-->
സഞ്ജു സാംസണിന്റെ ക്രീസിലെ തകര്‍പ്പന്‍ പ്രകടനത്തെ പുകഴ്ത്തി നടന്‍ മോഹന്‍ലാല്‍. സഞ്ജുവിന്റെ ബാറ്റിംഗ് കാണുന്നത് തന്നെ വലിയാരു ആവേശമാണെന്നും അദ്ദേഹത്തിന്റെ കഴിവും സ്വഭാവമഹിമയും വിളിച്ചോതുന്ന മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സാണ് മൈതാനത്ത് കണ്ടതെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സഞ്ജുവിന്റെ ഈ മിന്നും ഫോം കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യൻ ടീം 2026 ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് ഗംഭീരമായി പ്രവേശിച്ചതിൽ താരം അഭിനന്ദനങ്ങളും അറിയിച്ചു. ഇന്ത്യൻ ടീമിന്റെ ഈ കുതിപ്പ് അഭിമാനകരമാണെന്നും സെമിയിലേക്ക് എത്തിയ ടീമിന് മുഴുവൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടീം ഇന്ത്യക്ക് എല്ലാവിധ പിന്തുണയും അറിയിച്ചുകൊണ്ട്, ലോകകപ്പ് കിരീടത്തിലേക്കുള്ള ഈ യാത്ര തുടരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ലാലേട്ടന്റെ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.