Thursday, March 12, 2026 Last Updated 43 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 11.32 PM

അനന്ത്‌ അംബാനിയുടെ വന്‍താര വാര്‍ഷിക നിറവില്‍

uploads/news/2026/03/828077/in1.jpg

ജാംനഗര്‍: ഭാരതത്തിന്റെ വന്യജീവി സംരക്ഷണ ഭൂപടത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട്‌ 'വന്‍താര' ഫൗണ്ടേഷന്‍ അതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം നിര്‍വഹിച്ച വന്‍താര, അനന്ത്‌ അംബാനിയുടെ നേതൃത്വത്തില്‍ വെറും ഒരു വര്‍ഷം കൊണ്ട്‌ ആയിരക്കണക്കിന്‌ മൃഗങ്ങള്‍ക്കാണ്‌ പുതുജീവന്‍ നല്‍കിയത്‌.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ശാസ്‌ത്രീയമായ പരിപാലനവും സംയോജിപ്പിച്ചുകൊണ്ട്‌ വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്‌ഥയിലേക്ക്‌ തിരികെ എത്തിക്കുന്നതില്‍ വലിയ വിജയമാണ്‌ ഈ ചുരുങ്ങിയ കാലയളവില്‍ കൈവരിച്ചിരിക്കുന്നത്‌.
കടുവകള്‍, ഉരഗങ്ങള്‍, പക്ഷികള്‍, വാനരന്മാര്‍ തുടങ്ങി വിവിധ വര്‍ഗങ്ങളില്‍പ്പെട്ട ആയിരക്കണക്കിന്‌ ജീവികളെയാണ്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍താര രക്ഷപ്പെടുത്തിയത്‌. വിദഗ്‌ധരായ വെറ്ററിനറി ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ സങ്കീര്‍ണമായ ശസ്‌ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കി ആരോഗ്യം വീണ്ടെടുത്ത മൃഗങ്ങളെ അവയുടെ സ്വാഭാവിക വനങ്ങളിലേക്ക്‌ പുനരധിവസിപ്പിച്ചു.
വന്യജീവി സംരക്ഷണ രംഗത്തെ ഈ അതുല്യമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്‌ അനന്ത്‌ അംബാനിയെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ 'ഗേ്ലാബല്‍ ഹ്യൂമന്‍ അവാര്‍ഡ്‌' നല്‍കി ആദരിച്ചിരുന്നു. ഇതിന്‌ പുറമെ ഇയറാസ, സീസ തുടങ്ങിയ രാജ്യാന്തര സംഘടനകളില്‍ അംഗത്വവും പ്രാണമിത്ര അവാര്‍ഡ്‌ 2025, ഗേ്ലാബല്‍ ഹ്യൂമന്‍ കണ്‍സര്‍വേഷന്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവയും വന്‍താരയെ തേടിയെത്തി.
കേവലം ഒരു സംരക്ഷണ കേന്ദ്രം എന്നതിലുപരി വന്യജീവി ചികിത്സാ മേഖലയില്‍ അറിവ്‌ പങ്കുവയ്‌ക്കാനുള്ള ഒരു ആഗോള കേന്ദ്രമായി വന്‍താര മാറി. നൂറുകണക്കിന്‌ വെറ്ററിനറി ഡോക്‌ടര്‍മാര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കുകയും 50ലധികം രാജ്യാന്തര വിജ്‌ഞാന വിനിമയ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്‌തു.
വരുംതലമുറയില്‍ പരിസ്‌ഥിതി അവബോധം വളര്‍ത്തുന്നതിനായി ആയിരക്കണക്കിന്‌ കുട്ടികളെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ പരിപാടികളും വന്‍താരയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
സര്‍ക്കസ്സുകളില്‍നിന്നും ഭിക്ഷാടനത്തിനുമായി ഉപയോഗിച്ചിരുന്നവയും ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചവയുമായ 250ലധികം ആനകളാണ്‌ നിലവില്‍ വന്‍താരയുടെ തണലിലുള്ളത്‌. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും സന്ധിവാതവും കൊണ്ട്‌ വലഞ്ഞ ഇവര്‍ക്ക്‌ ലോകോത്തര നിലവാരത്തിലുള്ള ചികിത്സയാണ്‌ ഇവിടെ ലഭിക്കുന്നത്‌. കൂടാതെ, അശാസ്‌ത്രീയമായി വളര്‍ത്തിയിരുന്ന ആയിരക്കണക്കിന്‌ മുതലകളെയും വന്‍താര ഏറ്റെടുത്ത്‌ പരിപാലിക്കുന്നുണ്ട്‌.
ദേശീയ റെഫറല്‍ സെന്റര്‍ (വെസ്‌റ്റ് സോണ്‍) ആയി അംഗീകരിക്കപ്പെട്ട വന്‍താരയില്‍ 11 സാറ്റലൈറ്റ്‌ ലബോറട്ടറികളും ഒരു പ്രധാന സയന്റിഫിക്‌ ലാബും പ്രവര്‍ത്തിക്കുന്നു. 70ലധികം സ്‌പെഷ്യലിസ്‌റ്റുകളുടെ മേല്‍നോട്ടത്തില്‍ പ്രതിദിനം 2,000ലധികം സാമ്പിളുകളാണ്‌ ഇവിടെ പരിശോധിക്കുന്നത്‌. രോഗനിര്‍ണയത്തിനും പ്രതിരോധത്തിനുമായി മോളിക്യുലാര്‍ ഡയഗ്‌നോസ്‌റ്റിക്‌സ്, ടോക്‌സിക്കോളജി തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഇവിടെ പ്രയോജനപ്പെടുത്തുന്നു.
മൃഗങ്ങളുടെ പോഷകാഹാര കാര്യത്തിലും വന്‍താര വിട്ടുവീഴ്‌ച ചെയ്യുന്നില്ല. അത്യാധുനിക ഓട്ടോമേറ്റഡ്‌ സംവിധാനത്തിലൂടെ പ്രതിദിനം 1,56,000 കിലോഗ്രാം ഗുണനിലവാരമുള്ള ഭക്ഷണമാണ്‌ തയാറാക്കുന്നത്‌. 50 താപനിയന്ത്രിത സംവിധാനങ്ങളിലൂടെ ഇത്‌ മൃഗങ്ങളിലേക്ക്‌ എത്തിക്കുന്നു. ഇതിനായി ആയിരക്കണക്കിന്‌ കര്‍ഷകരുടെയും 200 പഫഷണലുകളുടെയും സഹായവും വന്‍താര ഉറപ്പാക്കുന്നുണ്ട്‌.
പ്രകൃതിയിലേക്കുള്ള മടക്കം

വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും അവയുടെ എണ്ണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ബ്രീഡിങ്‌ പ്രോഗ്രാമുകള്‍ വലിയ വിജയമാണ്‌. ഗുജറാത്ത്‌ വനംവകുപ്പുമായി ചേര്‍ന്ന്‌ ബര്‍ദ വന്യജീവി സങ്കേതത്തിലേക്ക്‌ 53 പുള്ളിമാനുകളെ തുറന്നുവിട്ടതും ഇന്തോനിഷ്യയിലെ സ്‌നേക്ക്‌നെക്ക്‌ഡ് ആമകളെ പുനരധിവസിപ്പിച്ചതും വന്താരയുടെ വലിയ നേട്ടങ്ങളാണ്‌.വന്യജീവികളെ മാത്രമല്ല, മനുഷ്യരിലും വന്‍താരയുടെ കാരുണ്യം എത്തിച്ചേരുന്നു. പഞ്ചാബിലുണ്ടായ പ്രളയകാലത്ത്‌ 10 ലക്ഷത്തിലധികം ജനങ്ങള്‍ക്കും ആയിരക്കണക്കിന്‌ മൃഗങ്ങള്‍ക്കും വന്‍താര കൈത്താങ്ങായി. പ്രകൃതിയും മനുഷ്യനും പരസ്‌പരബന്ധിതമാണെന്ന വലിയ സന്ദേശമാണ്‌ ഇതിലൂടെ വന്‍താര ലോകത്തിന്‌ നല്‍കുന്നത്‌.
ഒരു വര്‍ഷം പിന്നിടുമ്പോള്‍, വന്യജീവി രക്ഷാപ്രവര്‍ത്തനം, ഗവേഷണം, വനവല്‍ക്കരണം ജനകീയ പങ്കാളിത്തം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള ശാസ്‌ത്രീയമായ ഒരു സംരക്ഷണ വ്യവസ്‌ഥയായി വന്‍താര വളര്‍ന്നു കഴിഞ്ഞു. വന്യജീവികളെ സംരക്ഷിക്കുക, പ്രാദേശിക സമൂഹങ്ങളെ ശാക്‌തീകരിക്കുക, ഭാരതത്തിലും ആഗോളതലത്തിലും കൂടുതല്‍ സുസ്‌ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള കാരുണ്യനിര്‍ഭരമായ ഒരു ദൗത്യമാണ്‌ വന്‍താരയുടെ ഹൃദയമിടിപ്പ്‌.

Ads by Google
Monday 02 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW