Saturday, March 14, 2026 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌; വേഗം സ്‌ഥലംവിടണം(പറ്റുമെങ്കില്‍)

uploads/news/2026/03/828283/int1.jpg

ദുബായ്‌: ഇറാന്‍ യുദ്ധത്തെ തുടര്‍ന്നു വ്യോമഗതാഗത രംഗത്ത്‌ പ്രതിസന്ധി. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ചിലത്‌ അടഞ്ഞുകിടക്കുകയാണ്‌. മേഖലയില്‍നിന്ന്‌ ഏതാനും വിമാനങ്ങള്‍ മാത്രമാണു പുറപ്പെടുന്നത്‌.
തങ്ങളുടെ പൗരന്മാരോട്‌ ലഭ്യമായ വാണിജ്യ വിമാനങ്ങളില്‍ ഉടന്‍ മേഖല വിടാന്‍ യു.എസ്‌. നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇറാനു ചുറ്റുമുള്ള വ്യോമമേഖല ഇന്നലെയും അടഞ്ഞുകിടന്നു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ മേഖലയിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
യു.എ.ഇയിലെ ദുബായ്‌, അബുദാബി തുടങ്ങിയ മേഖലകളില്‍നിന്നുള്ള ചില വിമാനങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെങ്കിലും സ്‌ഥിതിഗതികള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്കു ജാഗ്രതാ നിര്‍ദേശം വിവിധ സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ട്‌.
തിങ്കളാഴ്‌ച സൗദി അറേബ്യയെ ഇറാന്‍ ആക്രമിച്ചത്‌ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്‌. വിമാന ഗതാഗത ട്രാക്കിങ്‌ വെബ്‌സൈറ്റായ ഫൈ്ലറ്റ്‌റഡാര്‍24 ല്‍നിന്നുള്ള വിവരം അനുസരിച്ച്‌ ഇന്നലെ രാവിലെ യു.എ.ഇ, ഖത്തര്‍, കുവൈത്ത്‌, ഇസ്രയേല്‍, ബഹ്‌റൈന്‍, ഇറാഖ്‌, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ വ്യോമമേഖല ഏതാണ്ട്‌ പൂര്‍ണമായും അടഞ്ഞുകിടക്കുകയായിരുന്നു. മേഖല ആസ്‌ഥാനമാക്കി നിരവധി വിമാന കമ്പനികളാണു പ്രവര്‍ത്തിക്കുന്നത്‌. എമിറേറ്റ്‌സ്‌, ഇത്തിഹാദ്‌ (ദുബായ്‌, അബുദാബി എന്നിവിടങ്ങളില്‍നിന്നുള്ള പ്രധാന എയര്‍ലൈനുകള്‍), ഖത്തര്‍ എയര്‍വേയ്‌സ്‌ (ദോഹ ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്നു) എന്നിവയാണ്‌ മേഖലയില്‍നിന്നുള്ള വിമാന കമ്പനികള്‍. ഓരോ വര്‍ഷവും ലക്ഷക്കണക്കിന്‌ യാത്രക്കാര്‍ ഈ വിമാന കമ്പനികളെ ആശ്രയിക്കുന്നു.
യുദ്ധത്തെത്തുടര്‍ന്ന്‌ എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ തങ്ങളുടെ എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. തിങ്കളാഴ്‌ച രാത്രി പരിമിതമായ ചില സര്‍വീസുകള്‍ പുനരാരംഭിച്ചു. ഫൈ്ല ദുബായിയും തിങ്കളാഴ്‌ച ഏതാനും സര്‍വീസുകള്‍ പുനരാരംഭിച്ചു.
ഇന്നലെ രാവിലെ ദുബായ്‌ എയര്‍പോര്‍ട്ട്‌ വെബ്‌സൈറ്റ്‌ അനുസരിച്ച്‌, പല വാണിജ്യ വിമാനങ്ങളും പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്‌തിട്ടുണ്ട്‌. പക്ഷേ, എയര്‍ലൈനില്‍നിന്ന്‌ നേരിട്ടുള്ള സന്ദേശം ലഭിച്ചാല്‍ മാത്രമേ വിമാനത്താവളത്തിലേക്കു പോകാവൂ എന്ന്‌ യാത്രക്കാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
യു.എ.ഇ. സമയം ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ട്‌ വരെ അബുദാബിയില്‍നിന്നുമുള്ളതും അവിടേക്കുള്ളതുമായ ഇത്തിഹാദ്‌ എയര്‍ലൈന്‍സിന്റെ എല്ലാ ഷെഡ്യൂള്‍ഡ്‌ വാണിജ്യ വിമാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്‌.
ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലെ ഹമദ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നുമുള്ളതും അവിടേക്കുള്ളതുമായ വിമാനങ്ങള്‍ ഖത്തര്‍ വ്യോമമേഖല അടച്ചിട്ടതിനാല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌.
സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ ബഹ്‌റൈന്‍, ഈജിപ്‌, ഇറാന്‍, ഇറാഖ്‌, ഇസ്രായേല്‍, വെസ്‌റ്റ്‌ ബാങ്ക്‌, ഗാസ, ജോര്‍ദാന്‍, കുവൈത്ത്‌, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്‌, യെമന്‍ എന്നിവിടങ്ങളില്‍നിന്ന്‌ യു.എസ്‌. പൗരന്മാര്‍ ലഭ്യമായ വാണിജ്യ വിമാനങ്ങളില്‍ പുറത്തുകടക്കണമെന്നു വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്‌. എന്നാല്‍, വിമാനങ്ങള്‍ വളരെ കുറവായതിനാല്‍ ആ നിര്‍ദേശം നടപ്പാകാന്‍ പ്രയാസമാണ്‌.
അടിയന്തര സാഹചര്യങ്ങളില്‍ പൗരന്മാരെ ബന്ധപ്പെടാന്‍ സഹായിക്കുന്ന സ്‌മാര്‍ട്ട്‌ ട്രാവലര്‍ എന്റോള്‍മെന്റ്‌ പ്രോഗ്രാമില്‍ (എസ്‌.ടി.ഇ.പി) ചേരാനും പൗരന്മാര്‍ക്ക്‌ യു.എസ്‌. നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
യു.എ.ഇയിലുള്ള പൗരന്മാരോട്‌ മടങ്ങാന്‍ കാനഡ നിര്‍ദേശം നല്‍കി.
ബഹ്‌റൈന്‍, ഇറാഖ്‌, ഇസ്രായേല്‍, പലസ്‌തീന്‍, കുവൈത്ത്‌, ലെബനന്‍, ഖത്തര്‍, യു.എ.ഇ. എന്നിവിടങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നത്‌ ഒഴിവാക്കാനും ജോര്‍ദാന്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും കാനഡ നിര്‍ദേശം നല്‍കി. ബഹ്‌റൈന്‍, ഇസ്രായേല്‍, കുവൈത്ത്‌, പലസ്‌തീന്‍, ഖത്തര്‍, യു.എ.ഇ. എന്നിവിടങ്ങളിലുള്ള ബ്രിട്ടീഷ്‌ പൗരന്മാരോട്‌ നേരിട്ടുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി അവരുടെ സാന്നിധ്യം രജിസ്‌റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്‌ ഇസ്രായേല്‍, ഇറാന്‍, ഖത്തര്‍, യു.എ.ഇ. എന്നിവിടങ്ങളിലുള്ള പൗരന്മാര്‍ക്കായി അടിയന്തര പോര്‍ട്ടല്‍ തുറന്നിട്ടുണ്ട്‌. വരും ദിവസങ്ങളില്‍ ഗുരുതരമായ യാത്രാ തടസങ്ങള്‍ നേരിടാന്‍ തയാറെടുക്കണമെന്നു വിദേശത്തുള്ള ഓസ്‌ട്രേലിയന്‍ പൗരന്മാരോട്‌ അവര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
ബഹ്‌റൈന്‍, ഇറാന്‍, ഇറാഖ്‌, ഇസ്രായേല്‍, കുവൈത്ത്‌, ലെബനന്‍, പലസ്‌തീന്‍, ഖത്തര്‍, സിറിയ, യുഎഇ, യെമന്‍ എന്നിവിടങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നത്‌ ഒഴിവാക്കണമെന്നും അവര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ജോര്‍ദാന്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള യാത്ര പുനരാലോചിക്കണമെന്നും നിര്‍ദേശമുണ്ട്‌.
