-->
ഹുബളളി: കര്‍ണാടകയ്‌ക്കെതിരേ ഇന്നിങ്‌സ് ജയം കുറിച്ച് ജമ്മു കശ്‌മീര്‍ രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ കന്നിക്കിരീടം നേടി. സ്‌കോര്‍: ജമ്മു കശ്‌മീര്‍ ഒന്നാം ഇന്നിങ്‌സ് 584, രണ്ടാം ഇന്നിങ്‌സ് നാലിന് 342 ഡിക്ലയേഡ്. കര്‍ണാടക ഒന്നാം ഇന്നിങ്‌സ് 293.
ഓപ്പണര്‍ ഖാര്‍മന്‍ ഇഖ്‌ബാല്‍ (311 പന്തില്‍ മൂന്ന് സിക്‌സറും 16 ഫോറുമടക്കം 160), സാഹില്‍ ലോത്ര (226 പന്തില്‍ മൂന്ന് സിക്‌സറും എട്ട് ഫോറുമടക്കം 101) ക്രീസില്‍ നില്‍ക്കേയാണ് ജമ്മു രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തത്. മത്സരം സമനിലയായെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതോടെയാണു ജമ്മു കിരീടം നേടിയത്. ജമ്മുവിന്റെ ശുഭം പുണ്ടീര്‍ മത്സരത്തിലെയും പേസര്‍ അഖ്വിബ് നബി പരമ്പരയിലെയും താരമായി. പുണ്ടീര്‍ ഒന്നാം ഇന്നിങ്‌സ് 121 റണ്ണെടുത്തു. നബി രഞ്‌ജി ട്രോഫിയിലാകെ 245 റണ്ണും 60 വിക്കറ്റുമെടുത്തു. രഞ്‌ജി സീസണില്‍ 50 നു മേല്‍ വിക്കറ്റെടുക്കുന്ന ആദ്യ ജമ്മു താരമാണ്‌്.
രാജ്‌നഗറിലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അവസാന ദിവസത്തെ മത്സരം കനത്ത സുരക്ഷാ വലയത്തിലാണു നടന്നത്. ജമ്മുവിന്റെ കിരീടധാരണത്തിന് മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള അടക്കമുള്ള പ്രമുഖരെത്തിയതാണു സുരക്ഷാ വലയത്തിനു കാരണമായത്. നാലാം ദിവസം തന്നെ ജമ്മു കിരീടം ഉറപ്പാക്കിയിരുന്നു. വെള്ളിയാഴ്‌ച വൈകിട്ടു തന്നെ ഒമറും സംഘവും ഹുബള്ളയിലേക്കു പറന്നെത്തി. വൈകിട്ടു മൂന്നു മണിയോടെയാണ് ജമ്മുവിന്റെ 41 വയസുകാരന്‍ നായകന്‍ പരാസ് ദോഗ്ര ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. വൈകാതെ സമനിലയ്‌ക്ക് സമ്മതിച്ച് കര്‍ണാടക നായകന്‍ ദേവദത്ത് പടിക്കല്‍ ദോഗ്രയ്‌ക്ക് കൈ കൊടുത്തു. പിന്നാലെ ജമ്മു താരങ്ങള്‍ ആഹ്‌ളാദാരവങ്ങള്‍ മുഴക്കി ഗ്രൗണ്ടിലേക്ക്. ജമ്മു ഒന്നാം ഇന്നിങ്‌സില്‍ 291 റണ്ണിന്റെ നിര്‍ണായക ലീഡ് നേടി. കര്‍ണാടകയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ അവര്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുകയായിരുന്നു. 14 തവണ ഫൈനലില്‍ കളിച്ച കര്‍ണാടക എട്ട് തവണ ജേതാക്കളായി. എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ജമ്മുവിന്റെ തുടക്കം തോറ്റായിരുന്നു. ആദ്യ മത്സരത്തില്‍ മുംബൈ ജമ്മുവിനെ 35 റണ്ണിനു തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ ജമ്മുവിന്റെ ഉഗ്രന്‍ തിരിച്ചുവരവ് കണ്ടു. രാജസ്‌ഥാനെ ഇന്നിങ്‌സിനും 41 റണ്ണിനും ദോഗ്രയും സംഘവും തോല്‍പ്പിച്ചു. ഛത്തീസ്‌ഗഢുമായുള്ള അടുത്ത മത്സരം സമനിലയായി. ഡല്‍ഹിക്കെതിരേയും ഹൈദരാബാദിനെതിരേയും ജയിച്ച് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി.
ഡല്‍ഹിക്കെതിരേ ഏഴ് വിക്കറ്റിനാണ് ജമ്മു ജയിച്ചത്. ഹൈദരാബാദിനെതിരേ 281 റണ്ണിന്റെ കൂറ്റന്‍ ജയവും നേടി. പുതുച്ചേരി, ഹിമാചല്‍ പ്രദേശ് ടീമുകള്‍ക്കെതിരേ സമനിലയില്‍ കലാശിച്ചെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്‌ഥാനക്കാരായി ജമ്മു അടുത്ത റൗണ്ടിലേക്ക്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശായിരുന്നു എതിരാളികള്‍. 56 റണ്‍ ജയത്തോടെയാണ് ജമ്മു മധ്യപ്രദേശ് കടമ്പ മറികടന്നത്. മുഹമ്മദ് ഷമിയും ആകാശ്‌ദീപും അഭിമന്യു ഈശ്വരനും അടങ്ങുന്ന കരുത്തുറ്റ ബംഗാള്‍ നിരയായിരുന്നു സെമി ഫൈനലില്‍ ജമ്മുവിനെ കാത്തിരുന്നത്. ആഖിബ് അഞ്ചുവിക്കറ്റെടുത്തെങ്കിലും ഒന്നാമിന്നിങ്‌സില്‍ ബംഗാള്‍ 328 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിനെ കാത്തിരുന്നത് മുഹമ്മദ് ഷമിയുടെ കിടിലന്‍ സ്‌പെല്ലുകളായിരുന്നു. ഷമി എട്ടുവിക്കറ്റോടെ ഉജ്‌ജ്വല ബൗളിങ് കാഴ്‌ചവെച്ചതോടെ ജമ്മു പ്രതിരോധത്തിലായി. ക്യാപ്‌റ്റന്‍ പരസ് ദോഗ്രയുടെയും(58) അബ്‌ദുള്‍ സമദിന്റേയും(82) ഇന്നിങ്‌സ് ഒടുക്കം ടീമിനെ 302 ലെത്തിച്ചു. അതോടെ ഒന്നാമിന്നിങ്‌സ് ലീഡ് ജമ്മുവിന് നഷ്‌ടമായി. ഷമിയുടെ പ്രകടനത്തില്‍ 26 റണ്ണിന്റെ ലീഡാണ് ബംഗാള്‍ സ്വന്തമാക്കിയത്. മത്സരം സമനിലയിലായാല്‍ ബംഗാള്‍ ഫൈനലില്‍ കടക്കുമെന്ന സ്‌ഥിതി. രണ്ടാം ഇന്നിങ്‌സില്‍ കളി മാറി. ആഖിബും സുനില്‍ കുമാറുമടക്കം ജമ്മു ബൗളര്‍മാര്‍ ബംഗാളിനെ വിറപ്പിച്ചപ്പോള്‍ 99 റണ്ണിന് ഓള്‍ഔട്ടായി. ബംഗാള്‍ ഉയര്‍ത്തിയ 126 റണ്‍ ലക്ഷ്യം ജമ്മു മറികടന്നു. രഞ്‌ജി ഫൈനലിലെത്തുന്ന 17-ാമത്തെ ടീമാണ് ജമ്മു കശ്‌മീര്‍. ഹിമാലയന്‍ മേഖലയില്‍ നിന്ന് ഫൈനല്‍ ടിക്കറ്റെടുക്കുന്ന ആദ്യ ടീമും.