Saturday, March 14, 2026 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 11.34 PM

തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം

uploads/news/2026/03/828111/sp1.jpg

എതിര്‍ ടീമിന്റെ ശക്‌തി ദൗര്‍ബല്യങ്ങള്‍ നോക്കാതെ ട്വന്റി20 മത്സരത്തില്‍ ആദ്യ ബോള്‍തൊട്ട്‌ ആക്രമിച്ചു കളിക്കുക. വ്യക്‌തിഗത നേട്ടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ ടീമിനായി ബാറ്റ്‌ ചലിപ്പിക്കുക. പക്ഷേ പലപ്പോഴും സ്‌കോര്‍ ബോര്‍ഡില്‍ ശക്‌തമായ അക്കങ്ങള്‍ വരുന്നതിനു മുമ്പ്‌ വിക്കറ്റ്‌ നഷ്‌ടമായി തലകുനിച്ച്‌ പവലിയന്‍ ലക്ഷ്യമായി നടക്കുക. ആരാധകരുടെയും ടീം മാനേജ്‌മെന്റിന്റെയും നെറ്റി ആ ചെറുപ്പക്കാരനു നേര്‍ക്ക്‌ പലപ്പോഴായി ചുളിഞ്ഞു. ടീമിലുണ്ടായിട്ടും പ്ലേയിങ്‌ ഇലവനില്‍ സ്‌ഥാനം ലഭിക്കാതെ ബെഞ്ചിലിരിക്കേണ്ടി വന്നു. കടുത്ത ആരാധകര്‍ പോലും ഒരുപക്ഷേ ഈ ബാറ്റര്‍ക്ക്‌ ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ച്‌ ഒരുവരവ്‌ ഇല്ല എന്നുവരെ കരുതിയിരിക്കണം.
പക്ഷേ സ്വന്തം ടീം ലോകകപ്പ്‌ പോലെ വളരെ നിര്‍ണായകമായ മത്സരത്തിനിറങ്ങിയപ്പോള്‍ തന്റെ ബാറ്റിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്ത്‌ എന്താണെന്നു കാണിച്ചുകൊടുത്തു അദ്ദേഹം. ടീം മാനേജ്‌മെന്റ്‌ തന്നില്‍ പ്രകടിപ്പിച്ച വിശ്വാസം തെറ്റായിരുന്നില്ലെന്ന്‌ അദ്ദേഹം ലോകത്തിനു മുന്നില്‍ ബാറ്റിലൂടെ മറുപടി നല്‍കി. ഗാലറിയില്‍ സഞ്‌ജു...സഞ്‌ജു എന്ന്‌ ആര്‍ത്തുവിളിക്കുമ്പോള്‍ സെമിയിലേക്ക്‌ മാതൃരാജ്യത്തെ കൈപിടിച്ച്‌ കയറ്റിയശേഷം ആ ചെറുപ്പക്കാരന്‍ മുട്ടുകുത്തിനിന്നു ദൈവത്തിനു നന്ദി അറിയിച്ചു. അദ്ദേഹത്തെ സ്‌നേഹിക്കുന്ന കോടിക്കണക്കിനു ആരാധകരും ആ നിമിഷം പ്രാര്‍ഥനാ നിരതരായിരിക്കണം, ഇങ്ങനെ ഒരു ദിവസം സഞ്‌ജുവിനായി സമ്മാനിച്ചതിന്‌.

സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞാട്ടം

ഒരൊറ്റ ഇന്നിങ്‌സോടെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്‌ സഞ്‌ജു സാംസണ്‍. വിന്‍ഡീസിനെതിരേ ക്ലാസ്‌ ബാറ്റിങ്‌ പുറത്തെടുത്ത സഞ്‌ജു വിജയ റണ്‍ കൂടി കുറിച്ചാണ്‌ മൈതാനത്തുനിന്ന്‌ മടങ്ങിയത്‌. 50 പന്തില്‍ നിന്ന്‌ പുറത്താകാതെ 97 റണ്‍സെടുത്ത ഇന്നിങ്‌സിനു ശേഷം താരത്തെ അഭിനന്ദനങ്ങള്‍ കൊണ്ട്‌ മൂടുകയാണ്‌ ക്രിക്കറ്റ്‌ ലോകം.
സഞ്‌ജുവില്‍ നിന്ന്‌ ഇത്തരമൊരു ഇന്നിങ്‌സ്‌ ഒരുപക്ഷേ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതു തന്നെയാണ്‌ ആ ഇന്നിങ്‌സ്‌ ഇത്ര ആഘോഷിക്കപ്പെടാന്‍ കാരണം. ബാറ്റിങ്ങില്‍ 'പുലികള്‍' ഉള്ള ടീമില്‍ നങ്കൂരമിട്ട്‌ കളിച്ച്‌ ഇന്നിങ്‌സ്‌ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഒരു ക്ലാസ്‌ ബാറ്ററെ നിലവിലെ ഇന്ത്യന്‍ ടീം മിസ്‌ ചെയ്യുന്നുണ്ടായിരുന്നു. വിരാട്‌ കോലിയെന്ന രാജാവ്‌ ഒന്നരപ്പതിറ്റാണ്ടോളം കൈക്കുമ്പിളില്‍ കൊണ്ടുനടന്ന ഇടം 2024 ടി20 ലോകകപ്പ്‌ വിജയത്തോടെയുള്ള അദ്ദേഹത്തിന്റെ വിരമിക്കലോടെ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
സാഹചര്യവും പിച്ചിന്റെ സ്വഭാവവും എതിരാളികളുടെ തന്ത്രങ്ങളും അറിഞ്ഞ്‌ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ഒരു ഇന്നിങ്‌സ്‌ പടുത്തുയര്‍ത്തുന്ന ഒരാളെ ടീമില്‍ കാണാന്‍ കിട്ടില്ല. ആ ഒഴിഞ്ഞ കസേര വലിച്ചിട്ട്‌ ഇന്നലെ സഞ്‌ജു ഇരിപ്പുറപ്പിച്ചിരിക്കുന്നത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയില്‍ ഇന്ത്യ വല്ലാതെ മിസ്‌ ചെയ്‌തതും ഇത്തരത്തില്‍ നങ്കൂരമിട്ട്‌ കളിക്കുന്ന ഒരാളെയായിരുന്നു.
ടീമിനു വേണ്ടി മാത്രമായിരുന്നു സഞ്‌ജുവിന്റെ ആ ഇന്നിങ്‌സ്‌. വേഗത്തിലുള്ള തുടക്കം ടീമിന്‌ നല്‍കുക എന്നതായിരുന്നു സഞ്‌ജുവിനെ ഏല്‍പ്പിച്ചിരുന്ന ചുമതല. ഒരറ്റത്ത്‌ അഭിഷേക്‌ ശര്‍മ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത്‌ സഞ്‌ജു സിക്‌സും ഫോറും യഥേഷ്‌ടം നേടി. എന്നാല്‍ അഭിഷേകിന്റെയും ഇഷാന്‍ കിഷന്റെയും വിക്കറ്റുകള്‍ വീണതോടെ പിന്നീട്‌ നമ്മള്‍ ഇതുവരെ കാണാത്ത ഒരു സഞ്‌ജുവിനെയാണ്‌ കണ്ടത്‌. അല്ലെങ്കില്‍ ഇതുവരെ ശ്രദ്ധിക്കാത്ത ഒരു സഞ്‌ജുവിനെയായിരുന്നു. ഐ.പിഎല്ലില്‍ രാജസ്‌ഥാന്‍ റോയല്‍സിനായി സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദിനെതിരേ സഞ്‌ജു ഇത്തരമൊരു ഇന്നിങ്‌സ്‌ കാഴ്‌ചവച്ചിരുന്നു. അന്ന്‌ പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
എന്നാല്‍ വെസ്‌റ്റിന്‍ഡീസിനെതിരേ സാഹചര്യം മനസിലാക്കി ബാറ്റ്‌ വീശുന്ന സഞ്‌ജു സുഖമുള്ള ഒരു കാഴ്‌ചയായിരുന്നു. റൊമാരിയോ ഷെപ്പേര്‍ഡ്‌ എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്ത്‌ ഡീപ്‌ എക്‌സ്‌ട്രാ കവറിനു മുകളിലൂടെ ഗാലറിയിലെത്തിച്ച ശേഷം പിന്നീട്‌ റിസ്‌ക്‌ എടുത്തുള്ള ഒരൊറ്റ ഷോട്ട്‌ പോലും സഞ്‌ജു കളിച്ചിട്ടില്ല. ബൗണ്ടറികള്‍ നേടുന്നതിലും സിംഗിളുകളും ഡബിളുകളും എടുക്കുന്നതിലും മാത്രമായിരുന്നു ശ്രദ്ധ. സഞ്‌ജു ക്രീസില്‍ നിലയുറപ്പിച്ചതു കണ്ട ടീം മാനേജ്‌മെന്റ്‌ പിന്നീട്‌ ക്രീസിലെത്തിയവരോട്‌ റിസ്‌ക്‌ എടുത്ത്‌ കളിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു എന്നത്‌ വ്യക്‌തമാണ്‌. വമ്പനടികള്‍ക്ക്‌ പേരുകേട്ട സഞ്‌ജുവിന്‌ അതിന്‌ സാധിക്കാത്തതുകൊണ്ടായിരുന്നില്ല, മറിച്ച്‌ സഞ്‌ജുവിന്റെ വിക്കറ്റ്‌ ആ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്ക് അത്രയും പ്രധാന്യമര്‍ഹിച്ചിരുന്നു. തിലക്‌ വര്‍മയുടെ കാമിയോ ഇന്നിങ്‌സ്‌ വരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. എന്നാല്‍ റണ്‍റേറ്റ്‌ കുറയുന്നു എന്ന്‌ കരുതുന്നിടത്ത്‌ ബൗണ്ടറി കണ്ടെത്താന്‍ സഞ്‌ജു ശ്രദ്ധിച്ചു. ഷോര്‍ട്ട്‌ ബോളുകള്‍ കളിക്കാന്‍ സഞ്‌ജുവിന്‌ അങ്ങനെ കാര്യമായ പ്രശ്‌നങ്ങളില്ല. ഇത്തരം പന്തുകള്‍ അതിര്‍ത്തി കടത്താന്‍ അദ്ദേഹത്തിനു അനായാസം സാധിക്കാറുമുണ്ട്‌. വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള താരത്തിന്റെ അമിതാവേശം മുതലെടുക്കുകയാണ്‌ ബൗളര്‍മാര്‍ ചെയ്യാറ്‌. ഇത്തരം പന്തുകളിലെ എക്‌സ്‌ട്രാ വേഗവും എക്‌സ്‌ട്രാ ബൗള്‍സും സഞ്‌ജുവിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കും. പലപ്പോഴും ഷോട്ടുകള്‍ ഡീപ്പ്‌ സ്‌ക്വയര്‍ ലെഗ്‌ ഫീല്‍ഡറുടെ കൈയിരിക്കുകയും ചെയ്യും. താരത്തിന്റെ ഈ പിഴവ്‌ സുനില്‍ ഗാവസ്‌ക്കറടക്കം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്‌.
എന്നാല്‍ വിന്‍ഡീസിനെതിരേ നിര്‍ണായക ഘട്ടത്തില്‍ തന്റെ ഇഷ്‌ട സ്‌ഥലത്ത്‌ പിച്ച്‌ ചെയ്‌ത പന്തുകളെ പോലും ബഹുമാനത്തോടെ ബൗണ്ടറികളും സിംഗിളുകളും ഡബിളുകളുമാക്കാനായിരുന്നു സഞ്‌ജു ശ്രമം. 12-ാം ഓവറിനു ശേഷം പിന്നീട്‌ ഒരു ലോഫ്‌റ്റഡ്‌ ഷോട്ട്‌ ആ ബാറ്റില്‍ നിന്ന്‌ പിറക്കുന്നത്‌ റൊമാരിയോ ഷെപ്പേര്‍ഡ്‌ എറിഞ്ഞ 20-ാം ഓവറില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച ആ സിക്‌സറാണ്‌!. ഇത്തരത്തില്‍ ക്ഷമയുടെ ആള്‍രൂപമായി മാറിയ സഞ്‌ജുവിനെയാണ്‌ ക്രിക്കറ്റ്‌ ലോകം കണ്ടത്‌.

ക്യാപ്‌റ്റന്റെ മനസ്‌ കീഴടക്കി

വിജയത്തിന്‌ പിന്നാലെ സഞ്‌ജുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട്‌ മൂടുകയാണ്‌ ക്രിക്കറ്റ്‌ ലോകം. മത്സരശേഷം സഞ്‌ജുവിനെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്‌.
ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സഞ്‌ജുവിനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ സൂര്യകുമാര്‍ നടത്തിയ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. അന്ന്‌ സഞ്‌ജുവിനെ സൂര്യ അപമാനിച്ചതായി പോലും ആരാധകര്‍ ആരോപിച്ചു. അതേ സൂര്യ വിജയ റണ്‍ കുറിച്ച്‌ മടങ്ങിവന്ന സഞ്‌ജുവിന്‌ മുന്നില്‍ തൊപ്പി ഊരി തലകുനിച്ച്‌ വണങ്ങിനിന്നു അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്‌തു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സഞ്‌ജുവിനെ പ്രശംസിക്കാനും സൂര്യ മറന്നില്ല.
നേരത്തേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ട്‌ മത്സരത്തിന്‌ മുന്‍പ്‌ സൂര്യകുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനമാണ്‌ ചര്‍ച്ചയായത്‌. പ്രോട്ടീസിനെതിരേ സഞ്‌ജുവിനെ കളിപ്പിക്കുമോയെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഗ്രൂപ്പ്‌ ഘട്ടത്തില്‍ നമീബിയക്കെതിരേ കളിച്ച സഞ്‌ജു എട്ട്‌ പന്തില്‍ നിന്ന്‌ 22 റണ്‍സെടുത്തിരുന്നു. എന്നാല്‍ ഈ ചോദ്യത്തെ ചിരിച്ചുകൊണ്ടാണ്‌ സൂര്യ നേരിട്ടത്‌. അഭിഷേകിന്‌ പകരമായി സഞ്‌ജുവിനെ ഉള്‍പ്പെടുത്തണമെന്നാണോ നിങ്ങള്‍ പറയുന്നത്‌? സൂര്യകുമാര്‍ ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു. മൂന്നാം നമ്പറിലെ സഞ്‌ജുവിന്റെ സാധ്യതയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ ഓര്‍മിപ്പിച്ചപ്പോള്‍ സമാനപ്രതികരണമാണ്‌ ഇന്ത്യന്‍ നായകന്‍ നടത്തിയത്‌. തിലകിനു പകരം അദ്ദേഹത്തെ കളിപ്പിക്കണമെന്നാണോ, സൂര്യ വീണ്ടും ചിരിച്ചുകൊണ്ട്‌ മറുപടി നല്‍കി.
ഈ പ്രതികരണം അന്ന്‌ ആരാധകരെ ചൊടിപ്പിച്ചിരുന്നു. സഞ്‌ജുവിനെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പരിഹസിച്ചെന്നും അപമാനിച്ചെന്നും പലരും പറഞ്ഞു. സൂര്യയുടെ അന്നത്തെ പ്രതികരണം പരിഹാസത്തോടെയായിരുന്നില്ലെങ്കിലും സഞ്‌ജുവിനെ ടീമിലെടുക്കാന്‍ പദ്ധതിയില്ലെന്ന്‌ വ്യക്‌തമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തോറ്റതോടെ ഇന്ത്യയുടെ പദ്ധതികള്‍ പാളി. സഞ്‌ജുവിനെ ടീമില്‍ തിരികെയെത്തിച്ചു. വിന്‍ഡീസിനെതിരായ നിര്‍ണായകമത്സരത്തില്‍ 97 റണ്‍സോടെ ടീമിനെ സെമിയിലെത്തിച്ചാണ്‌ സഞ്‌ജു മടങ്ങിയത്‌. അന്ന്‌ ചിരിച്ചുതള്ളിയ അതേ നായകന്‍ പിന്നീട്‌ സഞ്‌ജുവിനു മുന്നില്‍ വണങ്ങി നില്‍ക്കുന്ന കാഴ്‌ചയും ലോകം കണ്ടു.''ഞാന്‍ എപ്പോഴും പറയാറുണ്ട്‌, ക്ഷമയോടെ കാത്തിരിക്കുന്ന നല്ല മനുഷ്യര്‍ക്ക്‌ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന്‌. അദ്ദേഹത്തെ കണ്ടപ്പോഴും ഞാന്‍ ഇത്‌ പറയുകയുണ്ടായി. പക്ഷെ അതൊക്കെ അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ്‌. അദ്ദേഹം ബാറ്റു ചെയ്‌ത രീതി, ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു''- സൂര്യ പറഞ്ഞു.

മറികടന്നത്‌ കോഹ്ലിയുടെ റെക്കോഡ്‌

സഞ്‌ജു 50 പന്തില്‍ നിന്ന്‌ 97 റണ്‍സെടുത്ത സഞ്‌ജു പുറത്താവാതെ നിന്നു ഇന്ത്യയുടെ വിജയ റണ്‍ കുറിച്ചപ്പോള്‍ മറികടന്നത്‌ സാക്ഷാല്‍ വിരാട്‌ കൊഹ്ലിയുടെ റെക്കോര്‍ഡും!. ചേസിങ്ങിലെ കോലിയുടെ ലോകകപ്പ്‌ റെക്കോഡാണ്‌ സഞ്‌ജു തകര്‍ത്തത്‌. ലോകകപ്പിലെ ചേസിങ്ങില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്‌ സഞ്‌ജു കുറിച്ചത്‌. 2016-ല്‍ ഓസീസിനെതിരേ കോലി 82 റണ്‍സെടുത്തിരുന്നു. ഇതാണ്‌ ഞായറാഴ്‌ച വിന്‍ഡീസിനെതിരായ ചേസിങ്ങില്‍ സഞ്‌ജു മറികടന്നത്‌. 50 പന്തില്‍ നിന്ന്‌ 97 റണ്‍സെടുത്ത താരത്തിന്‌ മൂന്ന്‌ റണ്‍സകലെ സെഞ്ച്വറി നഷ്‌ടപ്പെട്ടു. ട്വന്റി20 ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും സഞ്‌ജുവിന്റെ പേരിലായി. 2010-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സുരേഷ്‌ റെയ്‌ന സെഞ്ചുറി (101) നേടിയതാണ്‌ ഉയര്‍ന്ന സ്‌കോര്‍. രോഹിത്‌ ശര്‍മയാണ്‌(92) പട്ടികയില്‍ മൂന്നാമത്‌.

കാത്തിരുന്നത്‌ ഈ ഒരു ദിവസത്തിന്‌

കൊല്‍ക്കത്തയില്‍ റൊമാരിയോ ഷെപ്പേര്‍ഡിനെ മിഡ്‌ഓണില്‍ ഫോറിനു പായിച്ച ശേഷം ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ സഞ്‌ജു സാംസണ്‍ മുട്ടുകുത്തി. ഹെല്‍മറ്റ്‌ ഊരിയശേഷം രണ്ടു കൈയും ഉയര്‍ത്തി ആകാശത്തേയ്‌ക്ക് നോക്കി. ഇത്‌ കാണ്‌, ഇതാണ്‌ ഇന്ത്യയുടെ ചേസ്‌ മാസ്‌റ്റര്‍. നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ മുന്നില്‍നിന്നു നയിച്ച പോരാളി. എന്തൊക്കെ വിശേഷണം നല്‍കിയാലും ഈ ഇന്നിങ്‌സിനെ വാക്കുകളില്‍ ഒതുക്കാനാവില്ല. റിയല്‍ സെന്‍സിബിള്‍ ഇന്നിങ്‌സ്. വിമര്‍ശകര്‍ക്കുള്ള മറുപടി.
തോറ്റാല്‍ ലോകകപ്പില്‍നിന്നു പുറത്താകുമായിരുന്ന ഇന്ത്യ, ജയത്തോടെ സെമിഫൈനലിലും കടന്നു. മൂന്നു റണ്‍സിന്‌ സെന്‍ജുറി നഷ്‌ടമായെങ്കിലും സെന്‍ജുറിയേക്കാള്‍ മൂല്യമുള്ള ഇന്നിങ്‌സ് കളിച്ച സഞ്‌ജു തന്നെ കളിയിലെ താരവും.
ഈയൊരു ദിവസത്തിനു വേണ്ടിയാണ്‌ കാത്തിരുന്നതെന്ന്‌ പ്ലെയര്‍ ഓഫ്‌ ദ്‌ മാച്ച്‌ പുരസ്‌കാരം സ്വീകരിച്ച ശേഷം സഞ്‌ജു പറഞ്ഞു. തന്റെ കഴിവില്‍ ഇടയ്‌ക്കു തനിക്കു തന്നെ സംശയം തോന്നിയിരുന്നു. എങ്കിലും ആത്സമവിശ്വാസത്തോടെ മുന്നോട്ടു പോയി. വളരെയധികം സന്തോഷമുണ്ടെന്നും സഞ്‌ജു പറഞ്ഞു. ഇത്‌ എനിക്ക്‌ ലോകത്തോളം വലുതാണ്‌.
സത്യത്തില്‍, ഞാന്‍ ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങിയ അന്ന്‌ മുതല്‍, രാജ്യത്തിന്‌ വേണ്ടി കളിക്കണമെന്ന്‌ സ്വപ്‌നം കണ്ട അന്ന്‌ മുതല്‍, ഈ ഒരു ദിവസത്തിന്‌ വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നത്‌. ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്‌. ഉയര്‍ച്ച താഴ്‌ചകള്‍ നിറഞ്ഞ സവിശേഷമായ ഒരു യാത്രയായിരുന്നു എന്റേത്‌. പലപ്പോഴും ഞാന്‍ എന്നെത്തന്നെ സംശയിച്ചിട്ടുണ്ട്‌; എനിക്കിതിന്‌ കഴിയുമോ, എനിക്ക്‌ മുന്നേറാന്‍ സാധിക്കുമോ എന്നൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു. എങ്കിലും ഞാന്‍ എന്നില്‍ വിശ്വസിച്ചു. ഇന്ന്‌ എന്നെ അനുഗ്രഹിച്ചതിന്‌ സര്‍വ്വശക്‌തനായ ദൈവത്തോട്‌ ഞാന്‍ നന്ദി പറയുന്നു. ഞാന്‍ വളരെയധികം സന്തോഷവാനാണ്‌. സഞ്‌ജു പറഞ്ഞു.
വിരാട്‌ കോലി, രോഹിത്‌ ശര്‍മ ഉള്‍പ്പെടെയുള്ളവരില്‍നിന്നുള്ള പാഠമാണ്‌ ഈ ഇന്നിങ്‌സിനു സഹായകമായതെന്നും സഞ്‌ജു പറഞ്ഞു. കഴിഞ്ഞ 10-12 വര്‍ഷമായി ഞാന്‍ ഐ.പി.എല്‍ കളിക്കുന്നു, 10 വര്‍ഷമായി ഇന്ത്യന്‍ ടീമിലുമുണ്ട്‌. എല്ലാ മത്സരങ്ങളും കളിച്ചിട്ടുണ്ടാകില്ല, പക്ഷേ ഡഗൗട്ടിലിരുന്ന്‌ വിരാട്‌ കോലിയെയും രോഹിത്‌ ശര്‍മയെയും പോലുള്ള മഹാരഥന്മാരില്‍ നിന്നു ഞാന്‍ ഒരുപാട്‌ കാര്യങ്ങള്‍ പഠിച്ചു. അവര്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ നിരീക്ഷിക്കുകയും അതില്‍ നിന്ന്‌ പഠിക്കുകയും ചെയ്യുക എന്നത്‌ പ്രധാനമാണ്‌. ആ അനുഭവം എന്നെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. ഞാന്‍ ഒരുപക്ഷേ 50-60 മത്സരങ്ങളേ കളിച്ചിട്ടുണ്ടാകൂ, പക്ഷേ നൂറിലധികം മത്സരങ്ങള്‍ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്‌.

