-->
ഹൊബാര്‍ട്ട്: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം.
ബെലറീവ് ഓവലില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ ഒന്‍പത് വിക്കറ്റിന് 251 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഓസീസ് 36.1 ഓവറില്‍ ലക്ഷ്യം കടന്നു. ജോര്‍ജിയ വോളിന്റെ (82 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 101) സെഞ്ചുറിയാണ് അവരെ ജയത്തിലെത്തിച്ചത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഓസീസ് വനിതകള്‍ 2-0 ത്തിനു സ്വന്തമാക്കി. മള്‍ട്ടി ഫോര്‍മാറ്റ് സീരിസില്‍ ഓസ്‌ട്രേലിയ 6-4 നു മുന്നിലാണ്. ഇന്നലെ ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
ഹര്‍മന്‍ (70 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 54), ഓപ്പണര്‍ പ്രതീക റാവല്‍ (81 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓപ്പണര്‍ സ്‌മൃതി മന്ദാന (37 പന്തില്‍ 31), കാഷ്‌വി ഗൗതം (25), റിച്ചാ ഘോഷ് (22) എന്നിവരുടെ പ്രകടനവുമാണ് ടീം സ്‌കോര്‍ 250 ലെത്തിച്ചത്.
ആഷ്‌ലീഗ് ഗാഡ്‌നര്‍, അനാബെല്‍ സതര്‍ലന്‍ഡ്, അലാന കിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മെഗാന്‍ സ്‌കൂട്ട്, നികോള ക്യാരി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. നായികയും ഓപ്പണറുമായ അലീസ ഹീലി (ആറ്) തുടക്കത്തിലെ മടങ്ങിയെങ്കിലും ജോര്‍ജിയ വോളിന്റെ സെഞ്ചുറിയും ഓപ്പണര്‍ ഫോബി ലിച്‌ഫീല്‍ഡിന്റെ (62 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 80) അര്‍ധ സെഞ്ചുറിയും ജയത്തിനു വഴിയായി. ബെത് മൂണി (34 പന്തില്‍ 31), അനാബെല്‍ സതര്‍ലന്‍ഡ് (10) എന്നിവരും പുറത്തായി. ആഷ്‌ലീഗ് ഗാഡ്‌നര്‍ (14 പന്തില്‍ 19), താഹ്ലിയ മക്‌ഗ്രാത്ത് (0) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്.