-->
മുംബൈ: ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ കുറ്റവിമുക്‌തനാക്കിയതിനെ സ്വാഗതംചെയ്‌ത് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. നീതിന്യായ വ്യവസ്‌ഥ പരമോന്നതമായതിനാല്‍ കോടതി വിധി അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ചോ പാര്‍ട്ടിയെക്കുറിച്ചോ ചിന്തിക്കാതെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും അഴിമതി വിരുദ്ധ സമരനായകനായ ഹസാരെ, കെജ്‌രിവാളിനെ ഉപദേശിച്ചു. മദ്യനയക്കേസില്‍ ഹസാരെ നേരത്തെ കെജ്‌രിവാളിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, അന്നു കോടതി ഒരു വിധിയും പുറപ്പെടുവിച്ചിരുന്നില്ലെന്നും ഇപ്പോള്‍ കോടതി വിധി അംഗീകരിക്കണമെന്നുമായിരുന്നു ഇതേക്കുറിച്ചു ഹസാരെയുടെ പ്രതികരണം.
മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെയും മറ്റ് 21 പേരെയും ഒരു ഡല്‍ഹി കോടതി കുറ്റവിമുക്‌തരാക്കിയിരുന്നു.
'രാജ്യത്തെ പരമോന്നത വ്യവസ്‌ഥയാണ് നീതിന്യായ വ്യവസ്‌ഥ. നിരവധി രാഷ്‌ട്രീയ പാര്‍ട്ടികള്‍, ജാതികള്‍, മതങ്ങള്‍, മതങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ രാജ്യമാണ് നമ്മുടേത്. അതു ശരിയായി പ്രവര്‍ത്തിക്കുന്നതു നീതിന്യായ വ്യവസ്‌ഥ കാരണമാണ്. ശക്‌തമായ ഒരു ജുഡീഷ്യറിയുടെ അഭാവത്തില്‍, ക്രിമിനല്‍ ഘടകങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കും. രാജ്യത്ത് കലാപത്തിന് സമാനമായ സാഹചര്യമുണ്ടാകും.'- മഹാരാഷ്‌ട്രയിലെ അഹല്യനഗര്‍ ജില്ലയില്‍ തന്റെ ജന്മഗ്രാമമായ റാലെഗന്‍ സിദ്ധിയില്‍ ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.