ഫൈ്ലറ്റ്‌അവേര്‍.കോമിന്റെ കണക്ക്‌ പ്രകാരം ഇന്നലെ രാവിലെ വരെ 1,000ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്‌. മേഖലയ്‌ക്ക്‌ പുറത്തുള്ള വിമാനസര്‍വീസുകളും സംഘര്‍ഷ മേഖലയ്‌ക്ക്‌ സമീപം പറക്കേണ്ടിയിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുന്നുണ്ട്‌.
ജര്‍മ്മന്‍ എയര്‍ലൈനായ ലുഫ്‌താന്‍സ, ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ഇന്നു വരെ നിര്‍ത്തിവച്ചിട്ടുണ്ട്‌. ടെല്‍ അവീവ്‌, ബെയ്‌റൂട്ട്‌, അമ്മാന്‍, എര്‍ബില്‍, ദമാം, ടെഹ്‌റാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും ഈ മാസം 8 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്‌.
വിമാനം റദ്ദാക്കിയാല്‍
എന്തുചെയ്യണം?
യാത്രികര്‍ എത്രയും പെട്ടെന്ന്‌ അവരുടെ എയര്‍ലൈന്‍ അല്ലെങ്കില്‍ ട്രാവല്‍ ഏജന്റുമായി ബന്ധപ്പെട്ട്‌ റീബുക്കിങ്‌, റീഫണ്ട്‌ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടണമെന്ന്‌ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌. അതിനുള്ള നയങ്ങള്‍ എയര്‍ലൈനുകള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും.
എമിറേറ്റ്‌സ്‌ വെബ്‌സൈറ്റ്‌ അനുസരിച്ച്‌, യാത്രക്കാര്‍ക്ക്‌ ഈ മാസം 20ന്‌ മുമ്പുള്ള യാത്രയ്‌ക്കായി മറ്റൊരു വിമാനം ബുക്ക്‌ ചെയ്യാം അല്ലെങ്കില്‍ റീഫണ്ട്‌ ആവശ്യപ്പെടാം.
ഈ വര്‍ഷം ഫെബ്രുവരി 28 നു മുമ്പ്‌ ടിക്കറ്റ്‌ എടുത്ത, ഈ മാസം 7 വരെയുള്ള യഥാര്‍ത്ഥ യാത്രാ തീയതിയുള്ള ഇത്തിഹാദ്‌ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക്‌, 18 വരെയുള്ള ഇത്തിഹാദ്‌ വിമാനങ്ങളില്‍ സൗജന്യമായി റീബുക്ക്‌ ചെയ്യാം.
വ്യോമമേഖല അടഞ്ഞുകിടക്കുന്നതിനാല്‍, പല സര്‍ക്കാരുകള്‍ക്കും അവരുടെ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല. പൗരന്മാരെ തിരിച്ചെത്തിക്കാന്‍ നിലവില്‍ സാധ്യതയില്ലെന്നു നെതര്‍ലാന്‍ഡ്‌സ്‌ സര്‍ക്കാര്‍ അറിയിച്ചു.
തിങ്കളാഴ്‌ച രാത്രി ദുബായില്‍നിന്ന്‌ പുറപ്പെടാന്‍ അനുമതി ലഭിച്ച ചില പ്രത്യേക വിമാനങ്ങള്‍ ഇന്ത്യയിലേക്ക്‌ പോയി. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ ഇന്ത്യയില്‍നിന്ന്‌ ദുബായിലേക്ക്‌ പുറപ്പെട്ട ഒരു വിമാനം തിരികെ പറക്കേണ്ടി വന്നു.
ഫിലിപ്പൈന്‍സ്‌ ഗവണ്‍മെന്റ്‌, ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ പുറത്തുകടക്കാന്‍ സാധ്യമായ മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്‌, കര, കടല്‍, അല്ലെങ്കില്‍ വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള യാത്രയ്‌ക്കായി സൈനിക സഹായവും സ്വകാര്യ മേഖലയുടെ സഹായവും പരിഗണിക്കുന്നുണ്ട്‌.
സംഘര്‍ഷ സമയത്ത്‌ രാജ്യത്ത്‌ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന്‌ യാത്രികരുടെ ഭക്ഷണത്തിന്റെയും താമസസൗകര്യങ്ങളുടെയും ചെലവ്‌ വഹിക്കുമെന്ന്‌ യു.എ.ഇ. അറിയിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW