-->
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ആവര്‍ത്തിച്ചുവരുന്ന 'സൗത്ത് ഗ്രൂപ്പ്' എന്ന പ്രയോഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി കോടതി. ഇത്തരത്തിലുള്ള പദപ്രയോഗങ്ങള്‍ ഒഴിവാക്കണം.
ചെന്നൈ കോടതിയിലാണ് ഈ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കില്‍ അത് കുറ്റകരമായി കണക്കാക്കുമായിരുന്നില്ലേ? ഈ പദത്തിന്റെ ഉപയോഗത്തില്‍ തനിക്ക് ആശങ്കയുണ്ട്.-പ്രത്യേക ജഡ്‌ജി ജിതേന്ദ്ര സിങ് പറഞ്ഞു.
ആരാണ് ഈ പദം സൃഷ്‌ടിച്ചതെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.പി. സിങ്ങിനോട് കോടതി ചോദിച്ചു. 'വടക്കുനിന്നുള്ള പ്രതികളെ നിങ്ങള്‍ എന്തുകൊണ്ട് നോര്‍ത്ത് ഗ്രൂപ്പ് എന്നു വിളിച്ചില്ലെന്നും കോടതി ചോദിച്ചു.
കുറ്റാരോപിതരെ അവരുടെ പ്രദേശത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രത്യേക ഗ്രൂപ്പായി വിശേഷിപ്പിക്കുന്നതിനു നിയമപരമായ അടിസ്‌ഥാനമില്ലെന്നും കോടതി വ്യക്‌തമാക്കി.
കേസില്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണു കോടതി ഉന്നയിച്ചത്. സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിഴവുകള്‍ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചന നടന്നതിനും അഴിമതി നടന്നതിനും യാതൊരു തെളിവുമില്ലെന്നും കോടതി വ്യക്‌തമാക്കി.
വെള്ളിയാഴ്‌ച കോടതിയില്‍ വിധി കേട്ട അരവിന്ദ് കെജ്‌രിവാള്‍ വികാരാധീനനായാണ് പ്രതികരിച്ചത്.
അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ആംആദ്‌മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഏറ്റവും വലിയ രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം തുറന്നടിച്ചു. മനീഷ് സിസോദിയയെ കെട്ടിപ്പിടിച്ച് കരഞ്ഞ കെജ്‌രിവാള്‍ കഠിനാധ്വാനത്തിലൂടെ താന്‍ സമ്പാദിച്ചത് സത്യസന്ധത മാത്രമാണെന്നും ഒടുവില്‍ സത്യം ജയിച്ചുവെന്നും പ്രതികരിച്ചു.
ഭരണഘടനയെ ഒരു തമാശയാക്കി മാറ്റരുതെന്നും ജനങ്ങളെ സേവിച്ചുകൊണ്ട് അധികാരം നിലനിര്‍ത്താനാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ കുറ്റവിമുക്‌തനായതോടെ പാര്‍ട്ടിയുടെ തകര്‍ന്നുപോയ പ്രതിച്‌ഛായ വീണ്ടെടുക്കാനും ഡല്‍ഹിയില്‍ അധികാരരാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരാനും ആം ആദ്‌മിക്ക് കഴിയുമോ എന്നോണ് രാഷ്‌്രടീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
കേസിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ആം ആദ്‌മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്‌ഛായയ്‌ക്ക് കനത്ത തിരിച്ചടിയുണ്ടാക്കി.
2025-ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍നിന്നു പുറത്തായി. 2020-ല്‍ 62 സീറ്റുകള്‍ ഉണ്ടായിരുന്ന എ.എ.പിക്ക് ഇത്തവണ 22 സീറ്റുകളാണ് നേടാനായത്. ബി.ജെ.പി 48 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുത്തു.
സ്വന്തം മണ്ഡലമായ ന്യൂഡല്‍ഹിയില്‍ ബി.ജെ.പിയുടെ പര്‍വേഷ് വര്‍മ്മയോട് അരവിന്ദ് കെജ്‌രിവാള്‍ പരാജയപ്പെട്ടു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ തുടങ്ങിയ പ്രമുഖ നേതാക്കളും തങ്ങളുടെ മണ്ഡലങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങി.