-->
ചെന്നൈ: തമിഴ് നടനും ടി.വി.കെ നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വര്‍ണലിംഗം വിവാഹ മോചനത്തിനു കുടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തതായി റിപ്പോര്‍ട്ട്.
ഒരു നടിയുമായി വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചാണ് സംഗീത 25 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ചെങ്കല്‍പ്പെട്ട് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഏപ്രില്‍ 20-ന് ഹാജരാകണമെന്നു കാണിച്ച് വിജയ്‌ക്ക് നോട്ടീസ് അയച്ചു. എന്നാല്‍, വിജയ്‌യോ സംഗീതയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഹര്‍ജി പ്രകാരം, വിജയ് ഒരു വനിതാ നടിയുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് സംഗീത ആരോപിച്ചു. 2021-ല്‍ ഈ ബന്ധം സംഗീത കണ്ടെത്തിയതായി ഹര്‍ജിയില്‍ അവകാശപ്പെട്ടു. ഈ ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നല്‍കിയിട്ടും പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കടുത്ത മാനസിക സംഘര്‍ഷവും അവഗണനയും അനുഭവിച്ചതായും സംഗീത ഹര്‍ജിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. നീലാങ്കരയിലെ ഒരേ വീട്ടില്‍ തന്നെ ഇരുവരും അകന്നു കഴിയുകയാണ്. യു.കെയില്‍ താമസമാക്കിയ ശ്രീലങ്കന്‍ തമിഴ് വ്യവസായി സ്വര്‍ണലിംഗത്തിന്റെ മകളാണ് സംഗീത. 1999 ഓഗസ്‌റ്റ് 25-ന് ഇരുവരും വിവാഹിതരായി. വ്യത്യസ്‌ത മതങ്ങളില്‍പെട്ടവരായതിനാല്‍ 1954-ലെ സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരമാണ് വിവാഹം രജിസ്‌റ്റര്‍ ചെയ്‌തത്. കൂടാതെ വിവാഹത്തിന് ഇരുമതങ്ങളിലേയും ആചാരപ്രകാരമുള്ള ചടങ്ങുകളുമുണ്ടായിരുന്നു. വിജയ്‌ക്കും സംഗീതയ്‌ക്കും 2000-ത്തിലാണ് ആദ്യ കുഞ്ഞ് ജനിക്കുന്നത്. ജേസണ്‍ സഞ്‌ജയ് വിജയ് എന്ന് പേരിട്ട ആ കുഞ്ഞ് ഓഗസ്‌റ്റ് 26-നാണ് പിറന്നത്. പിന്നീട് ഇരുവര്‍ക്കും ദിവ്യ സാഷ എന്ന മകളും പിറന്നു. അതേസമയം, തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന വിവാഹമോചനവാര്‍ത്ത വിജയ്‌ക്ക് വലിയ രാഷ്‌ട്രീയതിരിച്ചടി ഉണ്ടായിരിക്കുകയാണ്.