Wednesday, March 11, 2026 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.32 PM

'കഴിയുന്നത്‌ ഭാര്യയുടെ സൂക്ഷ്‌മ നിരീക്ഷണത്തില്‍'

ന്യൂഡല്‍ഹി: വിവാഹമോചന ഹര്‍ജിക്കു പിന്നാലെ ഭാര്യയെക്കുറിച്ചു തമിഴ്‌ സൂപ്പര്‍ സ്‌റ്റാറും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ്‌യുടെ പഴയ പരാമര്‍ശം വൈറല്‍. ഭാര്യ തന്നെ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടെന്നും അവരാണ്‌ തന്റെ ഏറ്റവും കടുത്ത 'വിമര്‍ശക'യുമെന്ന താരത്തിന്റെ പരാമര്‍ശമാണു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്‌.
എതിര്‍പ്പ്‌ അവഗണിച്ച്‌ മറ്റൊരു നടിയുമായി വിജയ്‌ ബന്ധം തുടരുന്ന സാഹചര്യത്തിലാണു ഭാര്യ സംഗീതിക കഴിഞ്ഞദിവസം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തത്‌. ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തമിഴ്‌ ചാനലായ സണ്‍ ടിവിയില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌ കുമാറുമൊത്തുള്ള 2022-ലെ അഭിമുഖത്തില്‍ ഭാര്യയെക്കുറിച്ചു വിജയ്‌ പറയുന്ന ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ തരംഗമാകുകയാണ്‌. തൊഴില്‍പരമായ താത്‌പര്യങ്ങളും തെരഞ്ഞെടുപ്പുകളും ഭാര്യ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടെന്ന്‌ അഭിമുഖത്തില്‍ വിജയ്‌ പറയുന്നു. ഭാര്യയാണു തന്റെ ഏറ്റവും വലിയ വിമര്‍ശകയെന്നും താരം വ്യക്‌തമാക്കി. 'ന്യൂസ്‌ ഗ്ലിറ്റ്‌സി'നു നല്‍കിയ അഭിമുഖത്തില്‍ വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്‌.എ. ചന്ദ്രശേഖറും ഇക്കാര്യം ശരിവയ്‌ക്കുന്നുണ്ട്‌. വിജയ്‌ അധികമാര്‍ക്കും ചെവികൊടുക്കാറില്ലെന്നും പക്ഷേ, ഭാര്യ സംഗീതികയുടെ വാക്കുകള്‍ക്ക്‌ മൂല്യം കല്‍പ്പിക്കാറുണ്ടെന്നുമാണ്‌ പിതാവ്‌ അഭിപ്രായപ്പെട്ടത്‌. ഭാര്യയുടെ 'കര്‍ശന നിരീക്ഷണ'ത്തിലാണു വിജയ്‌ എന്നും ചന്ദ്രശേഖര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്‌.
2021 ഏപ്രിലിലാണ്‌ വിജയ്‌ മറ്റൊരു നടിയുമായി വിവാഹേതര ബന്ധം പുലര്‍ത്തുണ്ടെന്ന വിവരം തനിക്കു മനസിലായതെന്ന്‌ സംഗീതിക വിവാഹമോചന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ബന്ധത്തില്‍നിന്നു പിന്മാറാമെന്ന്‌ ആദ്യഘട്ടത്തില്‍ വിജയ്‌ വാക്കുനല്‍കിയെങ്കിലും പാലിച്ചില്ല.
2021 സെപ്‌റ്റംബര്‍ മുതല്‍ കഴിഞ്ഞമാസം വരെ വ്യക്‌തിപരമായും നിയമപരമായും പലവട്ടം അനുരഞ്‌ജന ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലപ്രാപ്‌തിയിലെത്തിയില്ല. വീണ്ടും വിളക്കിച്ചേര്‍ക്കാനാകാത്തവിധം ബന്ധത്തില്‍ വിള്ളല്‍ വീണ പശ്‌ചാത്തലത്തിലാണ്‌ വിവാഹമോചന ഹര്‍ജി നല്‍കിയതെന്ന്‌ സംഗീതിക പറയുന്നു. വിജയ്‌യുടെ വരുമാനത്തിനും സാമൂഹിക നിലവാരത്തിനും അനുസൃതമായി അര്‍ഹമായ ജീവനാംശം നല്‍കുക, പ്രശ്‌നപരിഹാരമുണ്ടാകുന്നതുവരെ നിലങ്കരയിലെ വസതിയില്‍ താമസിക്കാന്‍ അനുമതി നല്‍കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്‌. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീലങ്കന്‍ തമിഴ്‌ വ്യവസായിയുടെ മകളാണ്‌ സംഗീതിക. 1996-ല്‍ ആദ്യം ആരാധനയില്‍ തുടങ്ങി പ്രണയമായി വളര്‍ന്ന ബന്ധമാണ്‌ വിവാഹത്തില്‍ കലാശിച്ചത്‌. 1998 ജൂലൈ 10 ന്‌ യു.കെയില്‍ ഇരുവരും വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു. 1999 ഓഗസ്‌റ്റ്‌ 25 ന്‌ ചെന്നൈയിലെ രാജ മുത്തയ്യ ഹാളില്‍ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി. 25 വര്‍ഷത്തെ ദാമ്പത്യത്തില്‍ ജേസണ്‍ സഞ്‌ജയ്‌, ദിവ്യ എന്നീ രണ്ടു മക്കളും പിറന്നു.

Ads by Google
Saturday 28 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW