-->
ഭാവഗായകൻ പി ജയചന്ദ്രനിക്കുറിച്ചുള്ള മനോഹരമായ ഓർമ പങ്കുവച്ച് ഗാനരചയിതാവ് ബി കെ ഹരിനാരായണൻ. ജയചന്ദ്രന്റെ 82-ാം ജന്മദിനം കൂടിയാണിന്ന്. ജയചന്ദ്രൻ തന്നെ എഴുതി സംഗീതം ചെയ്ത 'മിണ്ടാത്തത് എന്താണ് കൺമണി...' എന്ന പാട്ടിനൊപ്പമാണ് ഹരി നാരായണൻ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജയേട്ടൻ തന്നെ എഴുതി സംഗീതം ചെയ്ത് പാടുന്ന പാട്ട്. പല വട്ടം ഈ വിഡിയോ കണ്ടിട്ടുണ്ട്.
കാണുമ്പോഴൊക്കെ മനസ്സ് നിറയും. ഇപ്പോൾ കണ്ണുകളും എന്നാണ് ഹരിനാരായണൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ജയചന്ദ്രനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി കൂടിയാണ് ഹരി നാരായണൻ. കഴിഞ്ഞ വർഷം ജനുവരി 9 ന് ആയിരുന്നു ജയചന്ദ്രൻ ലോകത്തോട് വിട പറഞ്ഞത്.
ഹരി നാരായണൻ പങ്കുവച്ച കുറിപ്പ്
ഇന്ന് ജയേട്ടൻ്റെ ജന്മദിനം
ഇത് 2020 ഒക്ടോബർ ഏഴിനോ എട്ടിനോ ജയേട്ടൻ്റെ മകൾ ലക്ഷ്മി ജയചന്ദ്രൻ എടുത്ത് അയച്ചു തന്ന വിഡിയോ ആണ്. (അന്ന് ഈ വാളിൽ ഷെയർ ചെയ്തിട്ടുണ്ട്). പല വട്ടം ഈ വിഡിയോ കണ്ടിട്ടുണ്ട്. കാണുമ്പോഴൊക്കെ മനസ്സ് നിറയും. ഇപ്പോൾ കണ്ണുകളും. ജയേട്ടൻ തന്നെ എഴുതി സംഗീതം ചെയ്ത് പാടുന്ന പാട്ട്. ഇത് കണ്ട്, കേട്ട് ജയേട്ടനെ വിളിച്ചപ്പോൾ ചോദിച്ചു
"എങ്ങനെണ്ടഡൊ വരികൾ " ?
- "നല്ല രസം ണ്ട് ജയേട്ടാ "
"നന്നായിട്ടൊന്നും ണ്ടാവില്ല. വേണങ്കി തന്നോടോ, വേറേ ആരോടെങ്കിലോ പറഞ്ഞ് വരികൾ തിരുത്താം. അത് വേണ്ട. ഇതാ അതിൻ്റെ ഭംഗി "
അതെ പാട്ടിൻ്റെ ആ ഭാവ ഭംഗിക്ക്, ശബ്ദത്തിന് 82 വയസ്സ്. (അതോ ഇരുപത്തിയെട്ടാണോ ആവോ)
1965ൽ പുറത്തിറങ്ങിയ ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ ‘ഒരു മുല്ലപ്പൂമാലയുമായ് ’എന്ന ഗാനത്തിലൂടെയായിരുന്നു ഭാവഗായകന്റെ സിനിമ അരങ്ങേറ്റം. ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് ദേവരാജന്‍- പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ജയചന്ദ്രനെ തേടിയെത്തി. ഈ ഗാനം മലയാള സിനിമ സംഗീത ലോകത്ത് ജയചന്ദ്രന് സ്വന്തമായി ഇരിപ്പിടം നൽകി.