-->
ഭോപ്പാല്‍: ഉജ്‌ജയിനിലെ അങ്കിത് സേവാധാം ആശ്രമത്തിലെ 17 വികലാംഗ കുട്ടികളുടെ മരണത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
വിഷയം സ്വമേധയാ പരിഗണിച്ച കോടതി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍ഡോറിലെ ഉന്നത ഉദ്യോഗസ്‌ഥരോട്‌് ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനിതാ-ശിശു വികസന വകുപ്പ് കമ്മിഷണര്‍, ഉജൈ്‌ജന്‍ കലക്‌ടര്‍, പോലീസ് സൂപ്രണ്ട്, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍, സേവാധാം ആശ്രമത്തിന്റെ നടത്തിപ്പുകാരന്‍ എന്നിവര്‍ക്ക് നോട്ടീസ് ലഭിച്ചു.
ഇന്‍ഡോറിലെ യുഗ് പുരുഷ് ആശ്രമത്തില്‍ മരണമടഞ്ഞ കുട്ടികള്‍ കടുത്ത വിളര്‍ച്ചയും പോഷകാഹാരക്കുറവും ഉള്ളവരായിരുന്നു.
2024 ജൂണ്‍ മുതല്‍ ജൂലൈ വരെ 10 കുട്ടികളാണ് ഇവിടെ മരിച്ചത്. അറുപതിലധികം പേര്‍ അസുഖ ബാധിതരായി. ശ്വസന ബുദ്ധിമുട്ടുകള്‍ കാരണമാണ് മരണമെന്നായിരുന്നു ആശമ്രത്തിന്റെ നിലപാട്.
അന്നത്തെ ഇന്‍ഡോര്‍ കലക്‌ടര്‍ ആശിഷ് സിങ് ആശ്രമത്തിന്റെ അംഗീകാരം റദ്ദാക്കി. 2024 ഡിസംബര്‍ 25 ന് 86 വികലാംഗ കുട്ടികളെ ഉജ്‌ജയിനിലെ സേവാധം ആശ്രമത്തിലേക്ക് മാറ്റാന്‍ ഉത്തരവിടുകയും ചെയ്‌തു. പക്ഷേ, എന്നിട്ടും മരണം തുടര്‍ന്നു. കഴിഞ്ഞ 14 മാസത്തിനിടെ, 10 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 17 പേര്‍ മരിച്ചു.
ഭൈരവ്‌ഗഡ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തി. എട്ടിട്ടും ആവര്‍ത്തിച്ചു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. വിഷയം പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ചികിത്സയ്‌ക്കായി കൊണ്ടുവന്ന കുട്ടികളുടെ അവസ്‌ഥ ആശങ്കാജനകമാണെന്ന് ചരക് ഭവന്‍ ആശുപത്രിയിലെ ആര്‍.എം.ഒ: ഡോ. ചിന്‍മയ് ചിന്‍ചോലേക്കര്‍ പറഞ്ഞു.
'ചിലരെ മരിച്ച നിലയില്‍ കൊണ്ടുവന്നു. മറ്റു ചിലര്‍ ഗുരുതരാവസ്‌ഥയിലായിരുന്നു, ചികിത്സയ്‌ക്കിടെ മരിച്ചു. മിക്ക മരണങ്ങളും കടുത്ത വിളര്‍ച്ച മൂലമാണ്'- അദ്ദേഹം പറഞ്ഞു.
ഇന്‍ഡോറില്‍ നിന്ന് അയച്ച കുട്ടികളില്‍ പലരും ഗുരുതരമായ വൈകല്യമുള്ളവരായിരുന്നു. നടക്കാനോ നില്‍ക്കാനോ കഴിയാത്തവരായിരുന്നു. ശ്വാസതടസ്സം, അപസ്‌മാരം, രക്‌തക്കുറവ്, ദീര്‍ഘകാല ചലനശേഷിക്കുറവ് എന്നിവ മൂലമുണ്ടായ സങ്കീര്‍ണതകള്‍ എന്നിവ അനുഭവിച്ചിരുന്നുവെന്ന് സേവാധാം ആശ്രമത്തിന്റെ ഡയറക്‌ടര്‍ സുധീര്‍ ഭായ് ഗോയല്‍ പറഞ്ഞു.
നിലവില്‍ ആശ്രമത്തില്‍ ഏകദേശം 250 നിരാലംബരും വികലാംഗരുമായ കുട്ടികള്‍ താമസിക്കുന്നുണ്ടെന്നും അവരില്‍ 50 ലധികം പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ്രമം പൂട്ടി.