-->
‘ദ വേഴ്സറ്റൈല്‍ അണ്‍പ്രെഡിക്ടബിള്‍ ആക്ടര്‍’ എന്ന വിശേഷണം കൃത്യമായി യോജിക്കുന്ന തെന്നിന്ത്യന്‍ താരമാണ് ഉര്‍വശി. ഒരു കാലത്ത് തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി തിളങ്ങി നിന്നിരുന്ന താരം വര്‍ഷങ്ങള്‍ക്കിപ്പുറം കരുത്തുറ്റ അമ്മവേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കേരള ടൂറിസത്തിന്റെ 70-ാമത് ഫിലിംഫെയർ അവാർഡ്സ് സൗത്തിൽ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് കിട്ടിയത് ഉര്‍വശിയ്ക്കാണ്.
ഇന്ദ്രജിത്തും ഗൗരി നന്ദയും ചേർന്നായിരുന്നു താരത്തിന് അവർഡുകള്‍ നല്‍കിയത്. എന്നാല്‍ അതിനു ശേഷം ‘ചേച്ചിയെ പോലൊരാള്‍ക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ’ എന്ന പാപ്പരാസികളുടെ ചോദ്യം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. പുരസ്കാരത്തിനാണ് വില എന്നായിരുന്നു ഉർവശി അന്നതിന് മറുപടി പറഞ്ഞത്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഉർവശി. തനിക്ക് അവാർഡ് നല്‍കിയത് ഗൗരി അല്ലെന്നും ഇന്ദ്രജിത്ത് ആണെന്നുമാണ് ഉര്‍വശി പറയുന്നത്. ആ കുട്ടിയത് മിസ്റ്റേക്കില്‍ പറഞ്ഞതാകുമെന്നും, ഒരു സന്തോഷത്തിന്റെ പേരില്‍ പറഞ്ഞതാണെങ്കില്‍ അവരോട് ക്ഷമിക്കാനുമാണ് ഉര്‍വശി പറയുന്നത്.
‘‘ഗൗരി അവാർഡ് നല്‍കിയതില്‍ പലർക്കും ഭിന്നാഭിപ്രായം ആണ് ഉള്ളത്. എങ്ങനെ ഗൗരിയെ പോലുള്ളൊരാള്‍ ചേച്ചിക്ക് അവാർഡ് തരും എന്നൊക്കെയാണ്. സത്യം പറഞ്ഞാല്‍ ഗൗരിയാണോ ഗംഗയാണോ എന്നൊന്നും എനിക്ക് അറിയാൻ വയ്യ. ഒന്നര മണിവരെ വിശന്ന് പ്രാണൻ വെടിഞ്ഞിരിക്കുന്ന സമയത്താണ് ഞാൻ വെള്ളം കുടിക്കാൻ പോകുന്നത്. ആ സമയത്താണ് അനൗണ്‍സ് ചെയ്യുന്ന വിവരം ഞാന്‍ അറിഞ്ഞത്.
അവിടെ ഇന്ദ്രജിത്തിനെ ഞാൻ കണ്ടു. ഇവിടെ ഈ കുട്ടി അമ്പരന്ന് നില്‍ക്കുന്നതും കണ്ടു. സത്യത്തില്‍ ഇന്ദ്രൻ അവാർഡ് തന്നതായിട്ടാണ് എന്റെ ഓർമ. അതാണ് എനിക്ക് തോന്നുന്നത്. ഈ കുട്ടി എന്റെ പേര് അനൗണ്‍സ് ചെയ്തു. അതെനിക്കറിയാം. ആ കുട്ടി ആ സ്റ്റേജിലും ഉണ്ടായിരുന്നു. അവരല്ല എനിക്ക് അവാർഡ് തന്നത്. അതവർ മിസ്റ്റേക്കില്‍ പറഞ്ഞതാകും. എങ്ങനെയാണ് അവരത് മിസ്റ്റേക്കില്‍ പറഞ്ഞതെന്ന് അറിയില്ല. അവരൊരു സന്തോഷത്തിന്റെ പേരില്‍ പറഞ്ഞതാണെങ്കില്‍ അവരോട് ക്ഷമിക്കുക.
എനിക്ക് ശരിക്കും ഓർമയില്ലായിരുന്നു. ഞാനും തെറ്റിദ്ധരിച്ചാണ് സംസാരിച്ചത്. ഞാൻ പുറത്തുവന്ന് കഴിഞ്ഞപ്പോള്‍ എന്നോട് എപ്പോഴും ചോദിക്കുന്നത് പോലെ നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു. ഞാനും അതിനൊക്കെ മറുപടി പറഞ്ഞു. എട്ട് മണിക്ക് വന്നതാണവിടെ. തൊട്ടടുത്തുള്ള താജിലാണ് ഞാന്‍ താമസം. മോന്‍ അവിടെ ഒറ്റയ്ക്കായിരുന്നു. സംഘാടകര്‍ കുറച്ചു കൂടെ ടൈം മാനേജ് ചെയ്യണമായിരുന്നു. ഞാന്‍ പക്ഷേ പരാതിയൊന്നും പറയുന്നില്ല. ഫിലിംഫെയര്‍ അവാര്‍ഡ്കാര്‍ നമ്മളെക്കുറിച്ച് മോശം പറയരുതല്ലോ.
ഇന്ദ്രനൊക്കെ അത്രയും ക്ഷമയോടു കൂടി കാത്തിരുന്നു. അത്രയും എക്സ്പീരിയൻസുള്ള ആളാണ് ഇന്ദ്രൻ. അയാളെനിക്ക് അവാർഡ് തന്നതില്‍ എനിക്ക് അങ്ങേയറ്റം സന്തോഷമേ ഉള്ളൂ. ഗൗരി പറഞ്ഞത് മിസ്റ്റേക്കാണ്. ആരും അത് വിശ്വസിക്കരുത്...’’ എന്നാണ് ഈ വിഷയത്തില്‍ സുദീര്‍ഘമായി ഉര്‍വശി പറഞ്ഞ മറുപടി.
പാപ്പരാസിയുടെ ചോദ്യത്തിന് ആ വീഡിയോയ്ക്ക് താഴെ ഗൗരി നന്ദ മറുപടി പറഞ്ഞിരുന്നു. ‘വളച്ചൊടിച്ച് വാർത്ത ആക്കാൻ നോക്കിയ ആ ചേട്ടന് എന്റെ നന്ദി. ഓള്‍ ദി ബെസ്റ്റ് ഡിയർ...’ എന്നായിരുന്നു ഗൗരി നല്‍കിയ മറുപടി.
ഫിലിം ഫെയർ ആവാർഡ് സ്വീകരിച്ചിറങ്ങിയ ഉർവശിയോട് ഒരു ഓണ്‍ലൈൻ മീഡിയ പ്രവർത്തകൻ ചോദിച്ച ചോദ്യമാണ് വലിയ ചർച്ചകള്‍ക്ക് ഇടയാക്കിയത്. ‘ചേച്ചിയെ പോലെ ഒരാള്‍ക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് സന്തോഷത്തോടെ സ്വീകരിച്ചല്ലോ...’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
എന്നാല്‍ വളരെ തന്മയത്വത്തോടെയായിരുന്നു ഉർവശിയുടെ മറുപടി. ‘‘ക്യാമറയ്ക്ക് മുന്നില്‍ ആരാണ് വലുതും ചെറുതും? ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ. ഇപ്പോള്‍ വണ്‍ 2 ടോക്സിന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉർവശി.
പണ്ടൊരിക്കല്‍ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും തനിക്ക് അവാർഡ് നല്‍കിയത് കുഞ്ചാക്കോ ബോബൻ ആയിരുന്നു എന്നും തനിക്ക് അവാർഡ് തരാൻ പറ്റാത്ത രീതിയില്‍ അവർക്ക് വല്ല മാനക്കേടും ഉണ്ടെങ്കില്‍ ഗൗരിയെ പോലൊരാളില്‍ നിന്നും അവാർഡ് വാങ്ങിക്കാൻ തനിക്ക് ഒരു മാനക്കേടുമില്ലെന്നും ഉർവശി പറഞ്ഞു.
‘‘മുൻപൊരിക്കല്‍ ഒരു അവാർഡ് ദാന ചടങ്ങില്‍ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും എനിക്ക് അവാർഡ് തന്നത് ചാക്കോച്ചനാണ്. ഷീലാമ്മയ്ക്ക് അവാർഡ് കൊടുത്തപ്പോള്‍ അതേ മമ്മൂട്ടി കയറി വന്നു. എന്നിട്ട് എന്നെ ഇറങ്ങിപ്പാേകാൻ സമ്മതിച്ചില്ല. മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ഞാൻ വേണമായിരുന്നു താനും. മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ പറ്റാത്ത രീതിയില്‍ അവർക്ക് വല്ല മാനക്കേടും ഉണ്ടെങ്കില്‍ ഗൗരിയെ പോലൊരാളില്‍ നിന്നും അവാർഡ് വാങ്ങിക്കാൻ എനിക്കൊരു മാനക്കേടും ഇല്ല. അതിന്റെ പേരാണ് ഉർവശി.
ഗൗരിയെന്നയാള്‍ക്ക് എനിക്ക് അവാർഡ് തന്നൂടെ... അങ്ങനെ ഫിലിം ഫെയറിന്റെ വല്ല പ്രോട്ടോക്കോളും ഉണ്ടോ. ഇന്ദ്രജിത്ത് എന്ന ആളാവാം കാരണം... രാവണന്റെ മോൻ ആയതു കൊണ്ട്. ഇന്ദ്രജിത്ത് കൂടെയാണ് എനിക്ക് അവാർഡ് തന്നത് ആ പേര് വന്നില്ല.. ആരാണ് ആ ചോദ്യം ചോദിച്ചത്? ആ ചോദ്യം ചോദിച്ചയാളെ എനിക്ക് അറിയണം...’’ ഉർവശി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു കേരളത്തില്‍ ഫിലിംഫെയർ പുരസ്കാര നിശ നടന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഉർവശിയായിരുന്നു മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. നടൻ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നായിരുന്നു ഉർവശിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്.