-->
നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ് സിങ് അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്.
റിങ്കു പിതാവിന്റെ അന്ത്യ കര്‍മങ്ങള്‍ക്കാണ് ഇന്ത്യന്‍ ടീം ക്യാമ്പ് വിട്ടു. പിതാവിന്റെ ആരോഗ്യസ്‌ഥിതി മോശമായതിനെ തുടര്‍ന്ന് സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് റിങ്കു ടീം വിട്ടിരുന്നു. പിതാവിനെ കണ്ട് തിരിച്ചെത്തിയ താരം സിംബാബ്‌വേയ്‌ക്കെതിരേ പകരക്കാരനായി ഫീല്‍ഡ് ചെയ്‌തിരുന്നു.
അലിഗഡില്‍ എല്‍പിജി സിലിണ്ടര്‍ വിതരണക്കാരനായിരുന്ന ഖന്‍ചന്ദ് കടുത്ത സാമ്പത്തിക പരിമിതികള്‍ക്കിടെ റിങ്കുവിന്റെ ക്രിക്കറ്റ് പരിശീലനത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്‌തിരുന്നു. റിങ്കു ഇന്ത്യന്‍ ടീമില്‍ എത്തിയ ശേഷവും അദ്ദേഹം ഗ്യാസ് സിലിണ്ടര്‍ വിതരണം തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിങ്കു സമ്മാനിച്ച അഞ്ച് ലക്ഷം രൂപയുടെ കാവാസാകി നിന്‍ജ ബൈക്കില്‍ യാത്ര ചെയ്യുന്ന ഖന്‍ചന്ദ് സിങിന്റെ വീഡിയോ വൈറലായിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരം ഞായറാഴ്‌ച വെസ്‌റ്റിന്‍ഡീസിനെതിരേയാണ്. മത്സരത്തില്‍ ജയിക്കുന്ന ടീം സെമി ഫൈനലില്‍ കളിക്കും.