Wednesday, March 11, 2026 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.04 AM

ഡല്‍ഹി മദ്യനയക്കേസ്‌: സി.ബി.ഐക്ക്‌ വന്‍തിരിച്ചടി കെജ്‌രിവാളിനെയും സിസോദിയയേയും കോടതി വിട്ടയച്ചു

uploads/news/2026/02/827714/1.jpg

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സി.ബി.ഐക്കും കേന്ദ്രസര്‍ക്കാരിനും കനത്ത തിരിച്ചടി. ആം ആദ്‌മി പാര്‍ട്ടി നേതാക്കളായ മുന്‍മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ എന്നിവരുള്‍പ്പെടെ 23 പ്രതികളെയും ഡല്‍ഹി റോസ്‌ അവന്യൂ കോടതി കുറ്റമുക്‌തരാക്കി.
കേസ്‌ അന്വേഷണത്തില്‍ സി.ബി.ഐക്ക്‌ ഗുരുതരവീഴ്‌ചകള്‍ സംഭവിച്ചതായി പ്രത്യേക ജഡ്‌ജി ജിതേന്ദ്ര സിങ്‌ വിമര്‍ശിച്ചു. ആയിരക്കണക്കിനു പേജുകളുള്ള സി.ബി.ഐ. കുറ്റപത്രത്തില്‍ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അഭാവമടക്കം നിരവധി പഴുതുകളുണ്ട്‌. മനീഷ്‌ സിസോദിയയ്‌ക്കെതിരേ പ്രഥമദൃഷ്‌ട്യാ കേസെടുക്കാന്‍ പോലും തെളിവില്ല. കെജ്‌രിവാളിനെ കേസില്‍ ഉള്‍പ്പെടുത്തിയതിനു വസ്‌തുതകളുടെ പിന്‍ബലമില്ല. തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്‌മൂലങ്ങളും കുറ്റപത്രത്തിന്റെ ഭാഗമായുണ്ട്‌.
യാതൊരു തെളിവുമില്ലാതിരുന്നിട്ടും കുല്‍ദീപ്‌ സിങ്ങിനെ മുഖ്യപ്രതിയായി കേസില്‍ ഉള്‍പ്പെടുത്തിയത്‌ അമ്പരപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മദ്യനയം രൂപീകരിച്ചതിന്റെയും നടപ്പാക്കിയതിന്റെയും ഉത്തരവാദിയെന്ന നിലയിലാണ്‌ സിസോദിയയെ പ്രതിയാക്കിയത്‌. എന്നാല്‍, ക്രമക്കേടില്‍ അദ്ദേഹത്തിന്റെ പങ്കിന്‌ യാതൊരു തെളിവുമില്ല. അദ്ദേഹത്തില്‍നിന്ന്‌ എന്തെങ്കിലും കണ്ടെടുത്തിട്ടുമില്ല.
കുറ്റപത്രത്തില്‍ പരസ്‌പരവിരുദ്ധമായ ഒട്ടേറെ കാര്യങ്ങളുണ്ട്‌. കേസിലെ ഗൂഢാലോചന ആരോപണത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്നതാണിത്‌. മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന കുറ്റാരോപണം നിലനില്‍ക്കുന്നതല്ല. കേസിലെ അന്വേഷണോദ്യോഗസ്‌ഥനെതിരേ വകുപ്പുതല അന്വേഷണത്തിനു കോടതി ഉത്തരവിട്ടതും സി.ബി.ഐക്കു കനത്തപ്രഹരമായി. കേസില്‍ കെജ്‌രിവാളിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എന്‍. ഹരിഹരന്‍, അഡ്വ. മുദിത്‌ ജെയ്‌ന്‍ എന്നിവരും സിസോദിയയ്‌ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷക റെബേക്ക എം. ജോണ്‍, അഡ്വ. വിവേക്‌ ജെയ്‌ന്‍ എന്നിവരും ഹാജരായി.

Ads by Google
Saturday 28 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW