-->
വെര്‍സിസ് ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലായ വെര്‍സിസ് X 300 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ അതിഗംഭീര ഡിസ്‌കൌണ്ട് ഓഫറുമായാണ് ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്. ഉടന്‍ ഈ ബൈക്ക് വാങ്ങാന്‍ എത്തുന്നവര്‍ക്ക് കമ്പനി ഒറിജിനല്‍ കവസാക്കി ആക്സസറികള്‍ക്കൊപ്പം ഫ്‌ലാറ്റ് ഡിസ്‌കൗണ്ടും നല്‍കുന്നുണ്ടെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെര്‍സിസ് X 300 അഡ്വഞ്ചറിന്റെ 2026 മോഡലുകള്‍ക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ഉപയോഗപ്പെടുത്താം. അങ്ങനെ 3.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ബേബി വെര്‍സിസ് നിങ്ങള്‍ക്ക് 3.29 ലക്ഷത്തിന് കൂടെക്കൂട്ടാനാവും.
ഈ വിലക്കുറവിനൊപ്പം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ ഫ്രീ സെന്റര്‍ സ്റ്റാന്‍ഡും ഒരു സെറ്റ് ഹാര്‍ഡ് പാനിയറുകളും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കവസാക്കി ഒരുക്കിയിട്ടുണ്ട്. പഴയ 2025 മോഡല്‍ ഇയറുകള്‍ക്കാണെങ്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താനാവുന്നതാണ്. ഇതേ ആക്സസറികള്‍ക്കൊപ്പം 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അങ്ങനെ വെര്‍സിസ് X 300 മോഡലിന്റെ വില 3.19 ലക്ഷം രൂപയായി കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഈ ഓഫറുകള്‍ കഴിഞ്ഞ മാസവും ലഭ്യമായിരുന്നുവെങ്കിലും ഫെബ്രുവരി അവസാനം വരെ നീട്ടിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കാന്‍ഡി ലൈം ഗ്രീന്‍ / മെറ്റാലിക് ഫ്‌ലാറ്റ് സ്പാര്‍ക്ക് ബ്ലാക്ക്, പേള്‍ ഹൊറൈസണ്‍ വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകള്‍ മാത്രമാണ് വെര്‍സിസ് X 300 അഡ്വഞ്ചര്‍ വിപണിയിലെത്തുന്നത്. ഡിസൈനിലേക്ക് നോക്കിയാല്‍ വെര്‍സിസിന്റെ വലിയ മോഡലുകളില്‍ കാണുന്ന അതേ ഡിസൈന്‍ ശൈലിയാണ് കുഞ്ഞന്‍ പതിപ്പും പിന്തുടര്‍ന്നിരിക്കുന്നത്. ടോള്‍ വിന്‍ഡ്സ്‌ക്രീന്‍, സിംഗിള്‍ പോഡ് ഹാലൊജന്‍ ഹെഡ്ലാമ്പ്, ടാങ്ക് എക്സ്റ്റന്‍ഷനുകളുള്ള വലിയ ഫ്യുവല്‍ ടാങ്ക്, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ് എന്നിവയാണ് 300 സിസി വെര്‍സിസിലെ ഫീച്ചറുകള്‍.
കൂടാതെ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് അഡ്വഞ്ചര്‍ ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗിയര്‍ പൊസിഷന്‍, ഫ്യുവല്‍ ഗേജ് ശ്രേണ ട്രിപ്പ് ഡാറ്റ എന്നിവയാണ് ഇതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നിഞ്ച 300 സ്‌പോര്‍ട്സ് ബൈക്കില്‍ നിന്നും കടമെടുത്ത 269 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍ ട്വിന്‍ എഞ്ചിനാണ് കവസാക്കി വെര്‍സിസ് X 300 അഡ്വഞ്ച ബൈക്കിന്റേയും ഹൃദയം. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 11,5000 ആര്‍പിഎമ്മില്‍ പരമാവധി 40 bhp കരുത്തും 10,000 ആര്‍പിഎമ്മില്‍ 25.7 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും. സസ്‌പെന്‍ഷനായി മുന്നില്‍ RSU ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സജ്ജീകരണവുമാണ് കവസാക്കി ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളാണ് കൊടുത്തിട്ടുള്ളത്.