Friday, March 13, 2026 Last Updated 33 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.38 PM

ട്വന്റി20 ലോകകപ്പ്‌ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം, ന്യൂസിലന്‍ഡ്‌ ദക്ഷിണാഫ്രിക്കയെ നേരിടും , ഇന്ത്യാ-ഇംഗ്ലണ്ട്‌ പോരാട്ടം നാളെ

uploads/news/2026/03/828314/sp1.jpg

കൊല്‍ക്കത്ത: ആവേശകരമായ ട്വന്റി20 ലോകകപ്പ്‌ 2026-ലെ ജേതാക്കളെ അറിയാന്‍ ഇനി മൂന്ന്‌ മത്സരം മാത്രം. തീപാറുന്ന സെമി പോരാട്ടങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കമാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്‌ സ്‌റ്റേഡിയത്തില്‍ ഇന്ന്‌ വൈകിട്ട്‌ എഴിനു നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും കൊമ്പുകോര്‍ക്കും.
മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന്‌ ചാനലിലും ജിയോ ഹോട്‌ സ്‌റ്റാറിലും തല്‍സമയം കാണാം. ഇന്ന്‌ ജയിക്കുന്നവര്‍ നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിലെ ഇന്ത്യാ-ഇംഗ്ലണ്ട്‌ മത്സരത്തിലെ വിജയിയെ ഫൈനലില്‍ നേരിടും.

ശക്‌തി ദൗര്‍ബല്യങ്ങള്‍

അംഗബലം കൊണ്ടും ''ആയുധ ബലം'' കൊണ്ടും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.
ടൂര്‍ണമെന്റിലുടനീളം തോല്‍വി അറിയാതെ മുന്നേറുന്ന ദക്ഷിണാഫ്രിക്കയും തകര്‍പ്പന്‍ ഫോമിലുള്ള ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കടുക്കുമെന്ന്‌ ഉറപ്പാണ്‌.
ട്വന്റി20 ലോകകപ്പ്‌ ചരിത്രത്തില്‍ അഞ്ച്‌ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന്‌ മത്സരങ്ങള്‍ വിജയിലച്ച ന്യൂസിലന്‍ഡിനാണ്‌ മുന്‍തൂക്കം. രണ്ട്‌ മത്സരങ്ങള്‍ മാത്രമാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയിക്കാനായത്‌. പതിനൊന്നാമന്‍ വരെ ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ്‌ ന്യൂസിലന്‍ഡ്‌ ടീം. ബൗളിങ്ങില്‍ ന്യൂസിലന്‍ഡ്‌ പക്ഷത്ത്‌ മാറ്റ്‌ ഹെന്‍ഡ്രി, രചിന്‍ രവീന്ദ്ര, എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റര്‍മാരെ വിരട്ടാന്‍ പോന്നവരാണ്‌. ക്യാപ്‌റ്റനും ഓള്‍ റൗണ്ടറുമായ മിച്ചല്‍ സാന്‍റ്റ്‌നര്‍ തന്നെയാണ്‌ കിവീസ്‌ പക്ഷത്തെ തുറുപ്പ്‌ ചീട്ട്‌. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഏതൊരു എതിരാളിയെയും കീഴ്‌പ്പെടുത്താനുള്ള കഴിവ്‌ അദ്ദേഹത്തിനുണ്ട്‌. ബാറ്റിങ്ങില്‍ ഫിന്‍ അലന്‍, മാര്‍ക്ക്‌ ചാപ്‌മാന്‍, ഡിവോണ്‍ കോണ്‍വേ, ഡാരല്‍ മിച്ചെല്‍ ഗ്ലെന്‍ ഫിലിപ്പ്‌സ് എന്നിവര്‍ കിവീസിന്റെ ഫൈനല്‍ മോഹങ്ങള്‍ക്ക്‌ തെളിച്ചമേകുന്നു.
അതേ സമയം ഏതു വമ്പന്‍ ടീമിനെയും കീഴ്‌പ്പെടുത്താനുള്ള ആഫ്രിക്കന്‍ കരുത്തുമായിട്ടാണ്‌ ദക്ഷിണാഫ്രിക്കയുടെ വരവ്‌. എയ്‌ഡന്‍ മാര്‍ക്രം നയിക്കുന്ന ടീമില്‍ കരുത്തുറ്റ ബാറ്റിങ്‌-ബൗളിങ്‌ മികവാണ്‌ പ്രതീക്ഷയേകുന്നത്‌. ക്വിന്റന്‍ ഡി കോക്ക്‌, ഓള്‍ റൗണ്ടര്‍ കോര്‍ബിന്‍ ബോഷ്‌, എയ്‌ഡന്‍ മാര്‍ക്രം, ഡേവാല്‍സ്‌ ബ്രെവിസ്‌, ഡേവിഡ്‌ മില്ലര്‍ എന്നിവരടങ്ങുന്ന ലോകോത്തര ബാറ്റിങ്‌ നിര ദക്ഷിണാഫ്രിക്കന്‍ ടീമിനെ കരുത്തരാക്കുന്നു. അതേസമയം ലുങ്കി ഇന്‍ഗിഡി, കഗിമസാ റിബാര്‍ഡ, കേശവ്‌ മഹാരാജ്‌ എന്നിവരടങ്ങുന്ന ബോളിങ്‌ നിര അതി ശക്‌തമാണ്‌.
ന്യൂസിലന്‍ഡിനേപ്പോലെ വാലറ്റത്ത്‌ ബാറ്റ്‌ ചെയ്യാന്‍ കഴിയുന്ന ഓള്‍ റൗണ്ടര്‍മാരില്ല എന്നത്‌ ദക്ഷിണാഫ്രിക്കയുടെ ഒരു ബലഹീനതയാണ്‌. എന്നാലും ഏതു പ്രതിസന്ധി ഘട്ടത്തിലും ബാറ്റ്‌ കൊണ്ട്‌ മായാജാലം തീര്‍ക്കുന്നവരും ടീമിലുണ്ട്‌.

