-->
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരവും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ്‌യുടെ തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ വീണ്ടും അപകടം.
ഇന്നലെ തഞ്ചാവൂര്‍ ജില്ലയിലെ അയ്യാസാമിപ്പട്ടിയില്‍ നടന്ന സമ്മേളനത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്കു പരുക്ക്. വിജയ്‌യുടെ വാഹനത്തെ മറ്റു വാഹനങ്ങളില്‍ പിന്തുടരുന്നതിനിടെയാണ് അപകടം. ആരാധകര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍നിന്നു സമ്മേളനസ്‌ഥലത്തേക്കു വിജയ് പുറപ്പെട്ടപ്പോള്‍ത്തന്നെ ആരാധകവൃന്ദം പിന്തുടര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു. വേദിക്കുസമീപത്തേക്കു വിജയ് എത്തിയപ്പോള്‍ പിന്നാലെ മൂന്ന് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍നിന്നു വീണ യുവാവിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മറ്റൊരാളുടെ കാലൊടിഞ്ഞു. രണ്ടു സ്‌ത്രീകള്‍ക്കും സംഭവത്തില്‍ പരുക്കേറ്റതായി സ്‌ഥിരീകരിക്കാത്ത വിവരമുണ്ട്. മുമ്പ് കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ റാലിയില്‍ വിജയ്‌യും പാര്‍ട്ടിയും പ്രതിക്കൂട്ടിലായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ മാസം സേലത്ത് നടന്ന ടി.വി.കെ. റാലിയിലെ തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചിന്നു.