-->
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പവും വര്‍ഷങ്ങളായി ഉറച്ച് നില്‍ക്കുന്ന മണ്ണാണ് കോഴിക്കോട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നിയസഭ തെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പം ഉറച്ച് നില്‍ക്കുന്ന കോഴിക്കോട് ജില്ല 20 വര്‍ഷമായി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്താണ്. തദ്ദേശതെരഞ്ഞെടുപ്പുകളില്‍ എക്കാലവും എല്‍.ഡി.എഫിനൊപ്പം ഉറച്ച് നിന്ന കോഴിക്കോട് ജില്ല ഇത്തവണ യു.ഡി.എഫ് പക്ഷത്തേക്ക് മാറിയതാണ് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
കോഴിക്കോട് ജില്ലയില്‍ നിലവില്‍ 13 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2021ലെ തെരഞ്ഞെടുപ്പില്‍ ഇതില്‍ 11 ഇടങ്ങളില്‍ എല്‍.ഡി.എഫും രണ്ടിടങ്ങളില്‍ യു.ഡി.എഫുമാണ് വിജയിച്ചത്. കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ വടകര, കൊടുവള്ളി മണ്ഡലങ്ങള്‍ യു.ഡി.എഫിനെയാണ് വിജയിപ്പിച്ചത്. 2021ലും 13ല്‍ 11 ഇടങ്ങളില്‍ ഇടതുമുന്നണി വിജയിച്ചപ്പോള്‍ രണ്ടിടങ്ങളില്‍ ഐക്യമുന്നണിയ്‌ക്കായിരുന്നു ജയം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍10 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും മൂന്നിടങ്ങളില്‍ യു.ഡി.എഫും വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കോഴിക്കോട് നിന്ന് കേരള നിയമസഭയില്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല. ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി.പി.ഐ.എമ്മിന് വലിയ വേരോട്ടമുള്ളമണ്ണാണ് കോഴിക്കോട്. മുസ്‌്്ലീംലീഗിന് ശക്‌തിയുള്ള മേഖലകളിലുള്ള ജില്ലയില്‍ നിലവില്‍ ഒരു എം.എല്‍.എ മാത്രമാണുള്ളത്. കൊടുവള്ളിയില്‍ നിന്നും വിജയിച്ച നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീറും വടകരയില്‍ നിന്നും യു.ഡി.എഫ് പിന്‍തുണയോടെ വിജയിച്ച ആര്‍.എം.പി.ഐ. നേതാവ് കെ.കെ.രമയുമാണ് കോഴിക്കോട് നിന്നുള്ള യു.ഡി.എഫ് പ്രതിനിധികള്‍. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്‌ണന്‍ പേരാമ്പ്രയില്‍ നിന്ന് വിജയിച്ചപ്പോള്‍ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ് ബേപ്പൂരില്‍ നിന്നും എ.കെ.ശശീന്ദ്രന്‍ ഏലത്തൂരില്‍ നിന്നും വിജയിച്ചു. മുന്‍മന്ത്രിയായ ഐ.എന്‍.എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് സൗത്തില്‍ നിന്നും വിജയിച്ചപ്പോള്‍ കുന്ദമംഗലത്ത് നിന്നും പി.ടി.എ.റഹീമും നാദാപുരത്ത് നിന്ന് ഇ.കെ.വിജയനും മൂന്നാമതും ജനപ്രതിനിധികളായി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ കോണ്‍ഗ്രസിന് മുന്നിലുള്ളത് വലിയ അഗ്‌നിപരീക്ഷയാണ്. എന്നാല്‍ പ്രതീക്ഷയ്‌ക്ക് വക നല്‍കുന്ന ചില ഘടകങ്ങളും അവര്‍ക്കുണ്ട്. നിയമസഭയില്‍ പിന്നിലാണെങ്കിലും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടും വടകരയിലും കോണ്‍ഗ്രസ് കരുത്ത് കാട്ടിയിരുന്നു.തദ്ദേശതെരഞ്ഞെടുപ്പിലും മുമ്പൊന്നും ഇല്ലാത്ത തരത്തില്‍ നേട്ടങ്ങള്‍ കൊയ്ാന്‍ അവര്‍ക്കായി. കോഴിക്കോട് ജില്ലയില്‍ മൂന്ന് എം.പി.മാരുടെ സാന്നിധ്യമാണുള്ളത്. ഇതു മൂന്ന് കോണ്‍ഗ്രസ് പ്രതിനിധികളാണ്. പ്രിയങ്ക ഗാന്‌്ധി, എം.കെ.രാഘവന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ നേടിയ വലിയ ഭൂരിപക്ഷം കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. എന്നാല്‍ ഇതില്‍ മാത്രം പ്രതീക്ഷ പുലര്‍ത്തിയിട്ടു കാര്യവുമില്ല. കാരണം കഴിഞ്ഞ നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വടകരയും കോഴിക്കോടും വയനാടും കോണ്‍ഗ്രസിന് ഒപ്പം തന്നെയായിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് പിറകിലേക്ക് പോകുന്നതിന് ഇത്തവണ പരിഹാരമുണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. 2001ല്‍ കൊയിലാണ്ടിയില്‍ നിന്ന് പി.ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എ.സുജനപാലും ജയിച്ചുകയറിയതിന് ശേഷം ഇന്നുവരെ കോഴിക്കോട് ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിന് വിജയക്കൊടി പാറിക്കാനായിട്ടില്ല.
തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളില്‍ 42ലേറെ ഗ്രാമപഞ്ചായത്തുകളും നാല് ബ്ലോക്ക് പഞ്ചായത്തുകളും നാല് മുന്‍സിപ്പാലിറ്റികളും യു.ഡി.എഫ് നേടിയപ്പോള്‍ 30ല്‍ പരം ഗ്രാമപഞ്ചായത്തുകളും ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളും മൂന്ന് മുന്‍സിപ്പാലിറ്റികളും ഒരു കോര്‍പ്പറേഷനും എല്‍.ഡി.എഫും സ്വന്തമാക്കി. കോഴിക്കോട് ജില്ല പഞ്ചായത്ത് ഭരണം ആദ്യമായി യു.ഡി.എഫിന് ഇത്തവണ സ്വന്തമാക്കാനായതും വലിയ നേട്ടമാണ്. എന്നാല്‍ ചെറിയ വോട്ടുകളുടെ മാത്രം വ്യതിയാനത്തിലാണ് ജില്ല പഞ്ചായത്തും പല ഗ്രാമപഞ്ചായത്തുകളും നഷ്‌ടമായതെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. ഇതൊന്നും നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്നും അവര്‍ കണക്കുകൂട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടുകളുടെ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോള്‍ 13ല്‍ 11 ഇടങ്ങളിലും യു.ഡി.എഫിന് ഭൂരിപക്ഷമുണ്ട്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ് വിജയിച്ച ബേപ്പൂര്‍ മണ്ഡലവും എ.കെ.ശശീന്ദ്രന്‍ വിജയിച്ച ഏലത്തൂര്‍ മണ്ഡലത്തിലുമാണ് എല്‍.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷമുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ.
വിജയികള്‍ ആരാകണമെന്ന് കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ തീരുമാനിക്കുന്നത് ബി.ജെ.പി.യാണ്. ബേപ്പൂര്‍, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ വലിയവോട്ടുകള്‍ നേടി മുന്നിലെത്താനാകുമെന്നുമാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.
മന്ത്രിമാരും സിറ്റിങ് എം.എല്‍.എമാരും വീണ്ടും അങ്കത്തിന്
കോഴിക്കോട് ജില്ലയിലെ 12 മണ്ഡലങ്ങളിലേയും സിറ്റിങ് എം.എല്‍.എ. ഇത്തവണയും മത്സരരംഗത്തുണ്ടാകാനാണ് കളമൊരുങ്ങുന്നത്. കൊയിലാണ്ടിയിലെ എം.എല്‍.എയായിരുന്ന സിപി.എം. നേതാവ് കാനത്തില്‍ ജമീലയുടെ നിര്യാണത്തെ തുടര്‍ന്ന് ഇവിടെ പുതിയ ആളെയാണ് ഇടതുമുന്നണി മത്സരരംഗത്തിറക്കുക. മുന്‍ എം.എല്‍.എ: എ.പ്രദീപ്‌കുമാര്‍, കോണ്‍ഗ്രസില്‍ നിന്നും സിപി.എമ്മിലെത്തിയ കെ.പി. അനില്‍കുമാര്‍, ഡി.വൈ.എഫ്.ഐ. സംസ്‌ഥാന പ്രസിഡന്റ് വി. വസീഫ് എന്നിവരെയാണ് ഇവിടെ പരിഗണിക്കുന്നതെന്നാണ് പ്രാഥമിക വിവരങ്ങള്‍. മന്ത്രിമാരായ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിലും എ.കെ. ശശീന്ദ്രന്‍ ഏലത്തൂരിലും വീണ്ടും മത്സരിച്ചേക്കും.
സി.പി.ഐയുടെ സീറ്റായ നാദാപുരത്ത് സിറ്റിങ് എം.എല്‍.എ.: ഇ.കെ. വിജയന്‍ തന്നെ മത്സരിച്ചേക്കും. വിജയനെ മാറ്റുയാണെങ്കില്‍ മുന്‍ എം.എല്‍.എ. സത്യന്‍ മൊകേരി, അഡ്വ.പി.വസന്തം, പി.ഗവാസ്, പി.സുരേഷ്‌ബാബൂ എന്നിവര്‍ക്കാണ് മുഖ്യപരിഗണന.
സി.പി.എമ്മിലെ സിറ്റിങ് എം.എല്‍.എമാരായ കെ.പി. കുഞ്ഞമ്മദ്‌കുട്ടി കുറ്റ്യാടിയിലും കെ.എം. സച്ചിന്‍ദേവ് ബാലുശേരിയിലും ലിന്റോ ജോസഫ്‌് തിരുവമ്പാടിയിലും വീണ്ടും ജനവിധി തേടും. കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കാവില്‍ മത്സരിക്കുമ്പോള്‍ നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ രംഗത്തിറങ്ങിയേക്കും. തോട്ടത്തില്‍ രവീന്ദ്രനെ മാറ്റുകയാണെങ്കില്‍ മുന്‍ എം.എല്‍.എയും മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറിയുമായ എ. പ്രദീപ്‌കുമാറിനെയും മുന്‍മേയര്‍ ബീനാ ഫിലിപ്പിനെയും കോഴിക്കോട് നോര്‍ത്തില്‍ പരിഗണിച്ചേക്കും. എല്‍.ഡി.എഫ്. കണ്‍വീനറായ ടി.പി. രാമകൃഷ്‌ണന്‍ പേരാമ്പ്രയില്‍ മത്സരിക്കുന്നില്ലെങ്കില്‍ ആ സീറ്റ് ഘടകകക്ഷിയായ കേരള കേണ്‍ഗ്രസിന് നല്‍കിയേക്കും. മൂന്ന് തവണ വിജയിച്ച പി.ടി.എ. റഹീമിനു തന്നെയാണ് കുന്ദമംഗലത്ത് പ്രധാന പരിഗണന. എല്‍.ഡി.എഫ് പരാജയപ്പെട്ട കൊടുവള്ളിയില്‍ കഴിഞ്ഞ തവണ മത്സരിച്ച മുന്‍ എം.എല്‍.എ. കാരാട്ട് റസാഖ്, ഡി.വൈ.എഫ്.ഐ. സംസ്‌ഥാന പ്രസിഡന്റ് വി. വസീഫ്, സിപി.എം. ജില്ലാ സെക്രട്ടറി എം.മെഹബൂബ് എന്നിവരില്‍ ഒരാള്‍ സ്‌ഥാനാര്‍ഥിയായേക്കും. വടകരയില്‍ ആര്‍.ജെ.ഡിയുടെ പ്രതിനിധിയാകും എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി. കഴിഞ്ഞ തവണ മത്സരിച്ച മനയത്ത് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ലിസ്‌റ്റിലുണ്ട്.
യു.ഡി.എഫിലെ സിറ്റിങ് എം.എല്‍.എ. ഡോ.എം.കെ. മുനീര്‍ കൊടുവള്ളിയില്‍ നിന്നും ഇത്തവണ കോഴിക്കോട് സൗത്തിലേക്ക് മാറി മത്സരിക്കുമെന്നാണ് അറിയുന്നത്. അങ്ങനെ വരുമ്പോള്‍ കൊടുവള്ളിയില്‍ മുന്‍.എം.എല്‍.എ.മാരായ കെ.എം.ഷാജി, വി.എം.ഉമ്മര്‍, യൂത്ത്‌ലീഗ് നേതാവ് പി.കെ. ഫിറോസ്‌്്, മുസ്‌്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാക്ക് എന്നിവരുടെ പേരുകളാണ് യു.ഡി.എഫ് സ്‌ഥാനാര്‍ഥി പട്ടികയിലുള്ളത്. എന്നാല്‍, കൊടുവള്ളിയിലേക്ക് ഇറക്കുമതി സ്‌ഥാനാര്‍ഥികളെ വേണ്ടെന്ന് ലീഗ് മണ്ഡലം കമ്മിറ്റി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രാദേശിക പ്രശ്‌നങ്ങള്‍ കാരണം ലീഗിന് എന്നും കീറാമുട്ടിയായ മണ്ഡലമാണ് കൊടുവള്ളി. രണ്ട് തവണ ലീഗിനെ ഞെട്ടിച്ച് വിമതന്മാര്‍ ഇടത് ചേരിയില്‍ കൊടുവള്ളിയുടെ എം.എല്‍.എമാരുമായിട്ടുണ്ട്. വടകരയില്‍ ആര്‍.എം.പി.ഐ. നേതാവ് കെ.കെ. രമ തന്നെയാകും യു.ഡി.എഫ്. സ്‌ഥാനാര്‍ഥി. കഴിഞ്ഞ പ്രാവശ്യം കുറഞ്ഞ ഭൂരിപക്ഷത്തിന് പിടിച്ചെടുത്ത വടകര നിലനിര്‍ത്തുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണ്.
