-->
ന്യൂഡല്‍ഹി/ദോഹ: പശ്‌ചിമേഷ്യന്‍ സംഘര്‍ഷം ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ഉല്‍പ്പാദനത്തിലും വിതരണത്തിലും തടസമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ എനര്‍ജി. ഇന്ത്യയിലേക്കുള്ള പ്രധാന എല്‍.എന്‍.ജി വിതരണക്കാരാണ് ഇവര്‍.
ഖത്തറിലെ തങ്ങളുടെ പ്ലാന്റുകള്‍ക്കു നേരെയുണ്ടായ സൈനിക ആക്രമണങ്ങളെത്തുടര്‍ന്ന് എല്‍.എന്‍.ജിയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം നിര്‍ത്തിവച്ചതായി ഖത്തര്‍ എനര്‍ജി വ്യക്‌തമാക്കി. ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ളതാണ് സ്‌ഥാപനം.ഇതിന്റെ ഭാഗമായി തങ്ങളുടെ ഉപയോക്‌താക്കള്‍ക്ക് 'ഫോഴ്‌സ് മജൂര്‍' നോട്ടീസ് നല്‍കിയതായും കമ്പനി വ്യക്‌തമാക്കി. യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങിയ സാഹചര്യങ്ങളില്‍ കരാര്‍ പ്രകാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിക്കുന്ന നടപടിയാണ് 'ഫോഴ്‌സ് മജൂര്‍'. നിലവിലെ സൈനികനീക്കങ്ങളും സുരക്ഷാ വെല്ലുവിളികളും കാരണം എല്‍.എന്‍.ജി ഉത്‌പാദനം തുടരാന്‍ കഴിയില്ലെന്ന് കമ്പനി വ്യക്‌തമാക്കി. ഖത്തര്‍ എനര്‍ജിയുടെ ഈ തീരുമാനം ആഗോള ഊര്‍ജ വിപണിയില്‍ വലിയ ചലനങ്ങള്‍ക്കു കാരണമാകും. ലോകത്തെ ഏറ്റവും വലിയ എല്‍.എന്‍.ജി. കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തറില്‍നിന്നുള്ള വിതരണം തടസപ്പെടുന്നത് രാജ്യാന്തര വിപണിയില്‍ വാതക വില ഉയരാന്‍ കാരണമാകും.ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. രാജ്യാന്തര വ്യാപാരത്തിനുള്ള പ്രധാന കപ്പല്‍പാതയാണിത്. സമീപവര്‍ഷങ്ങളില്‍ അസംസ്‌കൃത എണ്ണ, എല്‍.എന്‍.ജി ഇറക്കുമതി ഈ മേഖലയെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയുടെ വാതക ആവശ്യത്തിന്റെ 50% രാജ്യാന്തര ഇറക്കുമതിയിലൂടെയാണ്.
അതില്‍ത്തന്നെ, എല്‍.എന്‍.ജിയുടെ ഏകദേശം 40% ഖത്തറില്‍ നിന്നാണ് വാങ്ങുന്നത്. ഇന്ത്യയുടെ മൊത്തം എല്‍.എന്‍.ജി. ഇറക്കുമതിയുടെ 20% വരും ഇത്.യുദ്ധസാഹചര്യത്തില്‍ ഇന്ത്യ വാതക ഉപയോഗം കുറയ്‌ക്കേണ്ടിവരും, പ്രത്യേകിച്ച് വ്യവസായത്തില്‍. വൈദ്യുതി മേഖലയിലെ വാതക ഉപയോഗം കുറയ്‌ക്കേണ്ടിവരുമെന്നും സാമ്പത്തിക വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.വൈദ്യുതി ഉല്‍പാദനത്തിനായി കല്‍ക്കരിയെ ആശ്രയിക്കാമെങ്കിലും അതിന് ചെലവേറും. എല്‍.എന്‍.ജിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് പുതിയ സംഭവവികാസങ്ങള്‍ തിരിച്ചടിയാണ്. അത്തരം വ്യവസായ സംരംഭകര്‍ വാതകം വിവേകത്തോടെയും സാമ്പത്തികമായും ഉപയോഗിക്കണമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് അസംസ്‌കൃത എണ്ണയും പെട്രോള്‍, ഡീസല്‍, എ.ടി.എഫ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ശേഖരം സമൃദ്ധമാണെന്നാണ് യുദ്ധം തുടങ്ങിയ ഘട്ടത്തില്‍ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചത്. അടുത്ത 25 ദിവസത്തേക്കുള്ള കരുതല്‍ശേഖരമുണ്ടെന്ന് പുരി പറഞ്ഞു. രാജ്യത്തുടനീളമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണവും സ്‌റ്റോക്ക് നിലയും നിരീക്ഷിക്കാന്‍ മന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.