Thursday, March 12, 2026 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 11.33 PM

ആറ്റുകാല്‍ പൊങ്കാല ഇന്ന്‌;നാടും നഗരവും തയ്യാര്‍

തിരുവനന്തപുരം: അനന്തപുരി ഇന്ന്‌ ആറ്റുകാലമ്മയ്‌ക്ക്‌ പൊങ്കാലയര്‍പ്പിക്കും. സ്‌ത്രീകളുടെ ശബരിമലയെന്ന്‌ വിഖ്യാതമായ ആറ്റുകാല്‍ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിന്‌ നാട്‌ ഒരുങ്ങി കഴിഞ്ഞു. ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ നഗരത്തിലെ പ്രധാന പാതകളിലും ഇടവഴികളിലും ഭക്‌തലക്ഷങ്ങള്‍ അടുപ്പുകൂട്ടിക്കഴിഞ്ഞു. അമ്മയ്‌ക്ക്‌ പ്രിയപ്പെട്ട നൈവേദ്യമൊരുക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. രാവിലെ 9.45നാണ്‌ പൊങ്കാലയുടെ ഏറ്റവും പ്രധാന ചടങ്ങായ 'അടുപ്പുവെട്ട്‌'. തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്‌ഡ്യരാജാവിന്റെ വധം പാടിത്തീര്‍ക്കുന്നതോടെ ആവേശം കൊടുമുടിയേറും. തുടര്‍ന്ന്‌ ക്ഷേത്ര തന്ത്രി പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ്‌ നമ്പൂതിരി ശ്രീകോവിലില്‍നിന്ന്‌ പകര്‍ന്നു നല്‍കുന്ന ദീപം ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പില്‍ തെളിക്കും. പിന്നാലെ വലിയ തിടപ്പള്ളിയിലും ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിലും തീ പടരുന്നതോടെ നഗരം യാഗശാലയായി മാറും.
ഉച്ചയ്‌ക്ക്‌ 2.15നാണ്‌ നിവേദ്യം. ദശലക്ഷക്കണക്കിന്‌ അടുപ്പുകളില്‍ ഒരേസമയം തീര്‍ത്ഥം തളിക്കുന്നതോടെ ഭക്‌തരുടെ കാത്തിരിപ്പിന്‌ സാഫല്യമാകും. ഇത്തവണ പൊങ്കാലയും ചന്ദ്രഗ്രഹണവും ഒരേദിവസം എത്തുന്നതിനാല്‍ പ്രത്യേകതകളേറെയാണ്‌. ഗ്രഹണം പ്രമാണിച്ച്‌ ദര്‍ശന സമയം ക്രമീകരിക്കുമെങ്കിലും ഭക്‌തരുടെ തിരക്ക്‌ പരിഗണിച്ച്‌ രാത്രി വൈകിയും ദര്‍ശനത്തിന്‌ സൗകര്യമൊരുക്കാന്‍ ട്രസ്‌റ്റ്‌ ആലോചിക്കുന്നുണ്ട്‌.
മതസൗഹാര്‍ദ്ദത്തിന്റെ പൊങ്കാലയാണ്‌ ആറ്റുകാലിലേത്‌. ഭക്‌തര്‍ക്കായി നഗരത്തിലെ പള്ളികളും മുസ്ലിം ജമാഅത്തുകളും കൈകോര്‍ക്കുന്നത്‌ ഇത്തവണയും മനോഹരമായ കാഴ്‌ചയാകും. പാളയം സി.എസ്‌.ഐ. പള്ളിയും സെന്റ്‌ ജോസഫ്‌ കത്തീഡ്രലും ആരാധനാസമയത്തില്‍ മാറ്റം വരുത്തി ഭക്‌തര്‍ക്ക്‌ സൗകര്യമൊരുക്കി. പാളയം ജമാഅത്ത്‌ കമ്യൂണിറ്റി ഹാളും പരിസരവും പൊങ്കാലയിടാന്‍ എത്തുന്നവര്‍ക്കായി തുറന്നു നല്‍കും. റെസിഡന്റ്‌സ്‌ അസോസിയേഷനുകളും സംഘടനകളും ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാന്‍ സജീവമായി രംഗത്തുണ്ട്‌. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കിയതിനാല്‍ പ്‌ളാസ്‌റ്റിക്‌ പ്‌ളേറ്റുകളും ഗ്‌ളാസുകളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന്‌ കലക്‌ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
സുരക്ഷ ശക്‌തം
പൊങ്കാല പ്രമാണിച്ച്‌ തലസ്‌ഥാനം കനത്ത പോലീസ്‌ വലയത്തിലാണ്‌. സിറ്റി പോലീസ്‌ കമ്മിഷണര്‍ കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നാലായിരത്തിലധികം പോലീസുകാരെയാണ്‌ വിന്യസിച്ചിരിക്കുന്നത്‌. നഗരത്തെ 4 സോണുകളായും 29 സെക്‌ടറുകളായും തിരിച്ചു. പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ ടവറുകളും ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഭക്‌തരുടെ സഹായത്തിനായി ആറ്റുകാല്‍, ഈസ്‌റ്റ്‌ ഫോര്‍ട്ട്‌, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍േ്രടാള്‍ റൂമുകള്‍ തുറന്നു.
കെ.എസ്‌.ആര്‍.ടി.സിയില്‍
അധിക സര്‍വീസുകള്‍
ഭക്‌തരെ ലക്ഷ്യസ്‌ഥാനത്തെത്തിക്കാന്‍ കെ.എസ്‌.ആര്‍.ടി.സി. പ്രത്യേക ചെയിന്‍ സര്‍വീസുകള്‍ നടത്തും. പാര്‍ക്കിങ്‌ കേന്ദ്രങ്ങളില്‍ നിന്ന്‌ ക്ഷേത്രത്തിലേക്ക്‌ ഷട്ടില്‍ സര്‍വീസുകളും ലഭ്യമാണ്‌. മാര്‍ച്ച്‌ 3 വരെ നഗരത്തില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. അനധികൃത പാര്‍ക്കിങ്‌ തടയാന്‍ പോലീസ്‌ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്‌. ക്യു.ആര്‍. കോഡ്‌ സംവിധാനം വഴി പാര്‍ക്കിങ്‌ സ്‌ഥലങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താം.

Ads by Google
Monday 02 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW