Saturday, March 14, 2026 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.19 AM

24 മണിക്കുറിനിടെ ഇറാനില്‍ നടന്നത് 104 ആക്രമണം ; മരണസംഖ്യ 1000 കവിഞ്ഞു, ഇരകളില്‍ 181 കുട്ടികളും

uploads/news/2026/03/828409/iran-attack-1.jpg

ടെഹ്‌റാന്‍: കഴിഞ്ഞ ഒരു ദിവസം മാത്രം ഇറാനെതിരേ 104 ആക്രമണം നടന്നതായും മരണസംഖ്യ 1000 കവിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍. ആക്രമണം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ ഇറാനില്‍ 1,097 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയാണ് വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 181 പേര്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും പറയുന്നു.

100 കുട്ടികള്‍ ഉള്‍പ്പെടെ സിവിലിയന്‍ പരിക്കുകളുടെ എണ്ണം 5,402 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം സൈനിക താവളങ്ങള്‍, മെഡിക്കല്‍ സെന്ററുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവയെ ആക്രമിച്ച് കുറഞ്ഞത് 104 ആക്രമണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് മേഖലയിലുടനീളം സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിവെയ്പ്പ് തുടരുകയാണ്.

വടക്കന്‍ ഇസ്രായേലി പട്ടണമായ മെതുലയില്‍ ഇസ്രായേല്‍ സേനയ്ക്ക് നേരെ റോക്കറ്റുകള്‍ പ്രയോഗിച്ചതായി ഹിസ്ബുള്ള പിന്നീട് അവകാശപ്പെട്ടു. ഹൈഫ നാവിക താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയതായി പ്രഖ്യാപിച്ചിരുന്നു. തെക്കന്‍ ലെബനനിലെ 16 ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും താമസക്കാര്‍ക്ക് നിര്‍ബന്ധിത സ്ഥലംമാറ്റ ഉത്തരവുകള്‍ ഇസ്രായേല്‍ സൈന്യം പുറപ്പെടുവിച്ചു.

മൗണ്ട് ലെബനന്‍ പ്രദേശത്തെ അരാമൗണിലും സാദിയാത്തിലും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെട്ടതായി ലെബനനിലെ അല്‍ മായദീന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, ഇസ്രായേലിന്റെ 'ആക്രമണം' എന്ന് വിശേഷിപ്പിച്ചതില്‍ നിന്നുള്ള മരണസംഖ്യ 50 ആയി ഉയര്‍ന്നതായും 335 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ അധികൃതര്‍ പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സേനാകേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണവും തുടരുന്നു. ഇറാനുമായുള്ള നിലവിലെ സംഘര്‍ഷത്തിന്റെ ഭാവി എന്താകുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാകില്ലെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍. ഇറാനിലെ ജനങ്ങള്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തിന്റെ മാറ്റത്തിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മറ്റൊരു രാജ്യത്ത് പോയി അവിടെ പുതിയ ഭരണകൂടമോ രാഷ്ട്രീയ സാഹചര്യമോ കെട്ടിപ്പടുക്കുന്ന 'നേഷന്‍ ബില്‍ഡിംഗ്' ബിസിനസ്സിന് അമേരിക്കക്ക് താല്പര്യമില്ലെന്ന് ജോണ്‍സണ്‍ തുറന്നടിച്ചു. അതേസമയം യുദ്ധസമയത്തെ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിന് യുഎസ് കോണ്‍ഗ്രസില്‍ ഇന്ന് വോട്ടിങ് നടക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമിതാധികാരപ്രയോഗം നടത്തുന്നുവെന്ന് ഡെമോക്രാറ്റുകള്‍ വിമര്‍ശിച്ചു. യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ട്രംപ് പറഞ്ഞു.

യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടേണ്ടതുണ്ടെന്നും കത്തില്‍ ട്രംപ് പരാമര്‍ശിക്കുന്നു. ട്രംപിന്റെ യുദ്ധ പദ്ധതികളെപ്പറ്റി അറിവില്ലെന്ന് യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചു.

Ads by Google
Ads by Google
TRENDING NOW