-->
രജത് കപൂറിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നടി ശോഭന. രണ്ടര ദശകത്തിന് ശേഷമുള്ള കൂടിക്കാഴ്ച എന്നാണ് ചിത്രത്തിനൊപ്പം നടി കുറിച്ചത്. അഗ്നിസാക്ഷിയിലെ ഉണ്ണിയും ദേവകിയും 26 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിലാണ് ആരാധകര്‍.
"മൈ അഗ്നിസാക്ഷി ബഡ്ഡി. രണ്ടര ദശകത്തിന് ശേഷമുള്ള കൂടിക്കാഴ്ചയല്ലേ?" രജത് കപൂറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശോഭന ചോദിച്ചു. ലളിതാംബിക അന്തർജനത്തിന്റെ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി 1999ൽ ആണ് റിലീസ് ചെയ്തത്.
നിരൂപക പ്രശംസ നേടിയതിനൊപ്പം നിരവധി ദേശിയ, സംസ്ഥാന പുരസ്കാരങ്ങളും അഗ്നിസാക്ഷി സിനിമയെ തേടിയെത്തി. ശോഭനയുടെ ഭർത്താവായ ഉണ്ണി നമ്പൂതിരിയായുള്ള രജിത് കപൂറിന്റെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ചു.
പുരോഗമന ആശയങ്ങളും യഥാസ്ഥിതിക ചിന്തകളും തമ്മിലുള്ള സംഘർഷം ഇതിവൃത്തമാക്കി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ അഗ്നിസാക്ഷി ഒൻപത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ആണ് സ്വന്തമാക്കിയത്. മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിം എന്ന ദേശിയ പുരസ്കാരവും അഗ്നിസാക്ഷിയെ തേടിയെത്തി.
എക്കാലത്തേയും പ്രിയപ്പെട്ട സിനിമ എന്ന് പറഞ്ഞാണ് ഇരുവരുടെയും ഫോട്ടോയ്ക്ക് കമന്റുകൾ വരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ട പടം. ചെറിയ ഓർമയുണ്ട് എന്നാണ് മറ്റൊരാൾ കുറിച്ചത്.