മികച്ച താരങ്ങള്‍ എങ്ങനെയാണ്‌ മത്സരങ്ങള്‍ ഫിനിഷ്‌ ചെയ്യുന്നതെന്നും സാഹചര്യത്തിനനുസരിച്ച്‌ എങ്ങനെയാണ്‌ കളി മാറ്റുന്നതെന്നും ഞാന്‍ കണ്ടു പഠിച്ചു.
കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ ആദ്യം ബാറ്റ്‌ ചെയ്യുകയായിരുന്നു, വലിയൊരു സ്‌കോര്‍ ഉയര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ട്‌ തന്നെ ആദ്യ പന്ത്‌ മുതല്‍ ആക്രമിച്ച്‌ കളിക്കാനാണ്‌ ഞാന്‍ ശ്രമിച്ചത്‌. എന്നാല്‍ ഈ മത്സരം തികച്ചും വ്യത്യസ്‌തമായിരുന്നു. ഞാന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴെല്ലാം വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു. അതിനാല്‍ ഒരു പാര്‍ട്‌ണര്‍ഷിപ്‌ കെട്ടിപ്പടുക്കാനാണ്‌ ഞാന്‍ ശ്രമിച്ചത്‌. സവിശേഷമായി എന്തെങ്കിലും ചെയ്യുമെന്ന്‌ ഞാന്‍ കരുതിയിരുന്നില്ല, എന്റെ റോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓരോ പന്തിനെയും അതിന്റെ മെറിറ്റില്‍ നേരിടാനുമാണ്‌ ഞാന്‍ ശ്രമിച്ചത്‌. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നാണിത്‌. സഞ്‌ജു കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്‌ച രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്‌ സഞ്‌ജുവില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കാം. ഏതു ശക്‌തമായ ടീമിനെയും പരാജയപ്പെടുത്താന്‍ കരുത്തുള്ള ടീമാണ്‌ ഇംഗ്ലണ്ട്‌. കാത്തിരുന്നു കാണാം മറ്റൊരു സജ്‌ഞു മാജിക്കിനായും ഇന്ത്യന്‍ വിജത്തിനായും.

Ads by Google
Monday 02 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW