Thursday, March 12, 2026 Last Updated 20 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

തൃച്ചേന്ദമംഗലം കെട്ടുകാഴ്‌ച കാഴ്‌ചപ്പൂരമായി

അടൂര്‍: തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ആറാട്ടെഴുന്നള്ളത്തിന്‌ അകമ്പടിയായി കെട്ടുരുപ്പുകള്‍ നിരന്നപ്പോള്‍ കാഴ്‌ചപറമ്പില്‍ ഭക്‌തിയും ആവേശവും അലയടിച്ചുയര്‍ന്നു. പെരിങ്ങനാട്‌ തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന്റെ ഭാഗമായാണ്‌ കെട്ടുകാഴ്‌ച്ച നടന്നത്‌. കുംഭച്ചൂടിന്‌ മീതെ ജ്വലിച്ചു നിന്ന ഭക്‌തിയുടെ ആവേശത്തില്‍ കാഴ്‌ച്ചപറമ്പ്‌ ഭക്‌തരെ കൊണ്ട്‌ നിറഞ്ഞു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ടാണ്‌ കെട്ടുകാഴ്‌ച നടന്നത്‌.
മാനത്തോളം ഉയരത്തില്‍ കെട്ടിപ്പൊക്കിയ നിറപ്പൊട്ടുകള്‍ വാരിയണിഞ്ഞ കുതിരയും വെള്ളയിലും പട്ടിലും പൊതിഞ്ഞ്‌ കഴുത്തില്‍ നിറയെ ഓട്ടുമണികളും ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും അണിഞ്ഞ ഭീമാകാരങ്ങളായ കാളകളും നൂറുകണക്കിന്‌ എടുപ്പുകാളകളും നേര്‍ച്ച കാളകളും ഉത്സവക്കാഴ്‌ച സമൃദ്ധമാക്കി.
കെട്ടുകാഴ്‌ചകള്‍ക്ക്‌ മുന്നിലായി നീങ്ങിയ ചെണ്ടമേളം ,പഞ്ചവാദ്യം, പഞ്ചാരിമേളം ,ശിങ്കാരി മേളം എന്നിവ താളക്കൊഴുപ്പേകി. ഗ്രാമീണ പാതകളിലൂടെ ചാഞ്ഞും ചരിഞ്ഞും ആടിയുലഞ്ഞ്‌ എത്തിയ കെട്ടുകാഴ്‌ചകളുടെ വരവ്‌ ഉച്ചക്ക്‌ ഒന്നരയോടെ ആരംഭിച്ചു. വൈകിട്ട്‌ മൂന്നരയോടെ കരക്കാര്‍ ശാസ്‌താക്ഷേത്രത്തിന്‌ മുന്നിലെത്തി നാളികേരം ഉടച്ച്‌ കരവിളിച്ച്‌ കളഭം വാങ്ങിയതോടെ പത്ത്‌ കരകള്‍ക്കും നാഥനായ മഹാദേവന്റെ ആറാട്ട്‌ എഴുന്നള്ളത്ത്‌ ആരംഭിച്ചു.
എരിക്കിന്‍ പൂമാല ചാര്‍ത്തി സുവര്‍ണ്ണ ശോഭയാര്‍ന്ന ഇരട്ട ജീവിതയില്‍ അനുഗ്രഹം ചൊരിഞ്ഞു കൊണ്ടുള്ള മഹാദേവരുടെ എഴുന്നള്ളത്ത്‌ തിങ്ങി നിറഞ്ഞ പുരുഷാരത്തിന്‌ സാഫല്യമേകി. പടിഞ്ഞാറുള്ള ആറാട്ടുകുളത്തിലേക്ക്‌ നീങ്ങിയ മഹാദേവര്‍ക്ക്‌ കെട്ടുകാഴ്‌ചയും അകമ്പടിയായി. തെക്കുംമുറി, മുണ്ടപ്പള്ളി, ചെറുപുഞ്ച, പോത്തടി, കുന്നത്തൂക്കര, മലമേക്കര , കരുവാറ്റ, അമ്മകണ്ടകര, മേലൂട്‌, മൂന്നാളം എന്നീ പത്ത്‌ കരകളില്‍ നിന്നുമുള്ള കെട്ടുരുപ്പടികളും മണക്കാലദേശത്ത്‌ നിന്നുള്‍പ്പടെ ആറ്‌ നേര്‍ച്ചക്കാളകളും നൂറുകണക്കിന്‌ ചെറിയഎടുപ്പ്‌ കാളകളുമാണ്‌ മഹാദേവരുടെ ആറാട്ടെഴുനള്ളത്തിന്‌ അകമ്പടിയായത്‌.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW