക്കലുകളായി വ്യാഖ്യാനിക്കപ്പെടാറുണ്ട്‌. സോളാര്‍ കേസിലെ പ്രതിയെ ഉപയോഗിച്ച്‌ പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരേ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കാന്‍ ഗൂഢാലോചന നടത്തിയത്‌ ഗണേഷ്‌കുമാറാണെന്ന സി.ബി.ഐ റിപ്പോര്‍ട്ട്‌ രാഷ്‌ട്രീയകേരളത്തെ ഞെട്ടിച്ചിരുന്നു. രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായി ഒരു സ്‌ത്രീയുടെ പരാതിയെ എങ്ങനെ ദുരുപയോഗം ചെയ്‌തു എന്നതിലേക്കാണ്‌ ഈ റിപ്പോര്‍ട്ട്‌ വിരല്‍ ചൂണ്ടുന്നത്‌. സോളാര്‍ കേസിലെ പ്രതി ജയിലില്‍ കിടക്കുമ്പോള്‍ എഴുതിയ 21 പേജുള്ള കത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികാരോപണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പുറത്തെത്തിയ കത്തില്‍ അധികമായി നാലു പേജുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടെന്നും അതിലാണ്‌ ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഗണേഷ്‌കുമാറിന്റെ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന്റെ പി.എയായിരുന്ന പ്രദീപ്‌കുമാര്‍ ഇടപെട്ടാണ്‌ കത്തില്‍ ഈ മാറ്റങ്ങള്‍ വരുത്തിയതെന്നു റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ശരണ്യ മനോജ്‌ വഴിയാണ്‌ കത്ത്‌ കൈമാറ്റം ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍നിന്ന്‌ രാജിവയ്‌ക്കേണ്ടി വന്നതിലുള്ള വ്യക്‌തിവൈരാഗ്യവും രാഷ്‌ട്രീയ പകപോക്കലുമാണ്‌ ഗൂഢാലോചനയ്‌ക്കു പിന്നിലെ പ്രേരണയെന്ന്‌ സി.ബി.ഐ. നിരീക്ഷിച്ചു. ഇവിടെ സ്‌ത്രീയുടെ മൊഴിയാണ്‌ ആയുധമാക്കിയത്‌.
നീതിക്കു വേണ്ടിയുള്ള ഒരു സ്‌ത്രീയുടെ പോരാട്ടത്തെ രാഷ്‌ട്രീയ എതിരാളികളെ വ്യക്‌തിഹത്യ ചെയ്യാനുള്ള ആയുധമായി ഗണേഷ്‌കുമാര്‍ മാറ്റിയെടുത്തു. സോളാര്‍ ലൈംഗിക പീഡന പരാതിയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വ്യാജമാണെന്നു തെളിയിക്കുന്നതാണ്‌ സി.ബി.ഐ. സമര്‍പിച്ച റിപ്പോര്‍ട്ട്‌. ഈ കേസില്‍ അദ്ദേഹത്തിനു ലഭിച്ച ക്ലീന്‍ചിറ്റ്‌ കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. ഉമ്മന്‍ ചാണ്ടി പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നു പറയുന്ന ദിവസം അദ്ദേഹം തിരുവനന്തപുരത്തെ ക്ലിഫ്‌ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന്‌ സി.ബി.ഐ. കണ്ടെത്തി. അന്നേദിവസം അദ്ദേഹം ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട്‌ മറ്റു സ്‌ഥലങ്ങളിലായിരുന്നു. പരാതിക്കാരി നല്‍കിയ മൊഴികളില്‍ പരസ്‌പരവിരുദ്ധമായ കാര്യങ്ങളുണ്ടായിരുന്നു. പീഡനം നടന്നുവെന്നു പറയുന്ന സമയവും സാഹചര്യവും ശാസ്‌ത്രീയമായ തെളിവുകളുമായി ഒത്തുപോകുന്നതായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍ കെ.ബി. ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയാണ്‌ ഈ പരാതിക്കു പിന്നിലെന്നാണ്‌ സി.ബി.ഐ. കണ്ടെത്തിയത്‌. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര്‌ പിന്നീട്‌ കൂട്ടിച്ചേര്‍ത്തതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. സി.ബി.ഐ സമര്‍പ്പിച്ച ഈ റഫര്‍ റിപ്പോര്‍ട്ട്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ കോടതി അംഗീകരിച്ചു. ഇതോടെ ഉമ്മന്‍ ചാണ്ടി പൂര്‍ണമായും കുറ്റവിമുക്‌തനായി. ഉമ്മന്‍ ചാണ്ടിയെ രാഷ്‌ട്രീയമായി തകര്‍ക്കാന്‍ ഗണേഷ്‌കുമാര്‍ സ്വന്തം പി.എ വഴി കത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്നത്‌ ഒരു രാഷ്‌ട്രീയനേതാവ്‌ സ്‌ത്രീസുരക്ഷയെയും നിയമ സംവിധാനത്തെയും എങ്ങനെ ദുരുപയോഗം ചെയ്‌തുവെന്നതിന്റെ തെളിവാണ്‌.
സ്‌ത്രീസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കേരളത്തില്‍ വിപ്ലവാത്മകമായ മാറ്റമുണ്ടാക്കിയ ഒന്നാണ്‌ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌. സിനിമാ മേഖലയിലെ സ്‌ത്രീകളുടെ സുരക്ഷയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ഈ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ രാഷ്‌ട്രീയ-സാംസ്‌കാരിക മേഖലകളില്‍ വലിയ ചലനമുണ്ടാക്കി. കെ.ബി. ഗണേഷ്‌ കുമാറിനെതിരേയുള്ള സി.ബി.ഐ കണ്ടെത്തലുകളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്‌. ഒന്ന്‌, സ്‌ത്രീകളുടെ പരാതികളെ രാഷ്‌ട്രീയ ആയുധമാക്കുന്നതിനെ കാട്ടിത്തരുന്നു. മറ്റൊന്ന്‌, സ്‌ത്രീകള്‍ യഥാര്‍ഥത്തില്‍ നേരിടുന്ന ചൂഷണങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നു. സ്‌ത്രീസുരക്ഷ എന്നത്‌ കേവലം രാഷ്‌ട്രീയ മുദ്രാവാക്യമായി ഒതുങ്ങുന്ന കാഴ്‌ചയാണ്‌ കേരളം ഇന്നു കാണുന്നത്‌. ലൈംഗികാരോപണങ്ങള്‍ രാഷ്‌ട്രീയ എതിരാളികളെ തകര്‍ക്കാനുള്ള ബ്രഹ്‌മാസ്‌ത്രമായി മാറുമ്പോള്‍ രാഷ്‌ട്രീയനേതാക്കളുടെ വ്യക്‌തി ജീവിതത്തിലെ അച്ചടക്കമില്ലായ്‌മയും പ്രധാനമാണ്‌. യഥാര്‍ഥത്തില്‍ ഇരകളാക്കപ്പെടുന്ന സ്‌ത്രീകളുടെ നീതിയാണ്‌ ഇവിടെ ബലികഴിക്കപ്പെടുന്നത്‌.
ഏറ്റവും പുതിയ സംഭവത്തില്‍ മന്ത്രി മാപ്പു പറഞ്ഞു, ഭാര്യ ക്ഷമിച്ചു, പരാതി ഒത്തുതീര്‍പ്പായി എന്നു പറയുന്നതിലെ ധാര്‍മികതയാണ്‌ ചര്‍ച്ചയാകുന്നത്‌. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത്‌ സ്‌ത്രീപക്ഷ നിലപാടുകളാണ്‌. എന്നാല്‍ കെ.ബി. ഗണേഷ്‌ കുമാറിനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിച്ച്‌ മുഖ്യമന്ത്രിക്ക്‌ ആ സ്‌ത്രീപക്ഷ അവകാശവാദം ആവര്‍ത്തിക്കാന്‍ കഴിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ നടപടികള്‍ വേഗത്തിലാക്കിയ സര്‍ക്കാര്‍, ഗണേഷ്‌ കുമാറിന്റെ വിഷയത്തില്‍ സ്വീകരിച്ച നിലപാടാണ്‌ ഏറ്റവും വലിയ സ്‌ത്രീവിരുദ്ധത. അധികാര ദുര്‍വിനിയോഗം നടത്തി സ്‌ത്രീകളെ ചൂഷണം ചെയ്യുന്നത്‌ കര്‍ശനമായി ശിക്ഷിക്കപ്പെടണമെന്ന കാര്യം സര്‍ക്കാര്‍ മറക്കുന്നു.

ഉണ്ണി വി.ജെ. നായര്‍

Ads by Google
Tuesday 10 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW