-->
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ആചാരസംരക്ഷണ നിലപാടില്‍ ഉറച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
2018ലെ സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്നതായി ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ വ്യക്‌തമാക്കി. ഇന്നലത്തെ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഈ മാസം 14നകം സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി നിലപാടറിയിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ബോര്‍ഡിന് ആശയക്കുഴപ്പമില്ല. ക്ഷേത്രങ്ങളെയും ക്ഷേത്രാചരണങ്ങളെയും പരിരക്ഷിക്കാനാണ് ബോര്‍ഡ് രൂപീകരിച്ചത്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ തുടരണമെന്നാണ് ബോര്‍ഡിന്റെ അഭിപ്രായമെന്നും ജയകുമാര്‍ വ്യക്‌തമാക്കി.
റിവ്യൂ ഹര്‍ജിക്കിടെ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി 2018ലെ വിധി അംഗീകരിക്കുന്നുവെന്ന നിലപാട് കൈക്കൊണ്ടില്ലേ എന്ന ചോദ്യത്തിന്, അത് അഭിഭാഷകന്റെ നിലപാടാണ്. ബോര്‍ഡിന് ഒറ്റ നിലപാടേ ഉള്ളൂ എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.
അടുത്ത മാസം ഏഴിന്‌വിശദവാദം
ശബരിമല യുവതീപ്രവേശം ഉള്‍പ്പെടെ മതവും സ്‌ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ 14നകം സംസ്‌ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിശദവാദം അടുത്ത മാസം ഏഴിന് തുടങ്ങും.
12 വര്‍ഷത്തെ നിയമപാത;2018ലെ ചരിത്രവിധി
ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയോടെയാണ് 2006ല്‍ കേസിന്റെ തുടക്കം. 2007ല്‍ ദേവസ്വം ബോര്‍ഡ് അയ്യപ്പഭക്‌തര്‍ പ്രത്യേക മതവിഭാഗമാണെന്നും ആചാരസംരക്ഷണത്തിന് അവകാശമുണ്ടെന്നും കോടതിയെ അറിയിച്ചു. 2008ല്‍ അന്നത്തെ സര്‍ക്കാര്‍ സ്‌ത്രീകള്‍ക്ക് പ്രായഭേദമെന്യേ ദര്‍ശനം അനുവദിക്കണമെന്ന നിലപാട് സ്വീകരിച്ചു. ദീര്‍ഘകാല നിയമനടപടികള്‍ക്കൊടുവില്‍ 2018 സെപ്‌റ്റംബര്‍ 28ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് യുവതീപ്രവേശം അനുവദിച്ചു. തുടര്‍ന്ന് റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.
പ്രത്യേക ബജറ്റ് തയ്യാറാക്കും
ശബരിമല തീര്‍ഥാടനത്തിനായി പ്രത്യേക ബജറ്റ് തയ്യാറാക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാരിനോടു ചോദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. യുവതീപ്രവേശത്തെക്കുറിച്ചുള്ള നിയമമതരാഷ്‌ട്രീയ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുമ്പോള്‍, ബോര്‍ഡിന്റെ പുതിയ സത്യവാങ്‌മൂലം സുപ്രീംകോടതിയിലെ തുടര്‍നടപടികള്‍ക്ക് വഴിതെളിക്കും.