യു.ഡി.എഫിന്റെ സ്‌ഥാനാര്‍ഥിയായി ബേപ്പൂരില്‍ മുന്‍ എം.എല്‍.എ: പി.വി. അന്‍വര്‍ പ്രചരണം തുടങ്ങിയിട്ട് ആഴ്‌ചകളായി. മന്ത്രി റിയാസിനെ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത നിലയില്‍ കെട്ടിയിടുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്താനാണ് അന്‍വര്‍ ലക്ഷ്യംവയ്‌ക്കുന്നത്. കോഴിക്കോട് നോര്‍ത്തില്‍ കെ.പി.സി.സി. ജനറല്‍സെക്രട്ടറി അഡ്വ.കെ.ജയന്ത്‌് യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയാകും. കൊയിലാണ്ടിയില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാറിനെയും മുന്‍ എം.പി. മുല്ലപ്പള്ളി രാമചന്ദ്രനെയുമാണ് പരിഗണിക്കുന്നത്. നാദാപുരത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കെ.എം.അഭിജിത്ത്, ബാലുശേരിയില്‍ മുന്‍ എം.പി. രമ്യഹരിദാസ്, കെ.എസ്.യു. നേതാവ് വി.ടി.സൂരജ് എന്നിവരെയും പരിഗണിക്കുന്നു. കുറ്റ്യാടിയില്‍ മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്‌ദുള്ള തന്നെ ലീഗ് സ്‌ഥാനാര്‍ഥിയാകും. പേരാമ്പ്ര, നാദാപുരം, തിരുവമ്പാടി മണ്ഡലങ്ങള്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ വച്ച് മാറാന്‍ ചര്‍ച്ചകള്‍ നടക്കും. എലത്തൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്‌ണന്‍, കോണ്‍ഗ്രസ് നേതാക്കളായ നിജേഷ് അരവിന്ദ്, സനോജ് കുരുവട്ടൂര്‍, പി.പി.നൗഷീര്‍ എന്നിവരില്‍ ആരെയെങ്കിലും സ്‌ഥാനാര്‍ഥിയാക്കും. മുസ്‌്ലീഗിന്റെ കൈവശമുള്ള കുന്ദമംഗലത്തും ഒരു എക്‌സ്‌ക്ലൂസിവ് സ്‌ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവജനങ്ങളെയും പുതുമുഖങ്ങളെയും രംഗത്തിറക്കിയാല്‍ നഗര മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. മുസ്ലിം ലീഗുമായി കൂടിയാലോചിച്ച് കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ ഏറ്റെടുക്കുന്നതും പരിഗണനയിലാണ്. 2021ല്‍ നാദാപുരം, കോഴിക്കോട് നോര്‍ത്ത് തുടങ്ങിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികള്‍ മികച്ച പോരാട്ടം കാഴ്‌ചവച്ചെങ്കിലും വിജയിക്കാനായില്ല. നാദാപുരത്ത് മത്സരിച്ച പ്രവീണ്‍ കുമാര്‍ സി.പി.ഐ. നേതാവ് ഇ.കെ.വിജയനോട് 4,035 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കോഴിക്കോട് നോര്‍ത്തില്‍ യുവനേതാവായ കെ.എം. അഭിജിത്തിനെ ഇറക്കി സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എല്‍.ഡി.എഫിന്റെ കരുത്തിന് മുന്നില്‍ പരാജയമറിഞ്ഞു. ബാലുശേരിയില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ഇറക്കി നടത്തിയ പരീക്ഷണം വലിയ തോല്‍വിയാണ് സമ്മാനിച്ചത്. സച്ചിന്‍ ദേവിനോട് 20,372 വോട്ടുകള്‍ക്കാണ് ധര്‍മജന്‍ പരാജയമറിഞ്ഞത്.
വിനോദ് താമരശേരി