മഴ വന്നാല്‍

കൊല്‍ക്കത്തയില്‍ മഴ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കളി തടസപ്പെട്ടാല്‍ ഫൈനലിസ്‌റ്റുകളെ എങ്ങനെ നിശ്‌ചയിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്‌ ക്രിക്കറ്റ്‌ ലോകം. നിലവിലെ കാലാവസ്‌ഥാ റിപ്പോര്‍ട്ടുകള്‍ ആശ്വാസകരമാണെങ്കിലും അപ്രതീക്ഷിതമായി മഴയെത്തിയാല്‍ നേരിടാന്‍ ഐ.സി.സി. കര്‍ശനമായ നിയമങ്ങളാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌.
സൂപ്പര്‍ 8 ഘട്ടത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി സെമി ഫൈനലിനും ഫൈനലിനും ഐ.സി.സി. റിസര്‍വ്‌ ഡേ അനുവദിച്ചിട്ടുണ്ട്‌. ഇന്ന്‌ നിശ്‌ചിത സമയത്ത്‌ കളി നടന്നില്ലെങ്കില്‍ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ്‌ ഉപയോഗിച്ച്‌ മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. അപ്പോഴും കളി സാധ്യമായില്ലെങ്കില്‍ മത്സരം നാളത്തേയ്‌ക്ക്‌ മാറ്റും.
ഇന്ന്‌ കളി എവിടെയാണോ നിര്‍ത്തിയത്‌ അവിടെ നിന്നുതന്നെ നാളെ കളി പുനരാരംഭിക്കും എന്നതാണ്‌ പ്രത്യേകത. ആരാധകര്‍ക്ക്‌ നിരാശ നല്‍കുന്ന രീതിയില്‍ റിസര്‍വ്‌ ദിനത്തിലും കളി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍, വിജയികളെ തീരുമാനിക്കാന്‍ ടോസോ സൂപ്പര്‍ ഓവറോ ഉണ്ടാകില്ല. പകരം സൂപ്പര്‍ 8 ഘട്ടത്തിലെ പോയിന്റ്‌ നിലയാകും മാനദണ്ഡമാക്കുക.
സൂപ്പര്‍ 8 ഘട്ടത്തിലെ പ്രകടനം വിലയിരുത്തിയാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കാണ്‌ മുന്‍തൂക്കം. ഗ്രൂപ്പ്‌ 1-ല്‍ കളിച്ച മൂന്ന്‌ മത്സരങ്ങളും ജയിച്ച്‌ 6 പോയിന്റോടെ ഒന്നാം സ്‌ഥാനക്കാരായാണ്‌ അവര്‍ സെമിയിലെത്തിയത്‌. എന്നാല്‍ ന്യൂസിലന്‍ഡ്‌ ഗ്രൂപ്പ്‌ 2-ല്‍ 3 പോയിന്റുമായി രണ്ടാം സ്‌ഥാനക്കാരായാണ്‌ യോഗ്യത നേടിയത്‌. അതിനാല്‍ മഴ മൂലം മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നാല്‍ ദക്ഷിണാഫ്രിക്ക നേരിട്ട്‌ ഫൈനലിലേക്ക്‌ പ്രവേശിക്കും. സൂപ്പര്‍ 8-ല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍, ഗ്രൂപ്പ്‌ ഘട്ടത്തിലെ തോല്‍വിക്ക്‌ പകരം വീട്ടാനാണ്‌ കെയ്‌ന്‍ വില്യംസണും സംഘവും ലക്ഷ്യമിടുന്നത്‌.

Ads by Google
Tuesday 03 Mar 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW