-->
കോഴിക്കോട്: ഇറാഖ്- കുവൈത്ത് യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ ഒന്നരലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രമന്ത്രിയെന്നനിലയില്‍ കെ.പി. ഉണ്ണിക്കൃഷ്‌ണന്‍ നടത്തിയ ഇടപെടല്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അന്ന് ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാംഹുസൈനെ രഹസ്യകേന്ദ്രത്തില്‍ ചെന്ന് കണ്ടാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സുഗമമായി പറക്കാനുള്ള അനുമതി ഉണ്ണിക്കൃഷ്‌ണന്‍ നേടിയെടുത്തത്. മടങ്ങിയവരില്‍ ഒരുലക്ഷത്തോളം പേര്‍ മലയാളികളായിരുന്നു.
കൊയിലാണ്ടിയിലെ അഡ്വ. ഇ.കുഞ്ഞിക്കണ്ണന്‍ നായരുടെയും കെ.പി.അമ്മുക്കുട്ടിഅമ്മയുടെയും മകനായി 1936 സെപ്‌റ്റംബര്‍ 20-ന് ജനിച്ച ഉണ്ണിക്കൃഷ്‌ണന്‍ കൊയിലാണ്ടിയില്‍ നിന്ന് എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയശേഷം ചെന്നൈ ക്രിസ്‌ത്യന്‍ കോളജില്‍നിന്ന് ഇന്റര്‍മീഡിയേറ്റും ചെന്നൈ പ്രസിഡന്‍സി കോളജില്‍നിന്ന് ബി.എ. ഓണേഴ്‌സും പാസായി. മദ്രാസ് ലോ കോളജില്‍നിന്ന് ബി.എല്‍. പാസായി.
ചെന്നൈയില്‍ വിദ്യാര്‍ഥിയായിരിക്കെ സോഷ്യലിസ്‌റ്റ് യുവജനപ്രസ്‌ഥാനങ്ങളുടെ നേതൃത്വത്തിലേക്കു വന്ന കെ.പി. ഉണ്ണിക്കൃഷ്‌ണന്‍ ഈ കാലയളവില്‍ ചന്ദ്രശേഖര്‍, രാംമനോഹര്‍ലോഹ്യ, ഡോ.അശോക് മേത്ത, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ സോഷ്യലിസ്‌റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തി. പിന്നീടു കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം വടകരയില്‍നിന്നു തുടര്‍ച്ചയായി പാര്‍ലമെന്റ് അംഗമായി. ഇടക്കാലത്ത് മാധ്യമപ്രവര്‍ത്തകനായും തിളങ്ങി. ബ്ലിറ്റ്‌സിലെ ജേണലിസ്‌റ്റായി പ്രവര്‍ത്തിച്ചശേഷം മാതൃഭൂമിയുടെ ഡല്‍ഹി ബ്യൂറോയില്‍ രാഷ്‌ട്രീയകാര്യലേഖകനായും ജോലി ചെയ്‌തു.
കേന്ദ്രസര്‍ക്കാരിന്റെ യുവജനപ്രതിനിധിസംഘത്തില്‍ റഷ്യ, ചൈന എന്നിവിടങ്ങളില്‍ ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തു. മാവോ, ചൗഹന്‍ലായി, ഡങ്ങ് സിയാവോ പിങ്ങ് തുടങ്ങിയ ലോകനേതാക്കളെ കാണാന്‍ ഈ യാത്രകള്‍ അവസരമായി.
പാര്‍ലമെന്റില്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി, എസ്‌റ്റിമേറ്റ്‌സ് കമ്മിറ്റി അംഗം, വിവിധ വിഷയങ്ങളില്‍ സെലക്‌റ്റ് കമ്മിറ്റി അംഗം, യു.എന്നില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി സംഘം, വിയന്ന, പാരിസ്, യു.കെ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളില്‍ പാര്‍ലമെന്റ് പ്രതിനിധി സംഘം എന്നനിലയില്‍ പങ്കെടുത്തിട്ടുണ്ട്. മൂന്ന് തവണ യു.എന്നില്‍ പ്രസംഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശനയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒട്ടേറെ വിദേശസര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്.
രാജീവ്‌ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ 1994-ല്‍ ഉണ്ണിക്കൃഷ്‌ണന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി. 1996-ല്‍ വടകരയില്‍നിന്ന് വീണ്ടും യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ഒ. ഭരതനോട് പരാജയപ്പെട്ടു. നരസിംഹറാവു മാറി സോണിയാഗാന്ധി എ.ഐ.സി.സി പ്രസിഡന്റായി വന്ന ശേഷം ഉണ്ണിക്കൃഷ്‌ണന് കോണ്‍ഗ്രസില്‍ പഴയ സ്വാധീനം നിലനിര്‍ത്താനായില്ല. പലതവണ രാജ്യസഭയിലേക്കും മറ്റ് പ്രധാനപദവികളിലേക്കും ഉണ്ണിക്കൃഷ്‌ണന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും അതൊന്നും നടപ്പായില്ല. ഇപ്പോള്‍ എ.ഐ.സി.സി അംഗമാണ്.