-->
കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ) സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിന്റെ (കെ.പി.എല്‍) 13-ാം പതിപ്പിനു ഈമാസം 8ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ കൊടിയേറും.
ഉദ്‌ഘാടന മത്സരത്തില്‍ കരുത്തരായ ഗോകുലം കേരള എഫ്‌സി, കാലിക്കറ്റ് എഫ്.സിയെ നേരിടും. സൂപ്പര്‍ലീഗ് ടീമാണ് കാലിക്കറ്റ് എഫ്.സി, കോര്‍പറേറ്റ് എന്‍ട്രിയിലൂടെയാണ് കെ.പി.എലില്‍ അരങ്ങേറ്റം കുറിക്കുന്നത്. വൈകിട്ട് 7നാണ് കിക്കോഫ്. ഈ സീസണില്‍ സംസ്‌ഥാനത്തെ 14 പ്രമുഖ ക്ലബ്ബുകളാണ് കിരീടത്തിനായി മാറ്റുരയ്‌ക്കുന്നത്. കാലിക്കറ്റ് എഫ്.സിക്ക് പുറമേ, കെ.പി.എല്‍ രണ്ടാം ഡിവിഷനില്‍ നിന്ന് സ്‌ഥാനക്കയറ്റം ലഭിച്ച ഇ.എം.ഇ.എ കോളജ്, സായ് കൊല്ലം എന്നീ ടീമുകളാണ് ലീഗിലെ മറ്റു പുതുമുഖക്കാര്‍. കേരള ബ്ലാസേ്‌റ്റഴ്‌സ് എഫ്‌സി, ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി, റിയല്‍ മലബാര്‍ എഫ്‌സി, ഇന്റര്‍ കേരള എഫ്‌സി, കെ.എസ്.ഇ.ബി, കേരള പൊലീസ്, വയനാട് യുണൈറ്റഡ് എഫ്‌സി, പി.എഫ്.സി കേരള, കോവളം എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സി എന്നിവയാണ് മറ്റു ടീമുകള്‍. കെ.പി.എല്‍ ജേതാക്കളാകുന്ന ടീമിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗ് മൂന്നിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, ജനറല്‍ സെക്രട്ടറി ഷാജി സി കുര്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.14 ടീമുകളെ എഴ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി (ഗ്രൂപ്പ് എ, ബി) തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് സ്‌ഥാനക്കാര്‍ സൂപ്പര്‍ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. സൂപ്പര്‍ എട്ടിലെ മികച്ച നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.