Friday, March 13, 2026 Last Updated 42 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.45 PM

ദക്ഷിണാഫ്രിക്കയെ ഒന്‍പത്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ ന്യൂസിലന്‍ഡ്‌ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലില്‍

uploads/news/2026/03/828510/sp2.jpg

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയെ ഒന്‍പത്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ ന്യൂസിലന്‍ഡ്‌ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലില്‍ കടന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക എട്ട്‌ വിക്കറ്റിന്‌ 169 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 13-ാം ഓവറില്‍ ലക്ഷ്യം കടന്നു.
തകര്‍പ്പന്‍ സെഞ്ചുറിയുമായിനിന്ന ഓപ്പണര്‍ ഫിന്‍ അലനാണ്‌ (33 പന്തില്‍ എട്ട്‌ സിക്‌സറും 10 ഫോറുമടക്കം 100) ന്യൂസിലന്‍ഡിനെ ഫൈനല്‍ പ്രവേശനം അനായാസമാക്കിയത്‌. ദക്ഷിണാഫ്രിക്കയുടെ ഈ ലോകകപ്പിലെ ആദ്യ തോല്‍വിയാണിത്‌. റാചിന്‍ രവീന്ദ്ര 11 പന്തില്‍ 13 റണ്ണുമായി അലനു കൂട്ടായി.
ടിം സീഫര്‍ട്ടും (33 പന്തില്‍ രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 58) അലനും ചേര്‍ന്ന ഓപ്പണിങ്‌ വിക്കറ്റ്‌ ജയത്തിന്‌ അടിത്തറയായി. 25 പന്തില്‍ 50 കടന്ന അവര്‍ 47 പന്തില്‍ നൂറിലുമെത്തി. സീഫര്‍ട്ട്‌ 28 പന്തിലും അലന്‍ 19 പന്തിലും അര്‍ധ സെഞ്ചുറിയടിച്ചു. 33 പന്തുകള്‍ നേരിട്ടാണ്‌ ന്യൂസിലന്‍ഡ്‌ ഓപ്പണര്‍ ട്വന്റി20 യിലെ മൂന്നാം സെഞ്ചുറിയടിച്ചത്‌. സീഫര്‍ട്ട്‌ കാഗിസോ റബാഡയുടെ പന്തില്‍ പുറത്തായെങ്കിലും ടീം ജയിക്കുമെന്ന്‌ ഉറപ്പാക്കാനായി. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ നോക്കൗട്ട്‌ മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറിയടിക്കുന്ന താരമെന്ന നേട്ടം കുറിക്കാന്‍ അലനായി. ന്യൂസിലന്‍ഡ്‌ രണ്ടാം തവണയാണു ട്വന്റി20 ലോകകപ്പ്‌ ഫൈനലില്‍ കളിക്കുന്നത്‌. മാര്‍കോ യാന്‍സന്‍ എറിഞ്ഞ 13-ാം ഓവറില്‍ തുടരെ രണ്ട്‌ ഫോറുകളും പിന്നാലെ തുടരെ രണ്ട്‌ സിക്‌സറുകളുമടിച്ചാണ്‌ അലന്‍ സെഞ്ചുറിയും ഫൈനല്‍ ടിക്കറ്റും ഉറപ്പാക്കിയത്‌. ഇന്നിങ്‌സില്‍ നാല്‌ പന്തുകള്‍ മാത്രമാണു കളിക്കാതെ വിട്ടത്‌.
ടോസ്‌ നേടിയ ന്യൂസിലന്‍ഡ്‌ നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ബാറ്റിങ്‌ തകര്‍ച്ച നേരിട്ട അവരെ മാര്‍കോ യാന്‍സന്‍ (30 പന്തില്‍ അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം പുറത്താകാതെ 50), ഡെവാള്‍ഡ്‌ ബ്രെവിസ്‌ (27 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 34), ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ് (24 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 29) എന്നിവരുടെ ബാറ്റിങ്ങാണു രക്ഷപ്പെടുത്തിയത്‌.
ക്വിന്റണ്‍ ഡി കോക്ക്‌ (എട്ട്‌ പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 10), റയാന്‍ റികല്‍ടണ്‍ (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി കോള്‍ മക്‌കോഞ്ചി വിക്കറ്റ്‌ വേട്ട തുടങ്ങി. നായകനും ഓപ്പണറുമായ എയ്‌ദീന്‍ മാര്‍ക്രം (20 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 18), ഡേവിഡ്‌ മില്ലര്‍ (ആറ്‌) എന്നിവരെ പുറത്താക്കി റാചിന്‍ രവീന്ദ്രയും ഞെട്ടിച്ചു. ദക്ഷിണാഫ്രിക്ക അഞ്ചിന്‌ 77 എന്ന നിലയില്‍ വിയര്‍ക്കവേയാണു യാന്‍സന്റെ ബാറ്റിങ്‌ രക്ഷയ്‌ക്കെത്തിയത്‌്. ന്യൂസിിലന്‍ഡിനായി മാറ്റ്‌ ഹെന്റി, മക്‌കോഞ്ചി, റാചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ലൂകി ഫെര്‍ഗുസണ്‍, ജെയിംസ്‌ നീഷാം എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. അലനാണു മത്സരത്തിലെ താരം.

Ads by Google
Wednesday 04 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW