-->
ചെന്നൈ: സിംബാബ്‌വേയ്‌ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ശിവം ദുബെയുടെ ബൗളിങ് പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. രണ്ട് ഓവറില്‍ 46 റണ്ണാണ് ദുബെ വിട്ടുകൊടുത്തത്. ദുബെയുടെ
പന്തുകളെ സിംബാബ്‌വേ ബാറ്റര്‍മാര്‍ നിര്‍ദാക്ഷിണ്യം അതിര്‍ത്തി കടത്തി. വൈഡും നോബോളുമായി അധിക റണ്‍ നല്‍കാന്‍ ദുബെയും മത്സരിച്ചു. രണ്ട് നോബോളും നാല് വൈഡുകളുമാണ് ദുബെ എറിഞ്ഞത്. ഈ നോ ബോളുകള്‍ക്ക് പിന്നാലെ ''ഒരു നേട്ടവും'' ദുബെയുടെ പേരിലായി. ട്വന്റി20 ലോകകപ്പുകളില്‍ ഏറ്റവുമധികം നോ ബോള്‍ എറിയുന്ന ഇന്ത്യന്‍ താരമെന്ന ''നേട്ടമാണ്'' ദുബെ സ്വന്തമാക്കിയത്.
ലോകകപ്പില്‍ ഇതുവരെ 62 പന്തുകള്‍ മാത്രമെറിഞ്ഞ താരത്തിന്റെ അഞ്ചാം നോ ബോളാണു പിറന്നത്. ട്വന്റി20 ലോകകപ്പില്‍ ഏറ്റവുമധികം നോ ബോള്‍ എറിഞ്ഞെന്ന മോശം നേട്ടം നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ മോണി മോര്‍ക്കലിന്റെ പേരിലാണ്. 12 നോ ബോളുകളാണു ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന മോണി എറിഞ്ഞത്. നോ ബോളിന്റെ പേരില്‍ മാത്രമല്ല, ഒരു രാജ്യാന്തര ട്വന്റി20 യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മോശം 'എക്കോണമി (23.00) 'യെന്ന നേട്ടവും ദുബെ സ്വന്തമാക്കി. ഹാര്‍ദിക് പാണ്ഡ്യ 492 പന്തുകളിലായി നാല് നോ ബോളുകളെറിഞ്ഞ് ഇന്ത്യക്കാരില്‍ രണ്ടാമനായി. രുദ്ര പ്രതാപ് സിങ് 174 പന്തുകളിലായി രണ്ട് നോ ബോളുകളെറിഞ്ഞു.
ദുബെയുടെ സഹ താരം അര്‍ഷദീപ് സിങ് 408 പന്തുകളില്‍ രണ്ടെണ്ണം നോ ബോളാക്കി. ജസ്‌പ്രീത് ബുംറ എറിഞ്ഞ 506 പന്തുകളിലും രണ്ടെണ്ണമാണു നോ ബോളായത്. മുന്‍ ഓഫ് സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ട്വന്റി20 ലോകകപ്പില്‍ ആകെ രണ്ട് നോബോളുകളാണ് എറിഞ്ഞത്. 510 പന്തുകളാണ് അശ്വിന്‍ എറിഞ്ഞത്. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിംബാബ്‌വേയെ 72 റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റിന് 256 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത സിംബാബ്‌വേ അവസാന പന്തെറിയുമ്പോള്‍ ആറ് വിക്കറ്റിന് 184 റണ്ണെന്ന നിലയിലായിരുന്നു. ദുബെയുടെ ഓവറുകള്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുന്നതു തടസമായി. രണ്ട് കളികളില്‍നിന്ന് രണ്ട് പോയിന്റ് വീതമുള്ള വെസ്‌റ്റിന്‍ഡീസ് രണ്ടാം സ്‌ഥാനത്തും ഇന്ത്യ മൂന്നാം സ്‌ഥാനത്തുമാണ്. ഞായറാഴ്‌ച വെസ്‌റ്റിന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ കടക്കാം.