-->
ന്യൂഡല്‍ഹി: പശ്‌ചിമേഷ്യ യുദ്ധത്തില്‍ പരമ്പരാഗത ആയുധങ്ങള്‍ക്കുപുറമേ ഡ്രോണുകള്‍ വിനാശം വിതയ്‌ക്കുമ്പോള്‍ ഈ ശ്രേണിയിലെ ഇന്ത്യയുടെ ഉത്തരംഅണിയറയില്‍ ഒരുങ്ങുന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രഹരശേഷി ഏല്‍പ്പിക്കാമെന്നതാണ് ഡ്രോണുകളുടെ സവിശേഷത. ഷാഹെദ്-136 എന്ന ഇറാന്റെ ഡ്രോണിന് അമേരിക്കയുടെ മറുപടിയാണു 'ലൂക്കാസ്'. ഈ ഗണത്തിലെ ഇന്ത്യയുടെ മറുപടിയാണ് ശേഷ്‌നാഗ്-150.
ബംഗളുരു കേന്ദ്രമായ പ്രതിരോധ സ്‌റ്റാര്‍ട്ടപ്പ് 'ന്യൂസ്‌പേസ് റിസര്‍ച്ച് ടെക്‌നോളജീസാ(എന്‍.ആര്‍.ടി)'ണ് ശേഷ്‌നാഗിന്റെ നിര്‍മാതാക്കള്‍. ദീര്‍ഘദൂര ലക്ഷ്യത്തിലേക്ക് അനായാസം കടന്നുകയറാന്‍ ശേഷിയുള്ള ശേഷ്‌നാഗിന്റെ ആദ്യപറക്കല്‍ ഒരുവര്‍ഷം മുമ്പായിരുന്നു. എന്നാല്‍, ഓപ്പറേഷന്‍ സിന്ദൂറില്‍ എന്‍.ആര്‍.ടിയില്‍ത്തന്നെ പിറവിയെടുത്ത മറ്റു ഡ്രോണുകളാണ് സേന ഉപയോഗിച്ചത്. തദ്ദേശീയമായതും കൂടുതല്‍ പരിപക്വവുമായ ദീര്‍ഘദൂര പ്രഹരശേഷിയുള്ള ഡ്രോണുകളുടെ അടിയന്തര ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
പശ്‌ചിമേഷ്യയിലെ പോരാട്ടത്തില്‍ ഇറാന്‍ ഉപയോഗിക്കുന്ന ഷാഹെദ്-136 നിര്‍മാണ ആശയങ്ങള്‍ ശേഷ്‌നാഗിലും കടംകൊണ്ടിട്ടുണ്ട്. ഷാഹെദ് മാതൃകയാക്കിയാണ് അമേരിക്ക ലൂക്കാസ് വികസിപ്പിച്ചതും. പുതിയകാല യുദ്ധമുറകളില്‍ ഡ്രോണുകള്‍ക്കുള്ള സ്‌ഥാനം ഇറാന്‍-യു.എസ്-ഇസ്രയേല്‍ ഏറ്റുമുട്ടല്‍ ഊട്ടിയുറപ്പിക്കുന്നു. നിര്‍മാണച്ചെലവിലെ കുറവുതന്നെയാണ് ഇത്തരം 'ആളില്ലാ ആയുധ വാഹകരെ' ലോകരാജ്യങ്ങള്‍ക്കു പ്രിയങ്കരമാക്കുന്നത്.
ഈ ശ്രേണിയിലുള്ളവയെ ഉള്‍പ്പെടുത്തി കരുത്തുകൂട്ടണമെന്ന വാദം ഇന്ത്യന്‍ സേനയിലും ശക്‌തമാണ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്‌താന്‍ ഇത്തരം നൂറുകണക്കിനു ഡ്രോണുകളാണ് ഉപയോഗിച്ചത്. ആക്രമണത്തിനു മാത്രമല്ല, ഇന്ത്യന്‍ ഭൗമസാഹചര്യങ്ങളെ മനസിലാക്കാനും ഡ്രോണുകള്‍ വലിയ സംഭാവന നല്‍കി. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ ആക്രമണത്തിനു പ്രേരിപ്പിച്ച് 'യുദ്ധവിഭവ'ങ്ങളെ ക്ഷയിപ്പിക്കുകയെന്ന തന്ത്രവും പാകിസ്‌താന്‍ പയറ്റി. ഡ്രോണ്‍ കേന്ദ്രീകൃത യുദ്ധതന്ത്രങ്ങളിലേക്കുള്ള ചുവടുമാറ്റത്തോട് ഇന്ത്യക്കു മുഖംതിരിക്കാനാകില്ലെന്നു ചുരുക്കം.
ഈ സാഹചര്യത്തിലാണ് ശേഷ്‌നാഗിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നത്. ആയിരം കിലോമീറ്ററിലധികമാണ് ശേഷ്‌നാഗിന്റെ പ്രവര്‍ത്തനപരിധി. അഞ്ചു മണിക്കൂറില്‍ അധികം സക്രിയമായിരിക്കും. പരിമിതമായതോ അല്ലെങ്കില്‍ മനുഷ്യ ഇടപെടല്‍ ഒട്ടുമില്ലാതെയോ ശത്രുലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് പിന്തുടരാനും ആക്രമിക്കാനും സാധിക്കും. 25-40 കിലോഗ്രാം ആയുധശേഖരം വഹിക്കാനാകുമെന്നത് നിരീക്ഷണത്തിനൊപ്പം ആക്രമിക്കാനുള്ള ശേഷിയും ശേഷ്‌നാഗിനു നല്‍കുന്നു. അടിസ്‌ഥാന സൗകര്യങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാത്രമല്ല, ആള്‍നാശത്തിനും ഇവയ്‌ക്കു സാധിക്കുമെന്നു വ്യക്‌തം.
ഷാഹെദ്-136 ഡ്രോണുമായി താരതമ്യം ചെയ്യുമ്പോള്‍ സാങ്കേതിക മികവില്‍ ഒരുപടി മുന്നിലാണ് അമേരിക്കയുടെ ലൂക്കാസ്. ഹാക്കിങ്ങില്‍നിന്നു രക്ഷപ്പെടാന്‍ എലോണ്‍ മസ്‌ക്കിന്റെ സ്‌റ്റാര്‍ ലിങ്ക് ഇന്റര്‍നെറ്റ് സംവിധാനവുമായി ലൂക്കാസ് ബന്ധിപ്പിട്ടുണ്ടത്രേ. ലൂക്കാസിനേക്കാള്‍ സാങ്കേതികത്തികവില്‍ ശേഷ്‌നാഗ് പുറത്തിറക്കാനാണ് ഇന്ത്യയുടെ ശ്രമം. ഗേ്ലാബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലും പ്രവര്‍ത്തിക്കാനാകുന്ന ദൃശ്യ നാവിഗേഷന്‍ സംവിധാനത്തോടെയാകും ശേഷ്‌നാഗിന്റെ വരവെന്നാണു സൂചന.