-->
കൊച്ചി: പടക്ക വില്‍പ്പനശാലയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള എന്‍.ഒ.സി. നല്‍കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുന്‍ അഡീഷണല്‍ ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റിന് ഏഴു വര്‍ഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ.
മുന്‍ എറണാകുളം അഡീഷണല്‍ ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റും മുളന്തുരുത്തി സ്വദേശിയുമായ ബി. രാമചന്ദ്രനെയാണ് കോട്ടയം വിജിലന്‍സ് കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്.
തൃപ്പൂണിത്തുറ സ്വദേശിയായ പരാതിക്കാരന്‍ നടത്തിവന്ന പടക്ക വില്‍പ്പന ശാലയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള എന്‍.ഒ.സി. നല്‍കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു കേസ്. 2015ല്‍ പരാതിക്കാരന്‍ തൃപ്പൂണിത്തുറ മാര്‍ക്കറ്റിന് സമീപം പടക്ക കട തുടങ്ങുന്നതിനും സ്‌റ്റോക്ക് വിപുലീകരിക്കുന്നതിനുമുള്ള എന്‍.ഒ.സിക്കായി എറണാകുളം ജില്ലാ കലക്‌ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ പരിശോധിക്കാന്‍ എറണാകുളം അഡീഷണല്‍ ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റായിരുന്ന ബി. രാമചന്ദ്രന്‍ പരാതിക്കാരന്റെ സ്‌ഥാപനത്തിലെത്തി.
എന്‍.ഒ.സി നല്‍കണമെങ്കില്‍ അഞ്ചു ലക്ഷം രൂപ കൈക്കൂലിയായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നാണു പരാതി. പരാതിക്കാരന്‍ 50,000 രൂപ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു നല്‍കിയെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല.
വീണ്ടും കണ്ടപ്പോള്‍ ഒരു ലക്ഷം രൂപ തന്നാല്‍ മാത്രമേ എന്‍.ഒ.സി നല്‍കുകയുള്ളുവെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ എറണാകുളം വിജിലന്‍സ് യൂണിറ്റില്‍ പരാതി നല്‍കി. തുടര്‍ന്ന് പരാതിക്കാരനില്‍ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയായിരുന്നു.
വിവിധ വകുപ്പുകളിലായി ആകെ ഏഴു വര്‍ഷം കഠിനതടവിനും അഞ്ചു ലക്ഷം രൂപ പിഴയൊടുക്കുന്നതിനുമാണു ശിക്ഷ വിധിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കോട്ടയം വിജിലന്‍സ് കോടതി ജഡ്‌ജി കെ.വി രജനീഷാണ് ശിക്ഷ വിധിച്ചത്.
വിജിലന്‍സിന് വേണ്ടി പബ്ലിക് പ്ലോസിക്യൂട്ടര്‍ കെ.കെ ശ്രീകാന്ത് ഹാജരായി. വിജിലന്‍സ് എറണാകുളം മധ്യമേഖലാ ഡിവൈ.എസ്.പിമാരായിരുന്ന കെ.ബിജുമോന്‍, ഫിറോസ്.എം.ഷഫീക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുന്‍ വിജിലന്‍സ് മദ്ധ്യമേഖലാ പോലീസ് സൂപ്രണ്ടും നിലവില്‍ വിജിലന്‍സ് ആസ്‌ഥാനത്തെ ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറലുമായ തോംസണ്‍ ജോസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.