Wednesday, March 11, 2026 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.04 AM

'അമ്മ'യുടെ വിശ്വസ്‌തന്‍ ഇനി സ്‌റ്റാലിനൊപ്പം; 'ഉദയസൂര്യ'ന്റെ തണലില്‍ പനീര്‍ശെല്‍വം

uploads/news/2026/02/827715/2.jpg

ചെന്നൈ: അണ്ണഡി.എം.കെയില്‍നിന്ന്‌ പുറത്താക്കപ്പെട്ട തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡി.എം.കെയില്‍ ചേര്‍ന്നു. വെള്ളിയാഴ്‌ച ചെന്നൈയിലെ ഡി.എം.കെ ആസ്‌ഥാനമായ അണ്ണാഅറിവാലയത്തിലെത്തിയ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനും മറ്റു മന്ത്രിമാരും ചേര്‍ന്ന്‌ സ്വീകരിച്ചു. തുടര്‍ന്നാണ്‌ പനീര്‍ശെല്‍വം ഔദ്യോഗികമായി ഡി.എം.കെയില്‍ അംഗമായത്‌.
ഡി.എം.കെയില്‍ ചേരുന്നതിന്‌ മുന്നോടിയായി സ്‌റ്റാലിന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച്‌ സംസാരിച്ച പനീര്‍ശെല്‍വം, ഡി.എം.കെ വീണ്ടും അധികാരത്തില്‍ വരുമെന്നും പറഞ്ഞു. അഞ്ചുവര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുടെ മനസുകളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി തമിഴ്‌നാട്ടില്‍ നടക്കുന്ന സുപ്രധാന രാഷ്‌ട്രീയനീക്കമാണ്‌ പനീര്‍ശെല്‍വത്തിന്റെ ഡി.എം.കെ പ്രവേശം. അണ്ണാഡി.എം.കെയില്‍ തിരിച്ചെത്താനുള്ള വഴികളടഞ്ഞതോടെ പനീര്‍ശെല്‍വം ഡി.എം.കെ നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞദിവസം മന്ത്രി പി.കെ. ശേഖര്‍ബാബുവിന്റെ നേതൃത്വത്തിലും ചര്‍ച്ചനടത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്‌ക്കന്നൂര്‍ മണ്ഡലത്തില്‍നിന്ന്‌ പനീര്‍ശെല്‍വം ഡി.എം.കെ സ്‌ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ്‌ വിവരം. തേവര്‍ വിഭാഗത്തിന്‌ ഭൂരിപക്ഷമുള്ള മേഖലകളില്‍ പനീര്‍ശെല്‍വത്തിന്റെ സാന്നിധ്യം പാര്‍ട്ടിക്ക്‌ മുതല്‍ക്കൂട്ടാകുമെന്നു ഡി.എം.കെ നേതൃത്വം കരുതുന്നു.
മൂന്നു തവണ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്‌തനായിരുന്നു. ജയലളിതയുടെ മരണശേഷം എടപ്പാടി കെ.പളനിസ്വാമിയും പനീര്‍ശെല്‍വവും തമ്മില്‍ അധികാരവടംവലി രൂക്ഷമായി.
2022ല്‍ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കപ്പെട്ടു. പിന്നീട്‌ പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ പലവഴി ശ്രമം നടത്തി. ബി.ജെ.പി നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായി രാമനാഥപുരത്ത്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Ads by Google
Saturday 28 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW