-->
അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ ആരാധകരെ അമ്പരപ്പിക്കുകയാണ് ശോഭന. നടിയുടെ പുതിയ ഒരു വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. തന്റെ വീടിന്റെ പെയിന്റിങ് ജോലികൾ താരം തന്നെ നേരിട്ട് ചെയ്യുന്നതാണ് വിഡിയോയിൽ കാണാനാവുക. ‘‘ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്ന ഇടം ഞാൻ തന്നെ ഒരുക്കുന്നു’’ എന്ന അടിക്കുറിപ്പോടെയാണ് ശോഭന വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
തന്റെ വീടിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വയം ചുവരുകൾ പെയിന്റ് ചെയ്യുന്നതിനെ ‘മൈ വേർഷൻ ഓഫ് ടെക്സ്ചർ പെയിന്റിങ്’ എന്നാണ് താരം വിശേഷിപ്പിച്ചത്. സിനിമയിലും നൃത്തവേദികളിലും മാത്രം കണ്ടുപരിചയിച്ച താരത്തിന്റെ ഈ പുതിയ വേഷം ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
നൃത്തവും അഭിനയവും മാത്രമല്ല, വീട് പെയിന്റ് ചെയ്യാനും താരത്തിന് അറിയാമല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. വിഡിയോ വൈറലായതോടെ രസകരമായ ഒട്ടേറെ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ശോഭനയ്ക്ക് തേപ്പും അറിയാമോ?’, ‘താരം തേച്ചു തുടങ്ങി’ എന്നിങ്ങനെ രസകരമായ പ്രതികരണങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്.
ലോക്ക്ഡൗൺ കാലം മുതൽ സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന, തന്റെ നൃത്തവിദ്യാലയത്തിലെ വിശേഷങ്ങളും യാത്രകളും പതിവായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇത്തവണ തന്റെ ക്രിയേറ്റീവ് ആയ മറ്റൊരു വശം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.