-->
കൊല്‍ക്കത്ത: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് 1 ലെ അവസാന മത്സരത്തിനായി ഇന്ത്യയും വെസ്‌റ്റിന്‍ഡീസും ഇന്നിറങ്ങും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം.
ഇന്നു ജയിക്കുന്നവര്‍ ദക്ഷിണാഫ്രിക്കയ്‌ക്കു പിന്നാലെ സെമി ഫൈനലില്‍ കടക്കും. ദക്ഷിണാഫ്രിക്ക രണ്ട് കളികളില്‍നിന്നു നാല് പോയിന്റുമായി ഒന്നാം സ്‌ഥാനത്താണ്. ഇന്നു നടക്കുന്ന അവസാന മത്സരത്തില്‍ അവര്‍ സിംബാബ്‌വേയെ നേരിടും. രണ്ട് കളികളും തോറ്റ സിംബാബ്‌വേയുടെ സാധ്യതകള്‍ അവസാനിച്ചു. രണ്ട് കളികളില്‍നിന്ന് ഒരു ജയവും തോല്‍വിയും നേരിട്ട ഇന്ത്യയും വിന്‍ഡീസ് രണ്ട് പോയിന്റ് വീതം നേടി. 1.791 സ്വന്തമാക്കിയ വിന്‍ഡീസ് രണ്ടാം സ്‌ഥാനത്തും -0.100 നെറ്റ് റണ്‍ റേറ്റുള്ള ഇന്ത്യ മൂന്നാം സ്‌ഥാനത്തുമാണ്.
കാലാവസ്‌ഥ പ്രതികൂലമായി മത്സരം ഉപേക്ഷിക്കേണ്ട വന്നാല്‍ ഇന്ത്യ പുറത്താകും. കൊല്‍ക്കത്തയിലെ കാലാവസ്‌ഥ മത്സരത്തിന് അനൂകുലമാണ്. മഴയ്‌ക്ക് ഒരു സാധ്യതയുമില്ലെന്നാണു കാലാവസ്‌ഥാ റിപ്പോര്‍ട്ട്‌്്. പിച്ച് വരണ്ടതാണെന്നാണു വിന്‍ഡീസ് കോച്ച് ഡാരന്‍ സാമിയുടെ നിഗമനം. 1983 നു ശേഷം വിന്‍ഡീസിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായില്ല. നാല് ട്വന്റി20 കള്‍ ഉള്‍പ്പെടെ ഒന്‍പത് മത്സരങ്ങളിലാണ് അവര്‍ തോറ്റത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 2016 ട്വന്റി20 ലോകകപ്പ് ജേതാക്കളായ ശേഷം വിന്‍ഡീസിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഒരു മത്സരത്തിലും സെമിയില്‍ കടക്കാനായില്ല. പിതാവിന്റെ മരണം മൂലം നാട്ടിലേക്കു മടങ്ങിയ റിങ്കു സിങ് ഇന്നു കളിക്കാനിടയില്ല. സിംബാബ്‌വേയ്‌ക്കെതിരേ കളിച്ച അതേ ടീമിനെ നിലനിര്‍ത്താനാണു സാധ്യത. മലയാളി താരം സഞ്‌ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരത്തിനിടെ പരുക്കേറ്റ ബ്രാന്‍ഡന്‍ കിങ് കായിക ക്ഷമത വീണ്ടെടുത്തതിനാല്‍ വിന്‍ഡീസ് നിരയിലും മാറ്റങ്ങള്‍ക്കു സാധ്യതയില്ല. ലോകകപ്പിലെ കന്നി അര്‍ധ സെഞ്ചുറി കുറിച്ച ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയും വിന്‍ഡീസിന്റെ ഇടംകൈയന്‍ സ്‌പിന്നര്‍ റോസ്‌റ്റണ്‍ ചേസുമാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രങ്ങള്‍.
സാധ്യതാ ടീം: ഇന്ത്യ - അഭിഷേക് ശര്‍മ, സഞ്‌ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മം സൂര്യകുമാര്‍ യാദവ് (നായകന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, ജസ്‌പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
സാധ്യതാ ടീം: വെസ്‌റ്റിന്‍ഡീസ് - ബ്രാന്‍ഡന്‍ കിങ്, ഷായ് ഹോപ് (നായകന്‍), ഷിംറോണ്‍ ഹിറ്റ്‌മീര്‍, റോവ്‌മന്‍ പവല്‍, റോസ്‌റ്റണ്‍ ചേസ്, ഷെര്‍ഫാനെ റഥര്‍ഫോഡ്, റൊമാരിയോ ഷെപ്പേഡ്, ജാസണ്‍ ഹോള്‍ഡര്‍, മാത്യു ഫോര്‍ദെ, ഗുദാകേശ് മോതി, ഷാമാര്‍ ജോസഫ്.