-->
ടെഹ്‌റാന്‍: പശ്‌ചിമേഷ്യയില്‍ യുദ്ധം തുടരുന്ന പശ്‌ചാത്തലത്തില്‍ വരാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കുന്ന കാര്യം കരിനിഴലില്‍. യു.എസ്. ആതിഥേയത്വം വഹിക്കുന്നതിനാല്‍ അവിടേക്ക് പോയി ലോകകപ്പ് കളിക്കാന്‍ ഇറാന്‍ തയാറാകുമോ എന്നതില്‍ ഉറപ്പില്ല. കൂടാതെ ഇറാന്‍ താരങ്ങള്‍ക്ക് കളിക്കാനുള്ള അനുമതി ലഭിക്കുമോ എന്നും പറയാന്‍ കഴിയില്ല. ഇറാന്‍ പൗരന്മാര്‍ക്ക് യാത്രാവിലക്കുണ്ടെങ്കിലും കായികതാരങ്ങള്‍ക്ക് രാജ്യം ഇളവുണ്ട്. സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ യു.എസ്. കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ജിയിലാണ് ഇറാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബെല്‍ജിയം, ഈജിപ്‌ത്, ന്യൂസിലന്‍ഡ് ടീമുകളാണ് ഗ്രൂപ്പിലെ മറ്റംഗങ്ങള്‍. ഇറാന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ യു.എസിലാണ്. ലോകകപ്പില്‍ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നാണ് ഇറാന്‍ ഫുട്‌ബോള്‍ അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് മുന്‍പ് ദേശീയഗാനം ആലപിക്കാന്‍ ഇറാന്‍ വനിതാ താരങ്ങള്‍ തയാറായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏഷ്യന്‍ കപ്പ് മത്സരത്തില്‍ ദക്ഷിണകൊറിയക്കെതിരായ മത്സരത്തിന് മുന്‍പാണ് സംഭവം. വനിതാ താരങ്ങളും പരിശീലകരും ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് നിശബ്‌ദമായിരുന്നു. ഇറാന്‍ പരിശീലകന്‍ യു.എസ് ആക്രമണത്തെ സംബന്ധിച്ചോ പരമോന്നത നേതാവ് ഖമിനേയിയുടെ മരണത്തെ കുറിച്ചോ പ്രതികരിക്കാനും തയ്യാറായില്ല.
ഇറാനുള്‍പ്പെടെ 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്കുണ്ട്. അതിനാല്‍ ഇറാന്‍ പൗരന്മാര്‍ക്ക് യു.എസില്‍വച്ച് കളികാണാന്‍ സാധിച്ചേക്കില്ല. കഴിഞ്ഞ വര്‍ഷം ജൂണിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. അഫ്‌ഗാനിസ്‌താന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്‌തി, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. ക്യൂബ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു.
അമേരിക്കയുടെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം.യു.എസ്.എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യു.എസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്‌റ്റണ്‍, അറ്റ്‌ലാന്റ, ലോസ് ആഞ്‌ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്‌റ്റണ്‍, മയാമി എന്നിവിടങ്ങളിലായി 11 സ്‌റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും. കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്‌സിക്കോയില്‍ മൂന്നും (മെക്‌സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.