-->
രാജ്യമെമ്പാടുമുള്ള ആളുകള്‍ ഹോളി ആഘോഷങ്ങള്‍ കെങ്കേമമാക്കുകയാണ്. ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്കുപോലും ഇതൊരു കൗതുക കാഴ്ചയാണ്. എന്നാല്‍ കാലം മാറിയതോടെ ഹോളി ആഘോഷങ്ങള്‍ക്കിടയിലും നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ വൃന്ദാവനത്തില്‍ വെച്ച് തനിക്കുണ്ടായ വേദനാജനകമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബ്രിട്ടാ ഷ്‌ലാഗ്ബൗര്‍ എന്ന ഓസ്ട്രിയന്‍ യുവതി. കൃഷ്ണന്റെ ജന്മദേശമായ വൃന്ദാവനിലെ ആഘോഷങ്ങള്‍ക്കിടയില്‍, ആരോ നിറങ്ങളില്‍ കല്ലുകള്‍ ഒളിപ്പിച്ചുവെച്ച് എറിഞ്ഞതിനെത്തുടര്‍ന്ന് തന്റെ ഒരു കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്ന് യുവതി ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി.
ആവേശത്തോടെയും സന്തോഷത്തോടെയുമാണ് താന്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതെന്ന് ബ്രിട്ടാ പറയുന്നു. എന്നാല്‍ തെരുവിലൂടെ നടന്നുനീങ്ങുന്നതിനിടെ അപ്രതീക്ഷിതമായാണ് കണ്ണിന് നേരെ കല്ലുകള്‍ കൊണ്ടത്. പരിക്കേറ്റതിനെത്തുടര്‍ന്ന് കാഴ്ച മങ്ങിയെന്നും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ണിന്റെ അസ്വസ്ഥതകള്‍ മാറിയിട്ടില്ലെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഹോളി ആഘോഷത്തെ 'വന്യവും മനോഹരവും' എന്ന് വിശേഷിപ്പിക്കുമ്പോഴും, വൃന്ദാവനിലെ അനുഭവം ഭ്രാന്തമായ ഒന്നായിരുന്നു എന്നാണ് ബ്രിട്ടായുടെ പക്ഷം. മൃഗങ്ങളും മനുഷ്യരും തെരുവില്‍ ഒന്നിച്ചുള്ള ആഘോഷവും ക്ഷേത്രങ്ങളിലെ തിരക്കും താന്‍ ആസ്വദിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ ആഘോഷത്തിന്റെ നിറം കെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.