-->
തിരുവനന്തപുരം: കെ.പി.സി.സി. നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി പേരാവൂര്‍ പോരാട്ടവും പാലക്കാട്ടെ സ്‌ഥാനാര്‍ഥി വിവാദവും. പേരാവൂരില്‍ കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് വീണ്ടും മത്സരരംഗത്തിറങ്ങുന്ന സാഹചര്യത്തില്‍ സംഘടനാച്ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്‌തമായി.
പേരാവൂരില്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥിയായി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ കെ.കെ. ശൈലജ മത്സരിക്കാന്‍ സാധ്യത തെളിഞ്ഞതോടെ സണ്ണി ജോസഫിനു മണ്ഡലത്തില്‍ മുഴുവന്‍സമയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പാലക്കാട്ടെ സ്‌ഥാനാര്‍ഥി നിര്‍ണയവും കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കു വെടിമരുന്നായി. നടന്‍ രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ ജില്ലാനേതൃത്വത്തിനു കടുത്ത എതിര്‍പ്പുണ്ടെന്നാണ് സൂചന. ഷാഫി പറമ്പില്‍ എം.പിയുടെ പിന്തുണയോടെയാണ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കമെന്നും ആരോപണമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലാത്ത കൊടിക്കുന്നില്‍ സുരേഷ് എം.പിയേയോ ഷാഫി പറമ്പില്‍ എം.പിയേയോ കെ.പി.സി.സി. അധ്യക്ഷന്റെ താത്‌കാലിക ചുമതല ഏല്‍പ്പിക്കണമെന്ന വാദവും ശക്‌തമാണ്.
രമേശ് ചെന്നിത്തല കെ.പി.സി.സി. അധ്യക്ഷനായിരിക്കേ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നു സണ്ണി മറുവാദമുന്നയിക്കുന്നു. സി.പി.എം. കനത്തവെല്ലുവിളി ഉയര്‍ത്തുന്ന പേരാവൂരും ആഭ്യന്തരകലഹം രൂക്ഷമായ പാലക്കാടുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലെ കീറാമുട്ടികള്‍.
സുനില്‍ ജെ. സണ്ണി