-->
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണ ശ്രമങ്ങള്‍ സായുധ സേന പരാജയപ്പെടുത്തിയെന്നു ഖത്തര്‍. വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ ഖത്തറിന്റെ പ്രതിരോധ സംവിധാനം ആകാശത്തുവച്ചുതന്നെ തകര്‍ത്തു.
ഒരു മിസൈല്‍ പോലും വിമാനത്താവളത്തില്‍ എത്തിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്‌താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ആക്രമണം തുടങ്ങിയത് മുതല്‍ ഖത്തര്‍ ഇറാനുമായി യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ല. സൈനിക കേന്ദ്രങ്ങള്‍ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ ഭൂപ്രദേശവുമാണ് ഇറാന്റെ ലക്ഷ്യം.
കഴിഞ്ഞ രണ്ടിനു ഖത്തര്‍ വെടിവച്ചിട്ട ഇറാനിയന്‍ വിമാനത്തിലെ ജീവനക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മിസൈല്‍ ആക്രമണമുണ്ടായ വ്യാവസായിക കേന്ദ്രങ്ങളിലെ നാശനഷ്‌ടങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിഞ്ഞു. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നേരെയുണ്ടായ ഈ ആക്രമണത്തിന് ഉചിതമായ മറുപടി നല്‍കാനുള്ള അവകാശം ഖത്തറിനുണ്ട്.'- ഖത്തര്‍ വിദേശമന്ത്രാലയം വ്യക്‌തമാക്കി.